Sub Lead

കേരള സര്‍വകലാശാല സെനറ്റ്: വിസിയുടെ ലിസ്റ്റ് ഗവര്‍ണര്‍ വെട്ടി; സംഘപരിവാര സഹയാത്രികരെ തിരുകിക്കയറ്റി

പാനലില്‍ നിന്ന് മതന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ളവരെ തിരഞ്ഞുപിടിച്ച് ഒഴിവാക്കി സംഘപരിവാര്‍ ആഭിമുഖ്യമുള്ള രണ്ട് പേരുകള്‍ ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തത് തികച്ചും വിചിത്രമാണ്. കീഴ്‌വഴക്കങ്ങളില്‍നിന്നു വ്യത്യസ്തമായി പാനലിന് പുറത്തു നിന്ന് രണ്ടു പേരെ ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തത് പുറത്തുനിന്നുള്ള ആര്‍എസ്എസ് സമ്മര്‍ദ്ധത്തിന് വഴങ്ങിയാണെന്നു സിപിഎം ആരോപിച്ചു.

കേരള സര്‍വകലാശാല സെനറ്റ്: വിസിയുടെ ലിസ്റ്റ് ഗവര്‍ണര്‍ വെട്ടി; സംഘപരിവാര സഹയാത്രികരെ തിരുകിക്കയറ്റി
X

തിരുവനന്തപുരം: കേരള സര്‍വകലാശാല സെനറ്റിലേക്ക് നാമനിര്‍ദേശം ചെയ്ത സിപിഎം പ്രതിനിധികളെ വെട്ടിയ ഗവര്‍ണര്‍ പകരം രണ്ടു സംഘപരിവാര സഹയാത്രികരെ ഉള്‍പ്പെടുത്തി. സര്‍വകലാശാലയിലെ വിദൂര വിദ്യാഭ്യാസ വിഭാഗം മലയാളം പ്രഫ. ഡോ. എ എം ഉണ്ണിക്കൃഷ്ണന്‍, സര്‍വകലാശാലയ്ക്കു പുറത്തുനിന്നുള്ള പ്രതിനിധിയായി പാലോട് ബോട്ടാണിക്കല്‍ ഗാര്‍ഡനിലെ ശാസ്ത്രജ്ഞന്‍ വിനോദ് ടി ജി നായര്‍ എന്നിവരെയാണ് ഗവര്‍ണര്‍ തിരുകിക്കയറ്റിയത്. സര്‍വകലാശാല വൈസ് ചാന്‍സിലര്‍ നല്‍കിയ പട്ടികയില്‍നിന്ന് രണ്ടു പേരെ ഒഴിവാക്കിയാണ് ഇവരെ തിരുകിക്കയറ്റിയത്. സിപിഎം നോമിനികളായി നല്‍കിയ അഡ്വക്കറ്റ് ജി സുഗുണന്‍, ഷിജുഖാന്‍ എന്നിവരുടെ പേരുകളാണ് പട്ടികയില്‍ നിന്ന് ഗവര്‍ണര്‍ നീക്കിയത്. ഇതില്‍ ജി സുഗുണനെ അഭിഭാഷകരുടെ പ്രതിനിധിയായും ഷിജുഖാനെ കലാസാഹിത്യ പ്രതിനിധിയായുമായാണ് ശുപാര്‍ശ ചെയ്തിരുന്നത്. ഇരുവര്‍ക്കും അതാത് മേഖലകളില്‍ മുന്‍പരിചയമോ അനുഭവ സമ്പത്തോ ഇല്ലെന്നു പറഞ്ഞാണ് വെട്ടിയത്. നിരവധി വിഷയങ്ങളില്‍ പുസ്തകങ്ങള്‍ രചിച്ചിട്ടുള്ള മുന്‍ സിന്‍ഡിക്കേറ്റ് അംഗം ഷിജൂഖാന്‍, അഭിഭാഷകന്‍ ജി സുഗുണന്‍ എന്നിവരുടെ പേരുകളാണ് ഒഴിവാക്കിയത്. അക്കാദമിക് മേഖലയില്‍നിന്ന് രണ്ട്, കലാകായിക മേഖലയില്‍നിന്ന് ഒന്നു വീതം വിദ്യാര്‍ഥി പ്രതിനിധികളെയും വിവിധ മേഖലകളില്‍ നിന്ന് 12 പേരെയുമാണ് സെനറ്റിലേക്ക് ഗവര്‍ണര്‍ നിര്‍ദേശിച്ചത്. സാധാരണയായി സര്‍വകലാശാല വൈസ് ചാന്‍സലര്‍ നല്‍കുന്ന പട്ടിക അതേപടി അംഗീകരിക്കുകയാണ് കീഴ്‌വഴക്കം. എന്നാല്‍ ശുപാര്‍ശ ചെയ്യുന്നവരുടെ പ്രവൃത്തി പരിചയവും ബയോഡാറ്റയും പരിശോധിച്ച ശേഷം യോഗ്യതയില്ലെന്നു കണ്ടെത്തിയാണ് ഇരുവരെയും ഒഴിവാക്കിയതെന്നാണ് ഗവര്‍ണറുടെ വിശദീകരണം.

ഗവര്‍ണറുടെ നടപടിക്കെതിരേ സിപിഎം സംസ്ഥാന കമ്മിറ്റി പരസ്യപ്രതിഷേധവുമായി രംഗത്തെത്തി. കീഴ്‌വഴക്കങ്ങളില്‍നിന്നു വ്യത്യസ്തമായി പാനലിന് പുറത്തു നിന്ന് രണ്ടു പേരെ ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തത് പുറത്തുനിന്നുള്ള ആര്‍എസ്എസ് സമ്മര്‍ദ്ധത്തിന് വഴങ്ങിയാണെന്നു സിപിഎം ആരോപിച്ചു. പാനലില്‍ നിന്ന് മതന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ളവരെ തിരഞ്ഞുപിടിച്ച് ഒഴിവാക്കി സംഘപരിവാര്‍ ആഭിമുഖ്യമുള്ള രണ്ട് പേരുകള്‍ ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തത് തികച്ചും വിചിത്രമാണ്. സര്‍വകലാശാലയുടെ ചാന്‍സലര്‍ എന്ന നിലയില്‍ നിക്ഷിപ്തമായ ചുമതലകളെ രാഷ്ട്രീയ താല്‍പര്യത്തിന് വേണ്ടി ഉപയോഗപ്പെടുത്തുന്ന രീതിയാണ് ഗവര്‍ണറുടെ പക്ഷത്ത് നിന്നുണ്ടായത്. ഗവര്‍ണറുടെ ഉന്നത പദവിക്കു മങ്ങലേല്‍പ്പിച്ച നടപടിക്കെതിരേ ശക്തമായ പ്രതിഷേധം ജനാധിപത്യ വിശ്വാസികളില്‍ നിന്ന് ഉയര്‍ന്നുവരണമെന്ന് സിപിഎം വാര്‍ത്താകുറിപ്പില്‍ ആവശ്യപ്പെട്ടു.




Next Story

RELATED STORIES

Share it