Sub Lead

യുഎസ് സൈന്യത്തിന് രാജ്യത്ത് തുടരാന്‍ അനുമതിയില്ല: നിലപാട് കടുപ്പിച്ച് ഇറാഖ്

അടുത്തിടെ അനുമതിയില്ലാതെ രാജ്യത്ത് പ്രവേശിച്ച യുഎസ് സൈനിക നടപടിക്കെതിരേ തന്റെ സര്‍ക്കാര്‍ എല്ലാ അന്താരാഷ്ട്ര നിയമ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

യുഎസ് സൈന്യത്തിന് രാജ്യത്ത് തുടരാന്‍ അനുമതിയില്ല: നിലപാട് കടുപ്പിച്ച് ഇറാഖ്
X

ബഗ്ദാദ്: വടക്കുകിഴക്കന്‍ സിറിയയില്‍ നിന്ന് പിന്മാറുന്ന യുഎസ് സൈനികര്‍ക്ക് ഇറാഖില്‍ തുടരാന്‍ അനുമതിയില്ലെന്ന് പ്രധാനമന്ത്രി ആദില്‍ അബ്ദുല്‍ മഹ്ദി. അടുത്തിടെ അനുമതിയില്ലാതെ രാജ്യത്ത് പ്രവേശിച്ച യുഎസ് സൈനിക നടപടിക്കെതിരേ തന്റെ സര്‍ക്കാര്‍ എല്ലാ അന്താരാഷ്ട്ര നിയമ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

യുഎസ് പ്രതിരോധ സെക്രട്ടറി മാര്‍ക്ക് എസ്പറിന്റെ അപ്രതീക്ഷിത സന്ദര്‍ശനത്തിനു പിന്നാലെയാണ് ബാഗ്ദാദ് തങ്ങളുടെ നിലപാട് വ്യക്തമാക്കി മുന്നോട്ട് വന്നത്. സിറിയന്‍ പ്രദേശത്ത് നിന്ന് പിന്മാറുന്ന യുഎസ് സേനയ്ക്ക് ഇറാഖില്‍ തുടരാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ലെന്നും മഹ്ദി വ്യക്തമാക്കി.

സാര്‍വദേശീയ തലത്തില്‍ നിയമനടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി തങ്ങള്‍ ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്. യുഎസ് നടപടിക്കെതിരേ അന്താരാഷ്ട്ര സമൂഹവും യുഎന്നും നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതു പ്രകാരം സിറിയയില്‍നിന്നു പിന്‍മാറുന്ന യുഎസ് സൈനികരുടെ ഭാവിയെക്കുറിച്ച് യുഎസ്, ഇറാഖി ഉദ്യോഗസ്ഥര്‍ പരസ്പരവിരുദ്ധമായ അഭിപ്രായ പ്രകടനങ്ങള്‍ നടത്തിയതിനു തൊട്ടുപിന്നാലെയാണ് മഹദി നിലപാട് വ്യക്തമാക്കി മുന്നോട്ട് വന്നത്.

സിറിയയില്‍ നിന്ന് പിന്‍വാങ്ങുന്ന 700 ഓളം സൈനികര്‍ ഐഎസ് വിരുദ്ധ പോരാട്ടത്തിനായി ഇറാഖില്‍ തങ്ങുമെന്ന യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി പ്രസ്താവിച്ചതിനു പിന്നാലെ ഇറാഖില്‍ തുടരാന്‍ യുഎസ് സേനയ്ക്ക് അനുമതിയില്ലെന്ന് ഇറാഖ് സൈന്യം ചൊവ്വാഴ്ച വ്യക്തമാക്കിയിരുന്നു.

2014ല്‍ ഐഎസ് മുന്നേറ്റത്തെതുടര്‍ന്ന് യുഎസും ഇറാഖും ഉണ്ടാക്കിയ ധാരണപ്രകാരം നിലവില്‍ 5000ത്തോളം യുഎസ് സൈനികര്‍ ഇറാഖിലുണ്ട്. പടിഞ്ഞാറന്‍ ഇറാഖിലെ ഐന്‍ അല്‍ അസദിലേക്ക് സൈന്യം മടങ്ങിവരുമെന്നും അവിടെ നിന്ന് ഐഎസിനെതിരായ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും യുഎസ് വൃത്തങ്ങള്‍ സൂചിപ്പിച്ചിരുന്നു. ഇതാണ് ഇറാഖിനെ ചൊടിപ്പിച്ചതെന്ന് അല്‍ ജസീറ റിപോര്‍ട്ട് ചെയ്യുന്നു.

സിറിയയില്‍ നിന്ന് അയല്‍രാജ്യമായ ഇറാഖിലേക്ക് പിന്മാറുന്ന യുഎസ് സൈന്യം നാലാഴ്ചയ്ക്കകം രാജ്യം വിടുമെന്ന് ഇറാഖ് പ്രതിരോധ മന്ത്രി നജാ അല്‍ഷമ്മരി പറഞ്ഞു. ഇറാഖിലേക്ക് എത്തുന്ന യുഎസ് സൈനികര്‍ കുവൈത്തിലേക്കോ ഖത്തറിലേക്കോ അല്ലെങ്കില്‍ യുഎസിലേക്കോ പോകുമെന്നും ഷമ്മരി അസോസിയേറ്റഡ് പ്രസ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

Next Story

RELATED STORIES

Share it