Sub Lead

ഇറാഖില്‍ പാട്രിയറ്റ് മിസൈലുകള്‍ വിന്യസിച്ച് യുഎസ്; മുന്നറിയിപ്പുമായി ഇറാന്‍

കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്നതിനിടെ പശ്ചിമേഷ്യയെ യുഎസ് ദുരന്തത്തിലേക്ക് നയിക്കുകയാണെന്ന് ഇറാന്‍ കുറ്റപ്പെടുത്തി.

ഇറാഖില്‍ പാട്രിയറ്റ് മിസൈലുകള്‍ വിന്യസിച്ച് യുഎസ്; മുന്നറിയിപ്പുമായി ഇറാന്‍
X

തെഹ്‌റാന്‍: ഇറാഖില്‍ പാട്രിയറ്റ് വ്യോമ പ്രതിരോധ മിസൈലുകള്‍ വിന്യസിച്ചെന്ന റിപോര്‍ട്ടുകള്‍ക്കു പിന്നാലെ യുഎസിന് മുന്നറിയിപ്പുമായി ഇറാന്‍. കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്നതിനിടെ പശ്ചിമേഷ്യയെ യുഎസ് ദുരന്തത്തിലേക്ക് നയിക്കുകയാണെന്ന് ഇറാന്‍ കുറ്റപ്പെടുത്തി.

നിര്‍ദ്ദിഷ്ട പാട്രിയറ്റ് വ്യോമ പ്രതിരോധ മിസൈല്‍ വിന്യസിക്കുന്നത് സംബന്ധിച്ച് ജനുവരി മുതല്‍ വാഷിങ്ടണ്‍ ബാഗ്ദാദുമായി ചര്‍ച്ച നടത്തിയിരുന്നുവെങ്കിലും ഇക്കാര്യത്തില്‍ അനുമതി ലഭിച്ചോ എന്ന കാര്യം വ്യക്തമല്ല. ബഗ്ദാദിന്റെ അനുമതിയില്ലാതെയാണ് മിസൈല്‍ വിന്യാസമെന്ന് മേഖലയില്‍ ശക്തമായ സ്വാധീനമുള്ള ഇറാന്‍ വ്യക്തമാക്കി. ഇറാഖി സര്‍ക്കാരിന്റേയും പാര്‍ലമെന്റിന്റെയും ജനങ്ങളുടെയും ഔദ്യോഗിക നിലപാടിനെതിരാണ് യുഎസ് നടപടിയെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

കൊറോണ വൈറസ് വ്യാപിക്കുന്നതിനിടെ യുദ്ധം നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ട ഇറാന്‍ യുഎസ് സൈനിക പ്രവര്‍ത്തനങ്ങള്‍ മേഖലയെ 'അസ്ഥിരതയിലേക്കും ദുരന്തത്തിലേക്കും' നയിക്കുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. യുഎസ് സേന ഇറാഖി ജനതയുടെയും സര്‍ക്കാരിന്റെയും ആഗ്രഹങ്ങളെ മാനിക്കുകയും രാജ്യം വിടുകയും വേണമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. യുഎസിന്റെ പ്രധാന മിസൈല്‍ പ്രതിരോധ സംവിധാനമാണ് പാട്രിയറ്റ്.

യുഎസ് സൈനികര്‍ താവളമടിച്ച സൈനിക താവളങ്ങള്‍ക്കു നേരെ തുടര്‍ച്ചയായി മിസൈല്‍ ആക്രമണമുണ്ടാവുന്ന സാഹചര്യത്തിലാണ് മിസൈല്‍ പ്രതിരോധ സംവിധാനം വിന്യസിച്ചിരിക്കുന്നത്. ആക്രമണത്തിന് പിന്നില്‍ ഇറാന്‍ പിന്തുണയുള്ള ശിയ മിലീഷ്യകളോ ഇറാനോ ആണെന്നാണ് യുഎസ് കുറ്റപ്പെടുത്തുന്നത്.

പാട്രിയറ്റ് ബാറ്ററികളിലൊന്ന് കഴിഞ്ഞയാഴ്ച പടിഞ്ഞാറന്‍ ഇറാഖിലെ ഐന്‍ അല്‍ അസദിലേക്ക് എത്തിച്ചിരുന്നു. ഇപ്പോള്‍ അവ കൂട്ടിച്ചേര്‍ത്തു കൊണ്ടിരിക്കുകയാണെന്ന് യുഎസ് പ്രതിരോധ ഉദ്യോഗസ്ഥനും ഇറാഖ് സൈനിക വൃത്തവും അറിയിച്ചു.

ബാഗ്ദാദ് വിമാനത്താവളത്തിന് നേരെ നടന്ന ഡ്രോണ്‍ ആക്രമണത്തിലൂടെ ഇറാന്‍ ചാരസംഘടനാ തലവന്‍ ജനറല്‍ കാസിം സുലൈമാനിയെ

വാഷിങ്ടണ്‍ കൊലപ്പെടുത്തിയിരുന്നു. ഇതിന് പ്രതികാരമായി ഐന്‍ അല്‍ അസദ് വ്യോമതാവളം ഉള്‍പ്പെടെയുള്ള യുഎസ് ലക്ഷ്യങ്ങള്‍ ഇറാന്‍ ആക്രമിച്ചിരുന്നു.

ഇറാഖിലെ സ്വയംഭരണ കുര്‍ദിഷ് മേഖലയുടെ തലസ്ഥാനമായ എര്‍ബിലിലെ ഒരു താവളത്തിലാണ് രണ്ടാമത്തെ ബാറ്ററി വിന്യസിച്ചത്. കുവൈത്തിലും രണ്ടെണ്ണമുണ്ട്.

Next Story

RELATED STORIES

Share it