Sub Lead

പ്രളയം: ജില്ലകള്‍ക്ക് 22.5 കോടി അടിയന്തര സഹായം; മലയോര മേഖലകളില്‍ രക്ഷാപ്രവര്‍ത്തനത്തിന് പ്രത്യേകപരിഗണന

സംസ്ഥാന ദുരന്തപ്രതികരണ നിധിയില്‍നിന്നാണ് 11 ജില്ലകള്‍ക്ക് തുക അനുവദിച്ചത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ പാലക്കാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ ജില്ലകള്‍ക്ക് രണ്ടുകോടി രൂപ വീതവും വയനാട് ജില്ലക്ക് ദുരിതബാധിതരെ മാറ്റിപ്പാര്‍പ്പിക്കാന്‍ 50 ലക്ഷം രൂപ ഉള്‍പ്പടെ രണ്ടരകോടി രൂപയുമാണ് അനുവദിച്ചത്.

പ്രളയം: ജില്ലകള്‍ക്ക് 22.5 കോടി അടിയന്തര സഹായം; മലയോര മേഖലകളില്‍ രക്ഷാപ്രവര്‍ത്തനത്തിന് പ്രത്യേകപരിഗണന
X

തിരുവനന്തപുരം: പ്രളയദുരന്ത പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് അടിയന്തരസഹായമായി 22.5 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചു. തുക അതത് ജില്ലാ കലക്ടര്‍മാര്‍ക്കാണ് അനുവദിച്ചത്. സംസ്ഥാന ദുരന്തപ്രതികരണ നിധിയില്‍നിന്നാണ് 11 ജില്ലകള്‍ക്ക് തുക അനുവദിച്ചത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ പാലക്കാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ ജില്ലകള്‍ക്ക് രണ്ടുകോടി രൂപ വീതവും വയനാട് ജില്ലക്ക് ദുരിതബാധിതരെ മാറ്റിപ്പാര്‍പ്പിക്കാന്‍ 50 ലക്ഷം രൂപ ഉള്‍പ്പടെ രണ്ടരകോടി രൂപയുമാണ് അനുവദിച്ചത്. സംസ്ഥാനത്തെ മഴക്കെടുതി അവലോകനം ചെയ്യുന്നതിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേര്‍ന്നു.


ദുരന്തം നേരിടാന്‍ സാധ്യമായ എല്ലാ സജ്ജീകരണങ്ങളും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. അതിതീവ്രമഴയുടെ സാഹചര്യത്തില്‍ പെരിയാര്‍, വളപട്ടണം പുഴ, കുതിരപ്പുഴ, കുറുമന്‍ പുഴ തുടങ്ങിയ നദികളില്‍ അപകടകരമായ രീതിയില്‍ ജലനിരപ്പുയര്‍ന്നിട്ടുണ്ട്. അത് ചൂണ്ടിക്കാട്ടി കേന്ദ്ര ജലകമ്മീഷന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അടുത്ത 24 മണിക്കൂറില്‍ അതിശക്തമായ മഴയാണ് പ്രവചിക്കുന്നത്. രാത്രിയോടെ ശക്തികുറഞ്ഞാലും മലയോരമേഖലകളില്‍ കനത്ത മഴ പെയ്യുമെന്ന മുന്നറിയിപ്പുണ്ട്. വടക്കന്‍ കേരളത്തില്‍ കൂടുതല്‍ ശക്തമായ കാറ്റും മഴയുമുണ്ടാവുമെന്നാണ് കാലാവസ്ഥാ പ്രവചനം. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് തീവ്രമായ മഴപെയ്യുന്നത്.

നാളെ കഴിഞ്ഞാല്‍ തീവ്രത കുറയും. ആഗസ്ത് 15 ന് വീണ്ടും കനത്ത മഴയുണ്ടാവാന്‍ സാധ്യതയുണ്ടെന്നും പ്രവചനമുണ്ട്. കടല്‍ പ്രക്ഷുബ്ധമാവാനും ഉയര്‍ന്ന തിരമാലകളുണ്ടാവാനും സാധ്യതയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. തീരദേശങ്ങളില്‍ അതീവജാഗ്രത പുലര്‍ത്തണം. ഇന്നലെ 24 ഇടത്ത് ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമുണ്ടായി. മലയോര മേഖലകളില്‍ അത് ഇനിയും തുടരുമെന്നാണ് സൂചനയുള്ളത്. അതുകൊണ്ട് ആ മേഖലയില്‍ പ്രത്യേകശ്രദ്ധ നല്‍കി ദുരിതാശ്വാസപ്രവര്‍ത്തനം നടത്തും. വയനാട്ടിലെ മേപ്പാടിയിലാണ് എറ്റവും വലിയ ഉരുള്‍പൊട്ടലുണ്ടായത്. രണ്ടുകുന്നുകള്‍ക്ക് ഇടയില്‍ വരുന്ന ഭാഗം മണ്ണൊലിച്ചുപോയതായാണ് കാണുന്നത്. മേപ്പാടിയിലേക്കുള്ള ഗതാഗതം പൂര്‍ണമായി തടസ്സപ്പെട്ടതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായിരിക്കുകയാണ്.

എന്‍ഡിആര്‍എഫ്, ഫയര്‍ഫോഴ്‌സ്, പോലിസ്, വനം വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരും രക്ഷാപ്രവര്‍ത്തകരും ഇപ്പോള്‍ മേപ്പാടിയിലുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനാവശ്യമായ യന്ത്രങ്ങള്‍ മേപ്പാടിയിലെത്തിക്കാന്‍ ശ്രമിക്കുകയാണ്. റോഡ് മാര്‍ഗം എത്തിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ യന്ത്രങ്ങള്‍ എയര്‍ഫോഴ്‌സിന്റെ സഹായത്തോടെ എയര്‍ലിഫ്റ്റ് ചെയ്യാന്‍ ആലോചിക്കുന്നുണ്ട്. ഉരുള്‍പൊട്ടലുണ്ടായ പുത്തുമലയുടെ മറുഭാഗത്തുള്ളവര്‍ ഒറ്റപ്പെട്ടുപോയതായി റിപോര്‍ട്ടുണ്ട്. അവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഉടനെ മാറ്റാനുള്ള നടപടി സ്വീകരിക്കും. മേപ്പാടി, നിലമ്പൂര്‍ എന്നീ മേഖലകളിലാണ് കൂടുതല്‍ പ്രശ്‌നങ്ങളുള്ളത്. ചാലക്കുടി പുഴയിലും ക്രമാതീതമായി വെള്ളമുയരാന്‍ സാധ്യതയുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it