Latest News

ടി കെ ഗോവിന്ദനെ സിപിഎം പുറത്താക്കി

പാര്‍ട്ടിക്കെതിരെ പച്ച നുണയാണ് ടി കെ ഗോവിന്ദന്‍ പറഞ്ഞതെന്ന് കെ കെ രാഗേഷ്

ടി കെ ഗോവിന്ദനെ സിപിഎം പുറത്താക്കി
X

കണ്ണൂര്‍: മുതിര്‍ന്ന നേതാവും ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ ടി കെ ഗോവിന്ദനെ സിപിഎം പുറത്താക്കി. ജില്ലാ സെക്രട്ടറി കെ കെ രാഗേഷാണ് ഗോവിന്ദനെ പുറത്താക്കിയതായി പ്രഖ്യാപിച്ചത്. പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗീകരിച്ചതോടെയാണ് തീരുമാനം. പാര്‍ട്ടിക്കെതിരെ പച്ച നുണയാണ് ടി കെ ഗോവിന്ദന്‍ പറഞ്ഞതെന്നും അദ്ദേഹത്തിന്റേത് പാര്‍ലമെന്ററി അവസരവാദമാണെന്നും രാഗേഷ് പറഞ്ഞു. ടി കെ ഗോവിന്ദന് അധികാര മോഹം തലയ്ക്കു പിടിച്ചെന്നും എതിരാളികളുമായി ഒത്തുകളിച്ചെന്നും കെ കെ രാഗേഷ് ആരോപിച്ചു. ടി കെ ഗോവിന്ദന്‍ എക്‌സ് കമ്മ്യൂണിസ്റ്റ് ആണെന്നും രാഗേഷ് കുറ്റപ്പെടുത്തി.

പി കെ ശ്യാമളയുടെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് ഗോവിന്ദന്‍ ഉന്നയിച്ച വിമര്‍ശനങ്ങളും രാഗേഷ് തള്ളി. സ്ഥാനാര്‍ഥിത്വത്തിന്റെ അടിസ്ഥാനം ബന്ധുത്വം അല്ല. സംസ്ഥാന സെക്രട്ടറിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ അല്ല പാര്‍ട്ടി തീരുമാനം. ടി കെ ഗോവിന്ദന്‍ പി കെ ശ്യാമളയുടെ സ്ഥാനാര്‍ഥിത്വത്തെ നീചമായ രീതിയിലാണ് വിശേഷിപ്പിച്ചതെന്നും ബന്ധുത്വം പരിഗണിച്ചല്ല ശ്യാമളയെ സ്ഥാനാര്‍ഥിയാക്കിയതെന്നും രാഗേഷ് പറഞ്ഞു.

കണ്ണൂരില്‍ രണ്ട് വനിതാ സ്ഥാനാര്‍ഥികള്‍ വേണമെന്നാണ് പാര്‍ട്ടി നിശ്ചയിച്ചത്. അങ്ങനെ വരുമ്പോള്‍ സ്വാഭാവികമായി വരുന്ന പേരാണ് നേതാവായ പി കെ ശ്യാമളയുടേതെന്ന് രാഗേഷ് വ്യക്തമാക്കി. സംഘടനപരമായ നടപടികള്‍ പാലിച്ചാണ് പി കെ ശ്യാമളയെ സ്ഥാനാര്‍ഥിയാക്കിയത്. നിലവില്‍ തീരുമാനിച്ചിട്ടുള്ളവരെക്കാള്‍ യോഗ്യരായവര്‍ പുറത്ത് ഉണ്ടാകാം. പാര്‍ട്ടിക്ക് നല്‍കിയ സംഭാവന, ചുമതലകള്‍ എന്നിവ പരിഗണിച്ചാണ് സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നത്. പി കെ ശ്യാമളക്ക് 40 വര്‍ഷത്തെ കമ്മ്യൂണിസ്റ്റ് ബന്ധമുണ്ട്. പഠന കാലത്ത് എസ്എഫ്‌ഐയിലൂടെയാണ് അവര്‍ കടന്നു വന്നതെന്നും രാഗേഷ് പറഞ്ഞു.

നേതാക്കളുടെ ഭാര്യമാരും ബന്ധുക്കളും സ്ഥാനാര്‍ഥികളായിട്ടുണ്ട്. സംഘടനാ പ്രവര്‍ത്തനം കൂടി പരിഗണിച്ചാണ് തീരുമാനം. പി കെ ശ്യാമളക്ക് വിപുലമായ പ്രവര്‍ത്തനപരിചയമുണ്ട്. ടി കെ ഗോവിന്ദന്റെ പേര് നിര്‍ദേശിച്ചത് ടി കെ ഗോവിന്ദന്‍ തന്നെയാണെന്നും ടി കെ ഗോവിന്ദന് പാര്‍ലമെന്ററി അത്യാഗ്രഹമാണെന്നും കെ കെ രാഗേഷ് വിമര്‍ശിച്ചു.

Next Story

RELATED STORIES

Share it