Big stories

ജോസ് കെ മാണിയുടെ ചെയര്‍മാന്‍ പദവിക്ക് സ്റ്റേ; ഓഫിസ് ഉപയോഗിക്കരുതെന്ന് കോടതി

ജോസ് കെ മാണി വിഭാഗത്തോട് എതിര്‍ത്തുനില്‍ക്കുന്ന സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഫിലിപ്പ് സ്റ്റീഫന്‍, മനോഹര്‍ നടുവിലേടത്ത് എന്നിവര്‍ ചെയര്‍മാന്‍ തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് നല്‍കിയ ഹരജിയിലാണ് കോടതി സ്‌റ്റേ അനുവദിച്ചത്.

ജോസ് കെ മാണിയുടെ ചെയര്‍മാന്‍ പദവിക്ക് സ്റ്റേ; ഓഫിസ് ഉപയോഗിക്കരുതെന്ന് കോടതി
X

ഇടുക്കി: ജോസ് കെ മാണി എംപിയെ കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാനായി തിരഞ്ഞെടുത്ത ഒരുവിഭാഗത്തിന്റെ നടപടി കോടതി സ്‌റ്റേ ചെയ്തു. തൊടുപുഴ മുന്‍സിഫ് കോടതിയുടേതാണ് നടപടി. ജോസ് കെ മാണി വിഭാഗത്തോട് എതിര്‍ത്തുനില്‍ക്കുന്ന സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഫിലിപ്പ് സ്റ്റീഫന്‍, മനോഹര്‍ നടുവിലേടത്ത് എന്നിവര്‍ ചെയര്‍മാന്‍ തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് നല്‍കിയ ഹരജിയിലാണ് കോടതി സ്‌റ്റേ അനുവദിച്ചത്. ചെയര്‍മാന്‍ എന്ന നാമം പേരിനൊപ്പം ഔദ്യോഗികമായി ഉപയോഗിക്കരുതെന്ന് ഉത്തരവില്‍ കോടതി വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് കമ്മീഷന് പദവി ഉപയോഗിച്ച് കത്തയക്കരുത്. ചെയര്‍മാന്റെ ഓഫിസ് ഉപയോഗിക്കാന്‍ പാടില്ലെന്നും അച്ചടക്ക നടപടി പോലുള്ള പാര്‍ട്ടി നടപടികളെടുക്കാന്‍ പാടില്ലെന്നും കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു. ജൂലൈ 17 വരെ ഒരുമാസത്തേക്കാണ് കോടതി സ്‌റ്റേ അനുവദിച്ചിരിക്കുന്നത്. അതിനിടെ, ജോസ് കെ മാണി കേരള കോണ്‍ഗ്രസ് എമ്മിന്റെ ചെയര്‍മാനാണെന്ന് കാണിച്ച് ഒരുവിഭാഗം തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കിയിട്ടുണ്ട്. സംസ്ഥാന കമ്മിറ്റിയിലെ 325 അംഗങ്ങളുടെ പിന്തുണ ജോസിനുണ്ടെന്ന് വ്യക്തമാക്കി മുതിര്‍ന്ന അംഗം കെ ഐ ആന്റണിയാണ് കത്ത് നല്‍കിയിരിക്കുന്നത്. ഞായറാഴ്ച കോട്ടയത്ത് സംസ്ഥാന കമ്മിറ്റി ചേര്‍ന്നാണ് ജോസ് കെ മാണിയെ പാര്‍ട്ടി ചെയര്‍മാനായി ഒരുവിഭാഗം തിരഞ്ഞെടുത്തത്.

പിന്നാലെ പി ജെ ജോസഫ് വിഭാഗം ഇത് ചോദ്യം ചെയ്ത് രംഗത്തുവരികയായിരുന്നു. സംസ്ഥാന കമ്മിറ്റി വിളിക്കാന്‍ വര്‍ക്കിങ് ചെയര്‍മാന് മാത്രമേ അധികാരമുള്ളൂ എന്നും പാര്‍ട്ടി ഭരണഘടന അനുസരിച്ചല്ല ജോസ് കെ മാണി വിഭാഗം യോഗം വിളിച്ചതെന്നുമായിരുന്നു ജോസഫ് വിഭാഗത്തിന്റെ വാദം. വിഷയത്തില്‍ ഏത് നിയമപോരാട്ടതിനും തയ്യാറാണെന്നും പാര്‍ട്ടി പിളര്‍ന്നിട്ടില്ലെന്നും കോടതി ഉത്തരവിനോട് ജോസ് കെ മാണി പ്രതികരിച്ചു. കോടതി ഉത്തരവ് ലഭിച്ചിട്ടില്ല. അത് കൈയില്‍ കിട്ടിയ ശേഷം തുടര്‍നടപടികള്‍ സംബന്ധിച്ച് ആലോചിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍, ജോസ് കെ മാണിയെ ചെയര്‍മാനായി തിരഞ്ഞെടുപ്പ് യോഗത്തില്‍ സംസ്ഥാന കമ്മിറ്റി അംഗങ്ങളൊന്നും പങ്കെടുത്തിട്ടില്ലെന്നായിരുന്നു പി ജെ ജോസഫിന്റെ വിശദീകരണം. ഭൂരിപക്ഷം അംഗങ്ങളും യോഗത്തില്‍ പങ്കെടുത്തിട്ടില്ല. കുറെ ആളുകള്‍ ചേര്‍ന്ന് ജോസ് കെ മാണിയെ ചെയര്‍മാനായി തിരഞ്ഞെടുക്കുകയായിരുന്നു. അത് നിലനില്‍ക്കില്ലെന്നാണ് കോടതി പറഞ്ഞത്. ചെയര്‍മാനെന്ന പേര് ഔദ്യോഗികമായി ഉപയോഗിക്കുന്നത് കോടതി വിലക്കിയിട്ടുണ്ടെന്നും പി ജെ ജോസഫ് കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it