Sub Lead

ഇസ്മായിൽ ഹനിയ ഖത്തറിൽ; നെതന്യാഹുവിനെ വിളിച്ച് ബൈഡൻ

ജറുസലേം തലസ്ഥാനമായുള്ള ഫലസ്തീന്‍ രാജ്യത്തില്‍ കുറഞ്ഞതൊന്നും ഫലസ്തീനികള്‍ സ്വീകരിക്കില്ലെന്നും ഇസ്മായിൽ പറഞ്ഞു.

ഇസ്മായിൽ ഹനിയ ഖത്തറിൽ; നെതന്യാഹുവിനെ വിളിച്ച് ബൈഡൻ
X

ദോഹ: ഫലസ്തീന് നേരെയുള്ള ഇസ്രായേൽ അധിനിവേശം ശക്തിപ്പെട്ടതിനെ തുടർന്ന് രൂപപ്പെട്ട സംഘർഷം രൂക്ഷമായതിന് പിന്നാലെ ഖത്തര്‍ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഹമാസ് തലവന്‍ ഇസ്മായിൽ ഹനിയ. ദോഹയില്‍ വെച്ചാണ് കൂടിക്കാഴ്ച നടന്നത്. ഗാസ മുനമ്പിലെ സംഘര്‍ഷം, ശൈഖ് ജറായിലെ കുടിയൊഴിപ്പിക്കല്‍, അല്‍ അഖ്‌സ മസ്ജിദിൽ നടന്ന ആക്രമണം തുടങ്ങിയ വിഷയങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തു.

ഇസ്രായേല്‍ ആക്രമണത്തിനെതിരേ അന്താരാഷ്ട്ര സമൂഹം ഉണരേണ്ടതുണ്ടെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രി ചര്‍ച്ചയില്‍ പറഞ്ഞു. ഫലസ്തീനൊപ്പം നില്‍ക്കുന്നതില്‍ ഖത്തറിനോട് ഇസ്മായിൽ നന്ദി പറഞ്ഞു. ഇസ്രായേല്‍ ആക്രണണത്തില്‍ 150 പേര്‍ ഇതിനോടകം കൊല്ലപ്പെട്ടു. ഇതില്‍ 39 കുട്ടികളും ഉള്‍പ്പെടുന്നു. അല്‍ ജസീറ, അസോസിയേറ്റഡ് പ്രസ് മാധ്യമ ഓഫീസുകള്‍ പ്രവര്‍ത്തിച്ച കെട്ടിടവും ഗസയില്‍ ഇന്നലെ നടന്ന വ്യോമാക്രമണത്തിലൂടെ തകർത്തു.

ഹമാസും ഇസ്രായേല്‍ സേനയും ആക്രമണത്തില്‍ നിന്ന് പിന്നോട്ട് പോവണമെന്ന് യുഎന്‍ നിര്‍ദേശിച്ചു. അല്‍ ജസീറ, അസോസിയേറ്റഡ് പ്രസ് ഓഫീസുകൾ തകര്‍ത്ത സംഭവത്തില്‍ തുര്‍ക്കി പ്രതിഷേധം രേഖപ്പെടുത്തി. ഇസ്രായേലിന്റെ നടപടി അഭിപ്രായ സ്വാതന്ത്രം ഇല്ലാതാക്കലാണെന്നും കൂട്ടക്കൊലകളും യുദ്ധ കുറ്റകൃത്യങ്ങളും ഇസ്രായേല്‍ തുടരുകയാണെന്നും തുര്‍ക്കി പ്രസിഡന്റിന്റെ കമ്മ്യൂണിക്കേഷന്‍ ഡയരക്ടര്‍ ട്വീറ്റ് ചെയ്തു.

ഇന്നലെ നടന്ന റോക്കറ്റ് ആക്രമണത്തിനു പിന്നാലെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ ഫോണില്‍ വിളിച്ച് സംസാരിച്ചു. സംഘര്‍ഷം കനക്കുന്നതില്‍ ബൈഡന്‍ ആശങ്ക രേഖപ്പെടുത്തി. ഇസ്രായേലിനുള്ള പിന്തുണ ആവര്‍ത്തിക്കുകയും അതേസമയം മാധ്യമ ഓഫീസുകള്‍ക്കെതിരേ നടന്ന ആക്രമണത്തില്‍ ആശങ്ക രേഖപ്പെടുത്തുകയും ചെയ്തതായി വൈറ്റ് ഹൗസ് ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായും ജോ ബൈഡന്‍ സംസാരിച്ചു. അധികാരമേറ്റ ശേഷം ആദ്യമായാണ് ബൈഡന്‍ ഇദ്ദേഹവുമായി സംസാരിക്കുന്നത്. ഹമാസ് ഭരിക്കുന്ന ഗസയില്‍ ഫലസ്തീന്‍ പ്രസിഡന്റിന് അധികാരമില്ല. യുഎസ് ഔദ്യോഗിക ചര്‍ച്ചകള്‍ ഹമാസുമായി നടത്താറില്ല. ഈ സാഹചര്യത്തിലാണ് ഫലസ്തീന്‍ പ്രസിഡന്റുമായി ബൈഡന്‍ സംസാരിച്ചത്.

സംഘര്‍ഷങ്ങളുടെ പശ്ചാചത്തലത്തില്‍ യുഎന്‍ സുരക്ഷാ സമിതി ഇന്ന് യോഗം ചേരും. അതേസമയം ആക്രമണത്തില്‍ നിന്ന് പിന്നോട്ടേക്കില്ലെന്നാണ് നെതന്യാഹു ശനിയാഴ്ചയും ആവര്‍ത്തിച്ചത്. ആവശ്യമുള്ള സമയത്തോളം വ്യോമാക്രമണം തുടരുമെന്നും നെതന്യാഹു പറഞ്ഞു. ഈ ഏറ്റുമുട്ടലിന്റെ കുറ്റബോധം വഹിക്കുന്നത് ഞങ്ങളല്ല. ഞങ്ങളെ ആക്രമിക്കുന്നവരാണെന്ന് നെതന്യാഹു പറഞ്ഞു.

ഹമാസ് പ്രതിരോധത്തില്‍ നിന്ന് പിന്നോട്ട് പോവില്ലെന്ന് ഇസ്മായിൽ ഹനിയ ഖത്തറില്‍ നടന്ന റാലിയില്‍ പറഞ്ഞു. പ്രതിരോധമാണ് ജറുസലേമിലേക്കുള്ള എളുപ്പ വഴി, ജറുസലേം തലസ്ഥാനമായുള്ള ഫലസ്തീന്‍ രാജ്യത്തില്‍ കുറഞ്ഞതൊന്നും ഫലസ്തീനികള്‍ സ്വീകരിക്കില്ലെന്നും ഇസ്മായിൽ പറഞ്ഞു.

Next Story

RELATED STORIES

Share it