Sub Lead

ദുരിതാശ്വാസ ക്യാംപില്‍ പണം പിരിവ്; സിപിഎം ലോക്കല്‍ കമ്മിറ്റി അംഗത്തെ സസ്‌പെന്‍ഡ് ചെയ്തു

ക്യാംപിലെ എല്ലാ ചെലവുകള്‍ക്കും സര്‍ക്കാര്‍ പണം നല്‍കുന്നുണ്ടെന്ന് ചേര്‍ത്തല തഹസില്‍ദാര്‍ വ്യക്തമാക്കി. ചേര്‍ത്തല തെക്ക് പഞ്ചായത്തിലെ പട്ടികജാതി വര്‍ഗ കോളനി നിവാസികളാണ് വെള്ളം കയറിയതിനെത്തുടര്‍ന്ന് ക്യാംപിലെത്തിയത്.

ദുരിതാശ്വാസ ക്യാംപില്‍ പണം പിരിവ്;  സിപിഎം ലോക്കല്‍ കമ്മിറ്റി അംഗത്തെ സസ്‌പെന്‍ഡ് ചെയ്തു
X
ആലപ്പുഴ: വീടുകളില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് ദുരിതാശ്വാസ ക്യാംപില്‍ അഭയംതേടിയവരില്‍ നിന്നും പണം പിരിച്ച സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം ഓമനക്കുട്ടനെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. സിപിഎം ചേര്‍ത്തല കുറുപ്പന്‍കുളങ്ങര ലോക്കല്‍ കമ്മിറ്റി അംഗമായ ഓമനക്കുട്ടനാണ് ചേര്‍ത്തല തെക്ക് പഞ്ചായത്തിലെ ദുരിതാശ്വാസ ക്യാംപില്‍ പണപ്പിരിവ് നടത്തിയത്. സിവില്‍ സപ്ലൈസ് ഡിപ്പോയില്‍ നിന്ന് ക്യാംപിലേക്ക് ഭക്ഷ്യസാധനങ്ങള്‍ കൊണ്ടുവരാനുള്ള വണ്ടിക്ക് വാടക നല്‍കുന്നതിന് വേണ്ടി എന്ന പേരിലായിരുന്നു പിരിവ്. ക്യാംപ് പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിറ്റി ഹാളിലേക്ക് സ്വകാര്യ വ്യക്തിയുടെ വീട്ടില്‍ നിന്നാണ് വൈദ്യുതി എടുത്തിരിക്കുന്നത് ഇതിനും ക്യാംപില്‍ ഉള്ളവര്‍ പിരിവ് നല്‍കണമെന്നും ഇയാള്‍ ക്യാംപിലുള്ളവരോട് പറഞ്ഞു. ദുരിതബാധിതരില്‍ നിന്ന് പണം പിരിച്ചത് വിവാദമായതോടെയാണ് സിപിഎം നടപടി.

ഉദ്യോഗസ്ഥര്‍ പണം നല്‍കാത്തത് കൊണ്ടാണ് പിരിവ് നടത്തിയതെന്നായിരുന്നു ഓമനക്കുട്ടന്റെ വിശദീകരണം. ദുരിതാശ്വാസ ക്യാംപില്‍ പുറത്തുനിന്നുള്ളവരുടെ ഇടപെടല്‍ വേണ്ടെന്നും എല്ലാ ക്യാംപുകളുടെയും നടത്തിപ്പ് പൂര്‍ണമായും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ചുമതലയിലാവണമെന്നും നേരത്തെ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

മുഖ്യമന്ത്രിയുടെ കര്‍ശനനിര്‍ദേശം നിലനില്‍ക്കേയാണ് സിപിഎം നേതാവിന്റെ നിര്‍ബന്ധിത പിരിവ്. ഇതിനെ ക്യാംപില്‍ ചിലര്‍ ചോദ്യം ചെയ്‌തെങ്കിലും ഇയാള്‍ പരസ്യമായിത്തന്നെ പണപ്പിരിവിന് മുതിരുകയായിരുന്നു. ദുരിതാശ്വാസക്യാംപില്‍ പണപ്പിരിവ് നടത്തിയെന്ന് ഓമനക്കുട്ടന്‍തന്നെ നേരിട്ട് സ്ഥിരീകരിച്ചിട്ടുണ്ട്.

അതേസമയം, ക്യാംപിലെ എല്ലാ ചെലവുകള്‍ക്കും സര്‍ക്കാര്‍ പണം നല്‍കുന്നുണ്ടെന്ന് ചേര്‍ത്തല തഹസില്‍ദാര്‍ വ്യക്തമാക്കി. ഇനി പണം പിരിക്കരുതെന്ന് പറഞ്ഞിട്ടുണ്ടെന്നും തഹസില്‍ദാര്‍ കൂട്ടിച്ചേര്‍ത്തു. ചേര്‍ത്തല തെക്ക് പഞ്ചായത്തിലെ പട്ടികജാതി വര്‍ഗ കോളനി നിവാസികളാണ് വെള്ളം കയറിയതിനെത്തുടര്‍ന്ന് ക്യാംപിലെത്തിയത്.

Next Story

RELATED STORIES

Share it