Sub Lead

കണ്ണൂര്‍ കാക്കാന്‍ ശ്രീമതി, 'കൈ'യുയര്‍ത്താന്‍ ആര്...?;

നിര്‍ണായക ശക്തിയാവാന്‍ എസ് ഡിപിഐ

കണ്ണൂര്‍ കാക്കാന്‍ ശ്രീമതി, കൈയുയര്‍ത്താന്‍ ആര്...?;
X

കണ്ണൂര്‍: മണ്ണും മനസ്സും ചുവന്നതിനാല്‍ സിപിഎം കോട്ടയെന്നു വിശേഷിപ്പിക്കപ്പെടുന്ന ജില്ലയാണ് കണ്ണൂര്‍. ഒട്ടനവധി രാഷ്ട്രീയ-തൊഴിലാളി നേതാക്കള്‍ക്ക് ജന്‍മം നല്‍കി പോറ്റിവളര്‍ത്തിയ നാട്. ചെങ്കോട്ടയെന്ന് വിശേഷിപ്പിക്കുമ്പോഴും പേരില്‍ കണ്ണൂരുള്ള കോര്‍പറേഷന്‍, നിയമസഭ, ലോക്‌സഭ മണ്ഡലങ്ങളില്‍ ചെങ്കൊടി പാറിക്കാന്‍ അല്‍പകാലം മുമ്പ് വരെ കഴിഞ്ഞിരുന്നില്ല. പ്രത്യേകിച്ച്, ലോക്‌സഭയില്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ തേരോട്ടകാലത്ത്. എല്ലാകാലത്തും പേരിനു പ്രതിപക്ഷം മാത്രമുള്ള ജില്ലാ പഞ്ചായത്താണ് ഇതിനൊരപവാദം.


എന്നാല്‍, ഇപ്പോള്‍ ചിത്രം ഏറെക്കുറെ മാറിയിരിക്കുന്നു. ചരിത്രത്തിലാദ്യമായി കണ്ണൂര്‍ കോര്‍പറേഷന്‍ ഭരണം. രാമചന്ദ്രന്‍ കടന്നപ്പള്ളി പോലും ഞെട്ടിപ്പോയ അപ്രതീക്ഷിത ജയത്തിലൂടെ കണ്ണൂര്‍ നിയമസഭാ മണ്ഡലവും ചുവന്നു. ഏറെക്കുറെ പൂര്‍ണമായും ചുവപ്പിച്ചത് സിപിഎമ്മിന്റെ അടിത്തറയുടെ ബലം തന്നെയാണ്. വീണ്ടുമൊരു തിരഞ്ഞെടുപ്പ് അടുത്തെത്തുമ്പോള്‍ ഭാഗ്യപരീക്ഷണം നടത്താതെ എല്‍ഡിഎഫ് തങ്ങളുടെ സിറ്റിങ് എംപി പി കെ ശ്രീമതിയെ തന്നെ പ്രഖ്യാപിച്ച് ഒരുമുഴം മുമ്പേ എറിഞ്ഞു. കഴിഞ്ഞ അഞ്ചുവര്‍ഷം നടത്തിയ വികസനനേട്ടങ്ങള്‍ തന്നെയാണ് തുറുപ്പുചീട്ട്. കോണ്‍ഗ്രസിലാവട്ടെ, കെപിസിസി വര്‍ക്കിങ് പ്രസിഡന്റായി സംസ്ഥാന നേതൃത്വത്തില്‍ ശക്തനായ കെ സുധാകരന്‍ വീണ്ടുമെത്തുമോയെന്ന് ഉറപ്പിച്ചിട്ടില്ല. കണ്ണൂരിന്റെ കൈക്കരുത്ത് സുധാകരനാണെന്ന് തിരിച്ചറിയുന്ന നേതൃത്വം അദ്ദേഹത്തെ തിരിച്ചുകൊണ്ടുവരാനാണ് സാധ്യത. സുധാകരന്‍ അങ്കത്തിനിറങ്ങുന്നില്ലെങ്കില്‍ എ പി അബ്ദുല്ലക്കുട്ടിയെയോ ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനിയെയോ ആണ് പരിഗണിക്കുക. മോദിപ്രഭാവം മങ്ങിയ സാഹചര്യത്തില്‍ ബിജെപിയാവട്ടെ സ്ഥാനാര്‍ഥി നിര്‍ണയം പോലും നടത്തിയിട്ടില്ല. കഴിഞ്ഞ തവണ അര ലക്ഷത്തിലേറെ വോട്ട് നേടിയ പി സി മോഹനന്‍ ഇക്കുറിയുണ്ടാവില്ല. ജയപരാജയങ്ങള്‍ നിര്‍ണയിക്കുന്നതില്‍ കഴിഞ്ഞ വര്‍ഷത്തേതെന്ന പോലെ ഇക്കുറിയും നിര്‍ണായക സ്വാധീനമാവാന്‍ കച്ചകെട്ടിയിറങ്ങിയ എസ്ഡിപിഐ സംസ്ഥാനത്തെ ആദ്യ ആറു സ്ഥാനാര്‍ഥികള്‍ പ്രഖ്യാപിച്ചപ്പോള്‍ കണ്ണൂരും ഉള്‍പ്പെട്ടിട്ടുണ്ട്. പാര്‍ട്ടി ദേശീയ സമിതിയംഗം കെ കെ അബ്്ദുല്‍ ജബ്ബാര്‍ തന്നെയാണ് ഇത്തവണയും ജനവിധി തേടുന്നത്. ഏതായാലും കേരളരാഷ്ട്രീയത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന കണ്ണൂരില്‍ ഇക്കുറി പോരാട്ടം തീപാറുമെന്നുറപ്പാണ്.

