Sub Lead

വിവാദം കനത്തതോടെ മുല്ലപ്പെരിയാര്‍ മരംമുറി ഉത്തരവ് റദ്ദാക്കി സര്‍ക്കാര്‍

മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. നിര്‍ണായക വിഷയം ഉദ്യോഗസ്ഥര്‍ സര്‍ക്കാരുമായി ആലോചിച്ചില്ലെന്നും സംസ്ഥാനത്തിന്റെ താത്പര്യം പരിഗണിക്കാതെയാണ് ഉത്തരവിറക്കിയതെന്നും മന്ത്രിസഭ വിലയിരുത്തി.

വിവാദം കനത്തതോടെ മുല്ലപ്പെരിയാര്‍ മരംമുറി ഉത്തരവ് റദ്ദാക്കി സര്‍ക്കാര്‍
X

തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ മരം മുറിക്കാന്‍ തമിഴ്‌നാടിന് അനുമതി നല്‍കിയ ഉത്തരവ് കേരളം റദ്ദാക്കി. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. നിര്‍ണായക വിഷയം ഉദ്യോഗസ്ഥര്‍ സര്‍ക്കാരുമായി ആലോചിച്ചില്ലെന്നും സംസ്ഥാനത്തിന്റെ താത്പര്യം പരിഗണിക്കാതെയാണ് ഉത്തരവിറക്കിയതെന്നും മന്ത്രിസഭ വിലയിരുത്തി. ഉത്തരവ് കേന്ദ്ര വനം, പരിസ്ഥിതി നിയമത്തിന് വിരുദ്ധമെന്നും യോഗം നിലപാടെടുത്തു.

ബേബി ഡാം ബലപ്പെടുത്താന്‍ പരിസരത്തെ 15 മരങ്ങള്‍ മുറിച്ചു മാറ്റുന്നതിനു കഴിഞ്ഞ വെള്ളിയാഴ്ച സംസ്ഥാന വനം വകുപ്പ് ചീഫ് വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍ തോമസ് പുറപ്പെടുവിച്ച ഉത്തരവ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ട് മരവിപ്പിച്ചിരുന്നു. സുപ്രിംകോടതിയുടെ പരിഗണനയിലുള്ള മുല്ലപ്പെരിയാര്‍ കേസില്‍ മരംമുറി ഉത്തരവ് തമിഴ്‌നാട് ആയുധമാക്കുമെന്ന് സര്‍ക്കാരിന് നിയമോപദേശം ലഭിച്ചിരുന്നു. ഇക്കാര്യം കൂടി പരിഗണിച്ചാണ് സര്‍ക്കാര്‍ നടപടി. ഒരു ഭാഗത്ത് പുതിയ ഡാം വേണമെന്ന് കേരളം ആവശ്യപ്പെടുന്നു. മറുഭാഗത്ത് നിലവിലെ ഡാം ശക്തിപ്പെടുത്താനുള്ള നീക്കങ്ങള്‍ നടത്തുന്നു. ഇത് തിരിച്ചടിയാകുന്ന നീക്കമാണെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു.

ഉത്തരവിറക്കിയതില്‍ കേരള സര്‍ക്കാരിനെ അഭിനന്ദിച്ചു മുഖ്യമന്ത്രി പിണറായി വിജയനു തമിഴ്‌നാട് മുഖ്യമന്ത്രി കത്തയച്ചപ്പോഴാണു വിവരം പുറത്തറിഞ്ഞത്.

ഈ മാസം ഒന്നിന് ജലവിഭവ അഡീഷനല്‍ ചീഫ് സെക്രട്ടറി ടി കെ ജോസ് ചേംബറില്‍ വിളിച്ച യോഗത്തിലാണു മരം മുറിക്കാന്‍ തമിഴ്‌നാടിന് അനുമതി നല്‍കിയത്. യോഗത്തിലെ നടപടിക്രമങ്ങള്‍ ഉത്തരവായി ഈ മാസം 5നു ബെന്നിച്ചന്‍ തോമസ് പുറത്തിറക്കി. ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറി കൂടിയായ ടി കെ ജോസിനും വനം വന്യജീവി പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേഷ് കുമാര്‍ സിന്‍ഹയ്ക്കും അന്നുതന്നെ ഇതേക്കുറിച്ചു ബെന്നിച്ചന്‍ കത്തും നല്‍കിയിരുന്നു.

Next Story

RELATED STORIES

Share it