Sub Lead

കാട്ടാക്കട കെഎസ്ആര്‍ടിസി ആക്രമണക്കേസ്; സെക്യൂരിറ്റി ജീവനക്കാരന്‍ പിടിയില്‍, ആദ്യ അറസ്റ്റ്

സെക്യൂരിറ്റി ജീവനക്കാരനായ സുരേഷ് കുമാറാണ് അറസ്റ്റിലായത്. തിരുമല ചാടിയറയില്‍ നിന്നാണ് കാട്ടാക്കട ഡിവൈഎസ്പിയുടെ ഷാഡോ സംഘം ഇയാളെ അറസ്റ്റ് ചെയ്തത്.

കാട്ടാക്കട കെഎസ്ആര്‍ടിസി ആക്രമണക്കേസ്; സെക്യൂരിറ്റി ജീവനക്കാരന്‍ പിടിയില്‍, ആദ്യ അറസ്റ്റ്
X

തിരുവനന്തപുരം: കാട്ടാക്കടയില്‍ അച്ഛനേയും മകളേയും കെഎസ്ആര്‍ടിസി ജീവനക്കാര്‍ മര്‍ദ്ദിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. സെക്യൂരിറ്റി ജീവനക്കാരനായ സുരേഷ് കുമാറാണ് അറസ്റ്റിലായത്. തിരുമല ചാടിയറയില്‍ നിന്നാണ് കാട്ടാക്കട ഡിവൈഎസ്പിയുടെ ഷാഡോ സംഘം ഇയാളെ അറസ്റ്റ് ചെയ്തത്.

കെഎസ്ആര്‍ടിസി ജീവനക്കാര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതിന് പിന്നാലെയാണ് കേസിലെ ആദ്യത്തെ അറസ്റ്റ് രേഖപ്പെടുത്തുന്നത്. ആര്യനാട് ഡിപ്പോയിലെ സ്‌റ്റേഷന്‍ മാസ്റ്റര്‍ മുഹമ്മദ് ഷെരീഫ്, കാട്ടാക്കട ഡിപ്പോയിലെ സുരക്ഷാ ജീവനക്കാരന്‍ എസ് ആര്‍ സുരേഷ് കുമാര്‍, കണ്ടക്ടര്‍ എന്‍. അനില്‍കുമാര്‍, മെക്കാനിക്ക് അജി, ഓഫീസ് അസിസ്റ്റന്റ് മിലിന്‍ ഡോറിച്ച് എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് കോടതി ഇന്ന് തള്ളിയത്.

മകളുടെ മുന്നിലിട്ട് അച്ഛനെ ബന്ധനസ്ഥനാക്കി മര്‍ദ്ദിച്ച പ്രതികള്‍ ജാമ്യം അര്‍ഹിക്കുന്നില്ലെന്ന് നിരീക്ഷിച്ചാണ് തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി ആറ് പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്.

തെളിവായി സമര്‍പ്പിച്ച ദൃശ്യങ്ങളുമായി ഒത്തുനോക്കാന്‍ പ്രതികളുടെ ശബ്ദ സാംപിള്‍ ശേഖരിക്കാന്‍ കസ്റ്റഡിയില്‍ കിട്ടേണ്ടത് അത്യാവശ്യമാണെന്ന പ്രോസിക്യൂഷന്‍ വാദവും കോടതി അംഗീകരിച്ചു. അക്രമം നടന്ന് പന്ത്രണ്ട് ദിവസമായിട്ടും പ്രതികളെ പിടി കൂടാന്‍ പോലീസിനായിട്ടില്ല. ഒളിവിലുള്ള പ്രതികള്‍ കീഴടങ്ങിയേക്കുമെന്ന സൂചനയെ തുടര്‍ന്ന് കോടതി പരിസരത്ത് വന്‍ പോലിസ് സന്നാഹം എത്തിയിരുന്നു. കോടതി മുന്‍കൂര്‍ ജാമ്യം തള്ളിയതോടെ തിരച്ചില്‍ ശക്തമാക്കാന്‍ കാട്ടാക്കട പോലിസിന് നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്. നേരത്തെ കീഴടങ്ങാനുള്ള സംഘടനാ നിര്‍ദ്ദേശം അവഗണിച്ച പ്രതികള്‍ ഇനിയെന്ത് തീരുമാനിക്കാന്‍ നേതൃത്വത്തിന്റെ സഹായം തേടിയതായാണ് സൂചന.

ഈ മാസം 20ന് കണ്‍സെഷന്‍ പാസ് പുതുക്കാന്‍ എത്തിയപ്പോഴാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ ചേര്‍ന്ന് പ്രേമനനെയും മകളെയും മര്‍ദ്ദിച്ചത്.

Next Story

RELATED STORIES

Share it