ലോക്‌സഭയിലെ കണ്ണൂരിന്റെ ചരിത്രം


തിരുകൊച്ചിയുടെ ഭാഗമായിരുന്നപ്പോള്‍ 1951ല്‍ എ കെ ഗോപാലനിലൂടെ സിപിഎമ്മിന്റെ കൈയിലായിരുന്നു കണ്ണൂര്‍. 1977ല്‍ സിപിഐയുടെ സി കെ ചന്ദ്രപ്പനാണു ജയിച്ചുകയറിയത്. 1980ല്‍ കെ കുഞ്ഞമ്പുവിലൂടെ കോണ്‍ഗ്രസ് പാളയത്തിലെത്തിയ മണ്ഡലം പിന്നീട് കണ്ടത് മുല്ലപ്പള്ളിയുടെ തേരോട്ടമായിരുന്നു. 1984, 1989, 1991, 1996, 1998 തിരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി അഞ്ചുതവണയാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍ കണ്ണൂരിന്റെ മണ്ണിലൂടെ പാര്‍ലിമെന്റിലെത്തിയത്. 1999ല്‍ സിപിഎം യുവനേതാവായ എ പി അബ്ദുല്ലക്കുട്ടിയിലൂടെയാണ് മുല്ലപ്പള്ളിയുടെ അശ്വമേധത്തിനു തടയിട്ടത്. 2004 അബ്ദുല്ലക്കുട്ടി ജയം ആവര്‍ത്തിച്ചതോടെ മുല്ലപ്പള്ളി കളംവിട്ടു.

എന്നാല്‍, മണ്ഡലം ചുവപ്പിച്ച സിപിഎമ്മിനു അതേ അബ്ദുല്ലക്കുട്ടിയെ കോണ്‍ഗ്രസിലെത്തിച്ച് കെ സുധാകരന്‍ ഒപ്പം കൊണ്ടുപോയത് കണ്ണൂര്‍ ലോക്‌സഭാ മണ്ഡലം കൂടിയായിരുന്നു. രണ്ടാം യുപിഎ സര്‍ക്കാരിനെതിരായ ജനവികാരം മുതലെടുത്ത് പി കെ ശ്രീമതിയിലൂടെ 2014ല്‍ മണ്ഡലം സിപിഎം പിടിച്ചെടുത്തു. കരുത്തനായ കെ സുധാകരന് അടിപതറിയപ്പോള്‍ നിര്‍ണായകമായത് പല ഘടകങ്ങളുമാണ്. കന്നി അങ്കത്തിനിറങ്ങിയ എസ്ഡിപിഐ നേടിയ 19170 വോട്ടുകളും സുധാകരന്റെ അപരന്‍മാരും ജാതി സമവാക്യങ്ങളുമെല്ലാം ശ്രീമതിക്ക് തുണയായപ്പോള്‍ വെറും 6566 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണു ജയിച്ചുകയറിയത്.

