Sub Lead

സീരിയല്‍ കില്ലര്‍ സയനൈഡ് മോഹന് മറ്റൊരു കൊലക്കേസില്‍ കൂടി ജീവപര്യന്തം

കാസര്‍കോട് പൈവളിഗെ സ്വദേശിനിയായ യുവതിയെ കര്‍ണാടകയിലെ മടിക്കേരിയിലെത്തിച്ച് സ്വര്‍ണാഭരണം കവര്‍ന്ന് കൊലപ്പെടുത്തിയ കേസിലാണ് ഇയാള്‍ക്ക് വീണ്ടുമൊരു ജീവപര്യന്തം തടവുശിക്ഷ കൂടി ലഭിച്ചത്.

സീരിയല്‍ കില്ലര്‍ സയനൈഡ് മോഹന് മറ്റൊരു കൊലക്കേസില്‍ കൂടി ജീവപര്യന്തം
X

മംഗളൂരു: യുവതികളെ വശീകരിച്ച് സയനൈഡ് നല്‍കി കൊലപ്പെടുത്തിയ ശേഷം ആഭരണവും പണവുമായി മുങ്ങുന്ന സീരിയല്‍ കില്ലര്‍ സയനൈഡ് മോഹന് 15ാമത്തെ കൊലപാതകക്കേസിലും ജീവപര്യന്തം തടവ്. കാസര്‍കോട് പൈവളിഗെ സ്വദേശിനിയായ യുവതിയെ കര്‍ണാടകയിലെ മടിക്കേരിയിലെത്തിച്ച് സ്വര്‍ണാഭരണം കവര്‍ന്ന് കൊലപ്പെടുത്തിയ കേസിലാണ് ഇയാള്‍ക്ക് വീണ്ടുമൊരു ജീവപര്യന്തം തടവുശിക്ഷ കൂടി ലഭിച്ചത്. മംഗളൂരു ആറാം നമ്പര്‍ അഡീഷനല്‍ സെഷന്‍സ് കോടതിയാണ് പ്രതിയെ ശിക്ഷിച്ചത്. കേരളത്തിലെയും കര്‍ണാടകത്തിലെയും 20 യുവതികളെയാണ് തന്റെ മോഹവലയത്തില്‍ പെടുത്തി നാടുകടത്തിയ ശേഷം സയനൈഡ് ചേര്‍ത്ത മരുന്ന് നല്‍കി ഇയാള്‍ കൊലപ്പെടുത്തിയത്.

അഞ്ച് കേസുകള്‍ വിചാരണയിലിരിക്കെ പ്രതിക്ക് വധശിക്ഷയടക്കമുള്ള ശിക്ഷ ഇതിനോടകം ലഭിച്ചിട്ടുണ്ട്. ദക്ഷിണ കന്നഡ ജില്ലയിലെ ബണ്ട്വാള്‍ കന്യാന സ്വദേശിയാണ് മോഹന്‍കുമാര്‍. പൈവളിഗെ സ്വദേശിനിയായ വിജയലക്ഷ്മിയെന്ന 26 കാരിയെ മടിക്കേരിയില്‍ എത്തിച്ച് സയനൈഡ് നല്‍കി കൊലപ്പെടുത്തിയ ശേഷം ആഭരണങ്ങള്‍ കവര്‍ന്നതായി കോടതിക്ക് ബോധ്യമായി. യുവതി പീഡിപ്പിക്കപ്പെട്ടു, ഇവരെ തട്ടിക്കൊണ്ടുപോയതാണ് തുടങ്ങിയ ആരോപണങ്ങള്‍ കോടതി തെളിവുകളുടെ അഭാവത്തില്‍ തള്ളി.

