Sub Lead

'ക്രിസ്ത്യന്‍ വ്യവസായിയെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ സഭ പിന്തുണയ്ക്കും': കാനം രാജേന്ദ്രന് ബിഷപ്പിന്റെ കത്ത്

കഞ്ചിക്കോട്ടെ ക്രിസ്ത്യന്‍ വ്യവസായിയായ ഐസക് വര്‍ഗീസിനെ സ്ഥാനാര്‍ത്ഥിയാക്കാനാണ് ശുപാര്‍ശ.

ക്രിസ്ത്യന്‍ വ്യവസായിയെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ സഭ പിന്തുണയ്ക്കും: കാനം രാജേന്ദ്രന് ബിഷപ്പിന്റെ കത്ത്
X

പാലക്കാട്: മണ്ണാര്‍ക്കാട് നിയോജക മണ്ഡലത്തില്‍ ക്രിസ്ത്യന്‍ വ്യവസായിയെ സിപിഐ സ്ഥാനാര്‍ത്ഥിയാക്കാന്‍ ശുപാര്‍ശ ചെയ്ത് ബിഷപ്പിന്റെ കത്ത്. പാലക്കാട് ബിഷപ് മാര്‍ ജേക്കബ് മനത്തോടത്താണ് സിപിഐ സ്ഥാനാര്‍ത്ഥിയെ ശുപാര്‍ശ ചെയ്ത് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് കത്ത് നല്‍കിയത്. കഞ്ചിക്കോട്ടെ ക്രിസ്ത്യന്‍ വ്യവസായിയായ ഐസക് വര്‍ഗീസിനെ സ്ഥാനാര്‍ത്ഥിയാക്കാനാണ് ശുപാര്‍ശ.

നേരത്തെ സിപിഐ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു പോന്ന മണ്ഡലമായിരുന്ന മണ്ണാര്‍ക്കാട് കഴിഞ്ഞ തവണ യുഡിഎഫ് പിടിച്ചെടുത്തിരുന്നു. ഐസക് തങ്ങളുടെ സമുദായത്തിലെ ബഹുമാനിക്കപ്പെടുന്ന പ്രധാന വ്യക്തിയാണെന്നും ഇത്തവണ അദ്ദേഹത്തെ സ്ഥാനാര്‍ത്ഥിയാക്കണമെന്നും അങ്ങനെയെങ്കില്‍ സഭ പിന്തുണയ്ക്കുമെന്നും അദ്ദേഹത്തിന് വിജയ സാധ്യതയുണ്ടെന്നും ബിഷപ്പ് കത്തില്‍ അവകാശപ്പെടുന്നുണ്ട്. അതേസമയം, സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടില്ലെന്നും സംസ്ഥാന നേതൃത്വത്തിന് ലഭിച്ച ശുപാര്‍ശ കത്തിനെക്കുറിച്ച് അറിവില്ലെന്നുമാണ് സിപിഐ ജില്ലാ നേതൃത്വം മാധ്യമങ്ങളോട് പ്രതികരിച്ചത്. ബിഷപ്പുമായി ബന്ധപ്പെട്ട വൃത്തങ്ങളും കത്തിനെ കുറിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നാല്‍ മത്സരിക്കാനുള്ള താല്‍പര്യമറിയിച്ച് ഐസക് വര്‍ഗീസ് മുന്നോട്ട് വന്നിട്ടുണ്ട്. സഭാ വിശ്വാസിയായതിനാലാണ് ബിഷപ്പ് കത്ത് കൊടുത്തത്. കാനം രാജേന്ദ്രന് കത്ത് താന്‍ തന്നെയാണ് കൈമാറിയതെന്നും അദ്ദേഹം പറഞ്ഞതായാണ് റിപ്പോര്‍ട്ട്.

Next Story

RELATED STORIES

Share it