നിയമസഭാ മണ്ഡലങ്ങള്‍ വിധി നിര്‍ണയിക്കും


മണ്ഡല പുനര്‍നിര്‍ണയത്തിനു ശേഷം ജില്ലയിലെ തളിപ്പറമ്പ്, ഇരിക്കൂര്‍, അഴീക്കോട്, കണ്ണൂര്‍, മട്ടന്നൂര്‍, ധര്‍മ്മടം, പേരാവൂര്‍ നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് കണ്ണൂര്‍ ലോക്‌സഭാ മണ്ഡലം. ഇതില്‍ ഇരിക്കൂറും അഴീക്കോടും പേരാവൂരും യുഡിഎഫ് എംഎല്‍എമാരുള്ളത്. മലയോര മേഖലയായ ഇരിക്കൂറില്‍ കോണ്‍ഗ്രസിന്റെ കെ സി ജോസഫും പേരാവൂരില്‍ അഡ്വ. സണ്ണി ജോസഫും അഴീക്കോട് മുസ്‌ലിംലീഗിന്റെ കെ എം ഷാജിയും. മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധര്‍മടം, ജെയിംസ് മാത്യു പ്രതിനിധീകരിക്കുന്ന തളിപ്പറമ്പ്, വ്യവസായ മന്ത്രി ഇ പി ജയരാജന്റെ മട്ടന്നൂര്‍ എന്നിവയാണ് ഇടത്‌കോട്ടകള്‍. പിണറായി സര്‍ക്കാരിന്റെ ഭരണനേട്ടവും എംപിയെന്ന നിലയില്‍ പി കെ ശ്രീമതി നടപ്പാക്കിയ വികസനനേട്ടങ്ങളും തന്നെയാവും എല്‍ഡിഎഫിന്റെ പ്രചാരണവിഷയം. എല്ലാ മണ്ഡലങ്ങളിലും എംഎല്‍എമാരുടെ പ്രവര്‍ത്തനം ലോക്‌സഭയിലേക്കുള്ള വോട്ടാക്കി മാറ്റാന്‍ ഇരുമുന്നണികളും ശ്രമിക്കും. ശബരിമല വിഷയം നേട്ടമാക്കാമെന്ന് ബിജെപി ധരിക്കുന്നുണ്ട്. എന്നാല്‍, മോദിക്കു തിളക്കം തട്ടിയത് പ്രചാരണത്തെയും ബാധിക്കുമെന്നുറപ്പാണ്. ആര്‍എസ്എസിനു മോശമല്ലാത്ത സംഘടനാസംവിധാനം ഉണ്ടായിട്ടും ജില്ലയില്‍ കാര്യമായി വേരുറപ്പിക്കാന്‍ ബിജെപിക്കു കഴിയാത്തത് ഗ്രൂപ്പിസം കാരണം തന്നെയാണ്. കന്നിയങ്കത്തില്‍ തന്നെ മികച്ച വോട്ടുനിലയുമായി അവഗണിക്കാനാവാത്ത ശക്തിയായി മാറിയ എസ്ഡിപിഐ ഇത്തവണയും നിര്‍ണായകമാവും. യഥാര്‍ത്ഥ ബദലിന് എസ്ഡിപിഐയ്ക്ക് വോട്ട് ചെയ്യുക എന്ന മുദ്രാവാക്യം തന്നെ ഇടതുവലതു മുന്നണികളെ വിചാരണ ചെയ്യുന്നതാണ്.

ആരാവും നേര്‍ക്കുനേര്‍...?; എന്തൊക്കെയാവും പ്രചാരണം

ചെങ്കോട്ടയെന്ന പേരുവീണതിനാല്‍ തന്നെ കേരളം ഉറ്റുനോക്കുന്ന മണ്ഡലമാണ് കണ്ണൂര്‍. സിപിഎമ്മാവട്ടെ സിറ്റിങ് എംപി, മുന്‍ ആരോഗ്യമന്ത്രി, ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാവ്, പാര്‍ട്ടിയിലെ കരുത്തുറ്റ വനിതകളിലൊരാള്‍ തുടങ്ങിയ കഴിവുകള്‍ ഉള്‍ക്കൊണ്ട് പി കെ ശ്രീമതിയെ നിലനിര്‍ത്തി പ്രചാരണം തുടങ്ങി. കോണ്‍ഗ്രസില്‍ ചിത്രം വ്യക്തമായിട്ടില്ല. സുധാകരന്‍ സമ്മതിക്കുകയും നേതൃത്വം പച്ചക്കൊടി കാണിക്കുകയും ചെയ്താല്‍ വേറൊരാളാവില്ല. എന്നാല്‍, കഴിഞ്ഞ തവണ തോല്‍ക്കുകയും നിയമസഭയില്‍ കണ്ണൂര്‍ വിട്ട് ഉദുമയില്‍ പോയി അവിടെയും പരാജയപ്പെട്ട സ്ഥിതിക്ക് വീണ്ടുമൊരു തോല്‍വി കെ സുധാകരന് ക്ഷീണം ചെയ്യും. അതിനാല്‍ തന്നെ കരുതലോടെയാവും നീങ്ങുക. അങ്ങനെയെങ്കില്‍ രണ്ടുപേരുകളാണ് ഉയര്‍ന്നുവന്നിട്ടുള്ളത്. എ പി അബ്ദുല്ലക്കുട്ടിയും ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനിയും. പാച്ചേനി ഇതുവരെ നിന്ന നിയമസഭാ തിരഞ്ഞെടുപ്പിലെല്ലാം തോല്‍വിയറിഞ്ഞയാളാണ്. അബ്ദുല്ലക്കുട്ടിയാവട്ടെ പഴയ പാര്‍ട്ടിയിലെ അടുപ്പമുള്ള ശ്രീമതിയോട് ഏറ്റുമുട്ടാന്‍ വെമ്പല്‍ കൊള്ളുന്നുണ്ടെങ്കിലും സരിത കേസ് ഉള്‍പ്പെടെയുള്ളവയില്‍ പ്രതിസ്ഥാനത്തായതോടെ ജില്ലാ കോണ്‍ഗ്രസില്‍ ഇമേജ് ഇടിഞ്ഞിരിക്കുകയാണ്. പുതിയൊരു സ്ഥാനാര്‍ഥിയെ കൊണ്ടുവന്നാലും അല്‍ഭുതപ്പെടാനില്ല. ബിജെപിക്കും ജില്ലക്കാരായ നിരവധി പ്രമുഖരുണ്ടെങ്കിലും വോട്ട് വര്‍ധിപ്പിക്കുകയെന്നതിലുപരിയായി ഒരു നേട്ടവുമില്ലെന്നതിനാല്‍ ആരും താല്‍പര്യപ്പെടുന്നില്ല. സംസ്ഥാന നേതൃത്വത്തിനു വിട്ടുകൊടുക്കുകയാണ് പതിവ്. എസ്ഡിപിഐ രംഗത്തിറക്കിയ കെ കെ അബ്്ദുല്‍ജബ്ബാര്‍ മണ്ഡലത്തില്‍ സുപരിചിതനാണ്. പാപ്പിനിശ്ശേരി സ്വദേശിയായ അബ്ദുല്‍ ജബ്ബാര്‍ രാഷ്ട്രീയ-മത-സാമൂഹിക-സാംസ്‌കാരിക രംഗങ്ങളില്‍ നിറസാന്നിധ്യമാണ്.