ഇന്‍ഷുറന്‍സ് കമ്പനി ജീവനക്കാരനായ സുധാകര്‍ എന്ന് പരിചയപ്പെടുത്തിയാണ് മോഹന്‍കുമാര്‍ യുവതിയുമായി ചങ്ങാത്തത്തിലായത്. ഒരു വീട്ടില്‍ വേലക്കാരിയായി ജോലി ചെയ്യുകയായിരുന്നു യുവതി. മടിക്കേരിയില്‍ ജോലി തരപ്പെടുത്തിക്കൊടുക്കാമെന്നു പറഞ്ഞ് 2006 മാര്‍ച്ച് 20ന് യുവതിയെ മംഗളൂരുവിലേക്കു വിളിച്ചുവരുത്തി. യുവതിക്കൊപ്പം വന്ന ബന്ധുവായ സ്ത്രീയെ മടക്കി അയച്ച ശേഷം ആ രാത്രി ഇരുവരും ഹോട്ടല്‍ മുറിയില്‍ ഒരുമിച്ച് താമസിച്ചുവെന്നാണ് പൊലിസ് കണ്ടെത്തല്‍. പിറ്റേന്ന് ക്ഷേത്രത്തില്‍ പോകാമെന്ന് പറഞ്ഞ് യുവതിയുമായി മടിക്കേരി ബസ് സ്റ്റാന്റിലെത്തിയ മോഹന്‍ കുമാര്‍, ഗര്‍ഭനിരോധന ഗുളികയെന്ന് തെറ്റിദ്ധരിപ്പിച്ച് സയനൈഡ് നല്‍കുകയായിരുന്നു. ബസ് സ്റ്റാന്റിലെ ശുചിമുറിയില്‍ പോയി ആരും കാണാതെ ഗുളിക കഴിക്കാനായിരുന്നു മോഹന്‍ ആവശ്യപ്പെട്ടത്. ഇതനുസരിച്ച യുവതി ശുചിമുറിയില്‍ രക്തം ഛര്‍ദ്ദിച്ച് മരിച്ചുവീണു. ഇതിന് പിന്നാലെ ഹോട്ടല്‍ മുറിയിലെത്തിയ മോഹന്‍, യുവതിയുടെ സ്വര്‍ണ്ണാഭരണങ്ങളും പണവും അപഹരിച്ച് കടന്നുകളഞ്ഞു.

മറ്റ് 19 കേസുകളിലും സമാനമായ രീതിയിലാണ് പ്രതി കൊലപാതകം നടത്തിയതെന്ന് അന്വേഷണ സംഘം കണ്ടെത്തി. ആദ്യമായി പിടിക്കപ്പെട്ടപ്പോള്‍ തന്നെ മോഹന്‍, അയാള്‍ കൊലപ്പെടുത്തിയ 18 കേസുകളെ കുറിച്ചുള്ള വിവരങ്ങള്‍ പൊലിസിനോട് പറഞ്ഞിരുന്നു. പൊലിസ് അന്വേഷണത്തില്‍ മറ്റ് രണ്ട് കേസുകള്‍ കൂടി തെളിഞ്ഞു. ഇതുവരെ വധശിക്ഷയടക്കം ആയുസ്സില്‍ അനുഭവിച്ചുതീര്‍ക്കാന്‍ സാധിക്കാത്തത്ര ജീവപര്യന്തം തടവിന് ഇയാള്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. അതേസമയം മോഹന്‍ കുമാര്‍ കൂടുതല്‍ കൊലപാതകം നടത്തിയിട്ടുണ്ടെന്നാണ് കര്‍ണാടക പൊലിസ് ഇപ്പോഴും സംശയിക്കുന്നത്.

