Sub Lead

മാധ്യമ വിലക്കിനെതിരേ വ്യാപക പ്രതിഷേധം; വംശഹത്യയെ മറച്ചുപിടിക്കാനെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി

വിവിധയിടങ്ങളില്‍ പത്രപ്രവര്‍ത്തക യൂനിയന്റെ നേതൃത്വത്തില്‍ അര്‍ദ്ധ രാത്രിയിലും മാധ്യമ പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി. എസ്ഡിപിഐ, യൂത്ത് ലീഗ്, വെല്‍ഫെയര്‍പാര്‍ട്ടി തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തിലും റോഡ് ഉപരോധം ഉള്‍പ്പടേയുള്ള സമരം അരങ്ങേറി.

മാധ്യമ വിലക്കിനെതിരേ വ്യാപക പ്രതിഷേധം; വംശഹത്യയെ മറച്ചുപിടിക്കാനെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി
X

തിരുവനന്തപുരം: വാര്‍ത്താ ചാനലകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരേ സംസ്ഥാന വ്യാപക പ്രതിഷേധം. വിവിധയിടങ്ങളില്‍ പത്രപ്രവര്‍ത്തക യൂനിയന്റെ നേതൃത്വത്തില്‍ അര്‍ദ്ധ രാത്രിയിലും മാധ്യമ പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി. എസ്ഡിപിഐ, യൂത്ത് ലീഗ്, വെല്‍ഫെയര്‍പാര്‍ട്ടി തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തിലും റോഡ് ഉപരോധം ഉള്‍പ്പടേയുള്ള സമരം അരങ്ങേറി.


വംശഹത്യയെ മറച്ചുപിടിക്കാന്‍ സംഘ്പരിവാര്‍ മാധ്യമ സ്വാതന്ത്ര്യത്തെ കശാപ്പ് ചെയ്യുകയാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം കുറ്റപ്പെടുത്തി. മാധ്യമ സ്വാന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുന്ന സംഘ്പരിവാര്‍ ഭീകരതയാണ് രാജ്യത്ത് നടമാടിക്കൊണ്ടിരിക്കുന്നത്. തങ്ങള്‍ പറഞ്ഞത് മാത്രം പ്രസിദ്ധീകരിച്ചാല്‍ മതിയെന്ന ഫാഷിസ്റ്റ് വാഴ്ചയാണ് രാജ്യത്തുള്ളത്.

ഡല്‍ഹിയില്‍ വംശീയാതിക്രമങ്ങള്‍ക്ക് ആഹ്വാനം ചെയ്ത ബിജെപി നേതാക്കള്‍ക്കെതിരായ വാര്‍ത്ത നല്‍കിയതും കലാപത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ പുറത്തുകൊണ്ടുവരികയും ചെയ്തതിനുള്ള പ്രതികാരമായാണ് മീഡിയവണ്ണിനും ഏഷ്യാനെറ്റ് ന്യൂസിനും കേന്ദ്ര സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയത്. സംഘ്ഭീകര കാലത്തും നേരിനും സത്യത്തിനും ഒപ്പം ആര്‍ജവത്തോടെ നിലയുറപ്പിച്ച മാധ്യമ പ്രവര്‍ത്തകരോടൊപ്പം വെല്‍ഫെയര്‍ പാര്‍ട്ടി നിലകൊള്ളും. കേന്ദ്ര സര്‍ക്കാര്‍ ജനാധിപത്യാവകാശങ്ങളുടെ ശവക്കുഴി തോണ്ടുന്ന ഇത്തരം നീക്കങ്ങള്‍ക്കെതിരെ ജനാധിപത്യ സമൂഹം ശക്തമായി പ്രക്ഷോഭത്തിനിറങ്ങണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

വാര്‍ത്ത ചാനലുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ അര്‍ധരാത്രിയിലും വന്‍ പ്രതിഷേധം. ചാനലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ മോഡി സര്‍ക്കാറിനെതിരെയാണ് മലപ്പുറം ജില്ലയില്‍ എസ്ഡിപിഐ പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി.രാത്രി 10 മണിയോടടുത്ത് മലപ്പുറത്ത് എസ്ഡിപിഐ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. മക്കരപറമ്പും, വള്ളുവപ്രത്തും യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. പുത്തനത്താണി, പൊന്നാനി സിവി ജംങ്ങ്ഷനില്‍ ഹൈവെയില്‍ എസ്ഡിപിഐ പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയപ്പോള്‍ താനൂര്‍ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ രാത്രി 12 മണിക്ക് നൂറ് കണക്കിന് പ്രവര്‍ത്തകര്‍ താനൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ ഉപരോധിച്ചു. മലപ്പുറത്ത് മാധ്യമ പ്രവര്‍ത്തകര്‍ പന്തം കൊളുത്തി പ്രകടനം നടത്തി.

Next Story

RELATED STORIES

Share it