Sub Lead

'ഗുജറാത്തില്‍നിന്ന് വര്‍ത്തമാന കാലത്ത് നീതി പ്രതീക്ഷിക്കുന്നില്ല'; രാഹിലുന്റെ അപ്പീല്‍ തള്ളിയതില്‍ രൂക്ഷപ്രതികരണവുമായി കെ സി വേണുഗോപാല്‍

ഗുജറാത്തില്‍നിന്ന് വര്‍ത്തമാന കാലത്ത് നീതി പ്രതീക്ഷിക്കുന്നില്ല; രാഹിലുന്റെ അപ്പീല്‍ തള്ളിയതില്‍ രൂക്ഷപ്രതികരണവുമായി കെ സി വേണുഗോപാല്‍
X

ന്യൂഡല്‍ഹി: മോദി വിരുദ്ധ പരാമര്‍ശവുമായി ബന്ധപ്പെട്ട അപകീര്‍ത്തിക്കേസില്‍ രാഹുല്‍ ഗാന്ധിയുടെ അപ്പീല്‍ ഗുജറാത്ത് ഹൈക്കോടതി തള്ളിയതില്‍ രൂക്ഷപ്രതികരണവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ഗുജറാത്തില്‍നിന്ന് വര്‍ത്തമാന കാലത്ത് നീതി പ്രതീക്ഷിക്കുന്നില്ലെന്നും ഹരജി തള്ളിയതില്‍ അതിശയമില്ലെന്നും അദ്ദേഹം പറഞ്ഞു. ശിക്ഷാവിധിക്കെതിരെ സുപ്രിം കോടതിയെ സമീപിക്കുമെന്നും പാര്‍ട്ടി നേതൃത്വം അറിയിച്ചു. രാഹുലിന്റെ അപ്പീല്‍ തള്ളിയതിനു പിന്നാലെ എഐസിസി ആസ്ഥാനത്ത് വന്‍ പ്രതിഷേധവുമായി പ്രവര്‍ത്തകര്‍ ഒത്തുകൂടി. അതേസമയം, ഗുജറാത്ത് ഹൈക്കോടതിയുടെ വിധി സ്വാഗതം ചെയ്യുന്നതായി പരാതിക്കാരനായ ബിജെപി എംഎല്‍എ പൂര്‍ണേഷ് മോദി പ്രതികരിച്ചു. രാഹുല്‍ സ്ഥിരമായി ഇത്തരം തെറ്റുകള്‍ ആവര്‍ത്തിക്കുന്നുവെന്ന ഹൈക്കോടതി നിരീക്ഷണത്തിന്റെ പശ്ചാത്തലത്തില്‍, അക്കാര്യത്തില്‍ രാഹുല്‍ തന്നെ ശ്രദ്ധിക്കണമെന്നും പൂര്‍ണേഷ് മോദി ചൂണ്ടിക്കാട്ടി. വിധിയില്‍ ഇടപെടാന്‍ ഹൈക്കോടതി വിസമ്മതിച്ചതോടെ, എംപി സ്ഥാനത്തുനിന്നുള്ള രാഹുലിന്റെ അയോഗ്യത തുടരും. മാത്രമല്ല, അടുത്ത വര്‍ഷത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ മല്‍സരിക്കാനുമാവില്ല.

2019 ലോക്‌സഭാ പ്രചാരണത്തിനിടെ കര്‍ണാകയിലെ കോലാറില്‍ നടത്തിയ പരാമര്‍ശത്തിന്റെ പേരിലാണ് ബിജെപി എംഎല്‍എയും മുന്‍ ഗുജറാത്ത് മന്ത്രിയുമായ പൂര്‍ണേഷ് മോദി രാഹുല്‍ ഗാന്ധിക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. ലളിത് മോദി, നീരവ് മോദി തുടങ്ങിയവരെ പരാമര്‍ശിച്ച്, എല്ലാ കള്ളന്മാര്‍ക്കും മോദി എന്ന പേരുള്ളത് എന്തുകൊണ്ടെന്ന് രാഹുല്‍ ഗാന്ധി ചോദിച്ചതാണ് കേസിന് ആധാരം. മാര്‍ച്ച് 23ന് സൂറത്തിലെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി രാഹുലിനെ ശിക്ഷിച്ചതോടെ എംപി സ്ഥാനം അയോഗ്യനാക്കപ്പെട്ടിരുന്നു.

Next Story

RELATED STORIES

Share it