കര്‍ണാടക പൊതുവിദ്യാഭ്യാസ വകുപ്പിലെ ഫിസിക്കല്‍ എജുക്കേഷന്‍ അധ്യപകനായിരുന്നു മോഹന്‍ കുമാര്‍. പിന്നീടാണ് പല പേരുകളില്‍ പല നാടുകളില്‍ പല ജോലിക്കാരനായി കൊലപാതകങ്ങള്‍ നടപ്പിലാക്കിയത്. ബരിമാരു ഗ്രാമവാസിയായിരുന്ന 22കാരിയായ അനിതയെ കാണാതായ കേസിലെ അന്വേഷണമാണ് പൊലിസിനെ പ്രതിയിലേക്ക് എത്തിച്ചത്. അനിതയുടെ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍, ഇത് മുന്‍പ് ഉപയോഗിച്ചിരുന്നത് മോഹനാണെന്ന് കണ്ടെത്തി. ഇരുവരും തമ്മില്‍ നിരവധി തവണ ഫോണില്‍ സംസാരിച്ചിട്ടുണ്ടെന്ന് വ്യക്തമായതോടെ മോഹനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. രണ്ട് ദിവസം നീണ്ട ചോദ്യം ചെയ്യലില്‍ പ്രതി നടത്തിയ വെളിപ്പെടുത്തലുകള്‍ കേട്ട് പൊലിസ് ഞെട്ടി.

താന്‍ കൊലപ്പെടുത്തിയെന്ന് സയനൈഡ് മോഹന്‍ സമ്മതിച്ച, 18 യുവതികളില്‍ നാല് പേര്‍ പ്രതിയുടെ നാട്ടുകാരാണ്. രണ്ട് പേര്‍ സുള്ള്യ, മൂന്ന് പേര്‍ പുത്തൂര്‍, ഒരാള്‍ മൂഡബിദ്രി, രണ്ട് പേര്‍ ബല്‍ത്തങ്ങാടി, ഒരാള്‍ മംഗളൂരു നിവാസികളായിരുന്നു. പത്ത് കൊലപാതകം നടന്നത് മൈസുരു ബസ് സ്റ്റാന്റിലാണ്. മൂന്ന് പേരെ മടിക്കേരി ബസ് സ്റ്റാന്റിലും രണ്ട് പേരെ ഹാസ്സന്‍ ബസ് സ്റ്റാന്റിലും രണ്ട് പേരെ ബംഗളുരുവിലെ ബസ് സ്റ്റാന്റിലും മറ്റൊരാളെ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിന് സമീപത്തും വച്ചാണ് കൊലപ്പെടുത്തിയത്. ലൗജിഹാദിനെ തുടര്‍ന്ന് കാണാതായതാണെന്ന് സംഘപരിവാരം ആരോപിച്ച പല സംഭവങ്ങളിലെയും യുവതികള്‍ മോഹന്റെ വലയില്‍പ്പെട്ടതാണെന്ന് പിന്നീട് വ്യക്തമായി.

മോഷണത്തിനും യുവതികളോട് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാനും വേണ്ടി മാത്രമാണ് താന്‍ കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്തതെന്നാണ് ഇയാള്‍ പൊലിസിനോട് പറഞ്ഞത്. മൂന്ന് തവണ വിവാഹിതനായിട്ടുള്ള പ്രതി, തന്റെ ആദ്യഭാര്യയില്‍ നിന്ന് വിവാഹമോചനം നേടിയിരുന്നു. രണ്ടാമത്തെയും മൂന്നാമത്തെയും ഭാര്യമാര്‍ വ്യത്യസ്ത വീടുകളിലാണ് താമസിക്കുന്നത്.

കാസര്‍കോട് മുള്ളേരിയ സ്വദേശിനി പുഷ്പ എന്ന 26 കാരിയാണ് ഇയാള്‍ കൊലപ്പെടുത്തിയ മറ്റൊരു മലയാളി. ബേബി നായക്(25), ശാരദ (24), കാവേരി (30), പുഷ്പ(26), വിനുത(24), ഹേമ (24), അനിത (22), യശോദ (26), സരോജിനി(27), ശശികല(28), സുനന്ദ (25), ലീലാവതി (32), ശാന്ത (35), വനിത (22), സുജാത (28) എന്നിവരടക്കം 18 കര്‍ണാടക സ്വദേശിനികളെ കൂടിയാണ് സയനൈഡ് മോഹന്‍ കൊലപ്പെടുത്തിയത്.

Next Story

RELATED STORIES

Share it