ഏതായാലും തീപാറും പോരാട്ടത്തില്‍ എതിരാളികളെ കിട്ടുന്ന വിധത്തിലെല്ലാം മലര്‍ത്തിയടിക്കാന്‍ ആരും ശ്രമിക്കും. പി കെ ശ്രീമതി റെയില്‍വേ ഉള്‍പ്പെടെയുള്ള വികസനം ഉയര്‍ത്തിക്കാട്ടുമ്പോള്‍ പെര്‍ഫോമന്‍സിന്റെ കണക്കുവച്ച് നേരിടാനാണു യുഡിഎഫ് നീക്കം. ശക്തനായ സ്ഥാനാര്‍ഥിയെ നിര്‍ത്തിയാല്‍ ശ്രീമതിയെ തോല്‍പിക്കാമെന്ന യുഡിഎഫ് കണക്കുകൂട്ടലിനും വിവിധ കാരണങ്ങളുണ്ട്. എല്‍ഡിഎഫ് പ്രചാരണത്തിന്റെ നെടുംതൂണായി നില്‍ക്കാറുള്ള സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍ വടകരയില്‍ മല്‍സരിക്കുന്നത് കണ്ണൂരിലെ ഇടതുപാളയത്തില്‍ പ്രചാരണത്തെ ദുര്‍ബലമാക്കും. എന്തുവില കൊടുത്തും ജയരാജനെ ജയിപ്പിക്കാന്‍, യുവാക്കള്‍ ഇപ്പഴേ രംഗത്തിറങ്ങിയത് ശ്രീമതിക്ക് തിരിച്ചടിയായേക്കും. സുധാകരനാണെങ്കില്‍ ശബരിമല വിഷയത്തിലെ നിലപാടുകള്‍ തുണക്കുമെന്നാണു വിലയിരുത്തല്‍. കഴിഞ്ഞ തവണ നായര്‍ വോട്ടുകള്‍ ലക്ഷ്യമിട്ടാണ് ശ്രീമതിയെ സിപിഎം സ്ഥാനാര്‍ഥിയാക്കിയത്. ഇത്തവണ അതെല്ലാം സുധാകരന്‍ സ്ഥാനാര്‍ഥിയായാല്‍ പെട്ടിയിലാക്കാമെന്നു കരുതുന്നവരേറെയാണ്. അബ്ദുല്ലക്കുട്ടിയാണെങ്കില്‍ ന്യൂനപക്ഷ വോട്ടുകള്‍ കുറേയേറെ കൈപ്പത്തിക്ക് ലഭിക്കുമെന്നും കണക്കുകൂട്ടലുണ്ട്. ഏതായാലും സംസ്ഥാനത്തെ ശ്രദ്ധാമണ്ഡലമായി ഇക്കുറിയും കണ്ണൂരുണ്ടാവുമെന്നുറപ്പാണ്.
Next Story

RELATED STORIES

Share it