Big stories

കര്‍ണാടക പ്രതിസന്ധി: ചൊവ്വാഴ്ച വരെ തീരുമാനമെടുക്കരുത്; തല്‍സ്ഥിതി തുടരണമെന്ന് സുപ്രിംകോടതി

കര്‍ണാടകയിലെ വിമത എംഎല്‍എമാരുടെ രാജിക്കാര്യത്തിലും എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന ജെഡിഎസ്, കോണ്‍ഗ്രസ് നേതൃത്വങ്ങളുടെ ആവശ്യത്തിലും ചൊവ്വാഴ്ച വരെ സ്പീക്കര്‍ തീരുമാനമെടുക്കരുതെന്ന് സുപ്രിംകോടതി നിര്‍ദേശിച്ചു.

കര്‍ണാടക പ്രതിസന്ധി: ചൊവ്വാഴ്ച വരെ തീരുമാനമെടുക്കരുത്; തല്‍സ്ഥിതി തുടരണമെന്ന് സുപ്രിംകോടതി
X

ന്യൂഡല്‍ഹി: കര്‍ണാടകയിലെ എംഎല്‍എമാരുടെ രാജിയെത്തുടര്‍ന്ന് ഉടലെടുത്ത രാഷ്ട്രീയപ്രതിസന്ധിയില്‍ തല്‍സ്ഥിതി തുടരണമെന്ന് സുപ്രിംകോടതി ഉത്തരവ്. കര്‍ണാടകയിലെ വിമത എംഎല്‍എമാരുടെ രാജിക്കാര്യത്തിലും എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന ജെഡിഎസ്, കോണ്‍ഗ്രസ് നേതൃത്വങ്ങളുടെ ആവശ്യത്തിലും ചൊവ്വാഴ്ച വരെ സ്പീക്കര്‍ തീരുമാനമെടുക്കരുതെന്ന് സുപ്രിംകോടതി നിര്‍ദേശിച്ചു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് ഹരജികള്‍ പരിഗണിച്ചത്.

ചട്ടം 190 (3) ബി അടക്കം, സ്പീക്കറുടെ അധികാരങ്ങളെക്കുറിച്ച് വിശദീകരിക്കുന്ന എല്ലാ ഭരണഘടനപരമായ വിഷയങ്ങളും വിശദമായി പരിശോധിക്കും. തല്‍സ്ഥിതി തുടരാനും സുപ്രിംകോടതിയുടെ നിര്‍ദേശം. വിമത എംഎല്‍എമാരുടെ ഹരജിയില്‍ ചൊവ്വാഴ്ച വിശദമായ വാദം കേള്‍ക്കുമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. കഴിഞ്ഞദിവസം ഹരജി പരിഗണിച്ച സുപ്രിംകോടതി എംഎല്‍എമാരോട് സ്പീക്കറെ നേരില്‍ക്കണ്ട് രാജിനല്‍കാന്‍ നിര്‍ദേശിച്ചിരുന്നു. ഇതിനുശേഷമാണ് കേസില്‍ രണ്ടാംദിവസവും വാദംനടന്നത്.

രാജി നല്‍കിയ എംഎല്‍എമാര്‍ അയോഗ്യതാ നടപടികള്‍ നേരിടുന്നവരാണെന്നായിരുന്നു സ്പീക്കര്‍ക്കുവേണ്ടി ഹാജരായ മനു അഭിഷേക് സിങ്‌വിയുടെ വാദം. ആദ്യം എംഎല്‍എമാരെ അയോഗ്യരാക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാമെന്നും ഇദ്ദേഹം കോടതിയെ അറിയിച്ചു. എംഎല്‍എമാര്‍ നിലപാട് മാറ്റിക്കൊണ്ടിരിക്കുന്നു. സ്പീക്കറെ കാണുന്നത് സംബന്ധിച്ച് അവര്‍ കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണ്. ഗവര്‍ണര്‍ക്ക് രാജി സമര്‍പ്പിച്ചതിന് പിന്നാലെ എട്ടുപേരെ അയോഗ്യരാക്കി നോട്ടീസ് നല്‍കിയിരുന്നു. സ്പീക്കര്‍ക്ക് രാജി നല്‍കുന്നതിന് മുമ്പായിരുന്നു ഇത്. സ്പീക്കറെ കണ്ട് രാജി സമര്‍പ്പിച്ചിട്ടില്ലെന്നും ഗവര്‍ണറെ കണ്ട് രാജിനല്‍കിയെന്നും അവര്‍ കഴിഞ്ഞദിവസം സമ്മതിച്ചിരുന്നു.

അയോഗ്യരാക്കുന്ന നടപടി ഒഴിവാക്കനാണ് എംഎല്‍എമാരുടെ ലക്ഷ്യം. ഭരണഘടനയുടെ 190ാം അനുച്ഛേദവുമായി ബന്ധപ്പെട്ട കേസാണെന്നും സ്പീക്കറെ അപകീര്‍ത്തിപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും സിങ്‌വി ചൂണ്ടിക്കാട്ടി. എന്നാല്‍, സ്പീക്കര്‍ കോടതിയുടെ അധികാരത്തെ വെല്ലുവിളിക്കുകയാണോ എന്നായിരുന്നു കോടതിയുടെ മറുചോദ്യം. രാജിയില്‍ തീരുമാനമെടുക്കാത്ത സ്പീക്കറെ കോടതിയില്‍ ഹാജരാക്കണമെന്നും സ്പീക്കര്‍ക്കെതിരേ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നും എംഎല്‍എമാര്‍ക്കുവേണ്ടി ഹാജരായ മുകുള്‍ റോത്തഗിയും ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it