Sub Lead

കരമന അഷ്‌റഫ് മൗലവിയെ ഉടന്‍ മോചിപ്പിക്കുക: അല്‍ഹാദി അസോസിയേഷന്‍

കരമന അഷ്‌റഫ് മൗലവിയെ ഉടന്‍ മോചിപ്പിക്കുക: അല്‍ഹാദി അസോസിയേഷന്‍
X

തിരുവനന്തപുരം: അല്‍ഹാദി അസോസിയേഷന്‍ മുന്‍ പ്രസിഡന്റും ദക്ഷിണ കേരള ജംഇയ്യതുല്‍ ഉലമ നേതൃപദവികള്‍ വഹിച്ചിരുന്ന മതപണ്ഡിതനുമായ കരമന അശ്‌റഫ് മൗലവിയെ ഉടന്‍ മോചിപ്പിക്കണമെന്ന് അല്‍ഹാദി അസോസിയേഷന്‍ ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. അഷ്‌റഫ് മൗലവി ഉയര്‍ത്തിപ്പിടിച്ച നീതിബോധത്തിലും ത്യാഗ നിര്‍ഭരതയിലും അഭിമാനം കൊള്ളുകയും അദ്ദേഹത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്യുന്നതായി അല്‍ഹാദി അസോസിയേഷന്‍ ജനറല്‍ ബോഡിയോഗം അഭിപ്രായപ്പെട്ടു. സാമൂഹ്യനീതിക്കു വേണ്ടി പ്രവര്‍ത്തിച്ചതിന്റെ പേരില്‍ ജയില്‍ വാസം വരിക്കേണ്ടി വരുന്നത് മുന്‍ഗാമികളായ പണ്ഡിത മഹത്തുക്കളുടെ പാതയാണ്. ഇന്ത്യ എന്ന മഹത്തായ ആശയത്തോടും മുസ് ലിം സമുദായത്തോടും ശത്രുത പ്രഖ്യാപിക്കുകയും അത് പ്രാവര്‍ത്തികമാക്കുകയും ചെയ്യുന്ന ഫാഷിസ്റ്റ് ശക്തികള്‍ക്കെതിരെ നാവും തൂലികയും ഫലപ്രദമായി വിനിയോഗിക്കുകയാണ് അഷ്‌റഫ് മൗലവി ചെയ്തത്.

അദ്ദേഹത്തോടൊപ്പം അറസ്റ്റ് ചെയ്യപ്പെട്ട സമുദായ നേതാക്കള്‍ക്കും ആക്ടിവിസ്റ്റുകള്‍ക്കും ജാമ്യം നിഷേധിക്കുന്നത് കടുത്ത അന്യായമാണ്.

നൂറുകണക്കിന് കലാപങ്ങളിലൂടെ ലക്ഷക്കണക്കിന് മനുഷ്യരെ കൊന്നൊടുക്കുകയും രാജ്യത്തിന്റെ സമ്പത്ത് വന്‍തോതില്‍ കൊള്ളയടിക്കുകയും ചെയ്ത കൊടുംകുറ്റവാളികള്‍ നിയമത്തിന്റെ പഴുതിലൂടെ രക്ഷപ്പെടുമ്പോഴാണ് ജാമ്യമാണ് നിയമം എന്ന ആപ്തവാക്യം പല ന്യായാധിപന്മാരും നിരപരാധികളുടെ കാര്യത്തില്‍ ബോധപൂര്‍വ്വം മറന്നുപോകുന്നത്.

രാജ്യത്തെ ജനങ്ങളെ ശത്രുക്കളായി കണ്ട് യുഎപിഎ പോലുള്ള നിയമങ്ങള്‍ ചുട്ടെടുക്കുകയും അതിന്റെ മറവില്‍ ജാമ്യം നല്‍കാതെ നീണ്ട വര്‍ഷങ്ങള്‍ ജയിലില്‍ അടയ്ക്കുകയും ചെയ്യുന്നത് നമ്മുടെ രാജ്യത്ത് സര്‍വ്വസാധാരണമായിരിക്കുകയാണ്. മതപരമായ വിവേചനമുണ്ടാവാതിരിക്കുക, നിരപരാധി ശിക്ഷിക്കപ്പെടാതിരിക്കുക, മനുഷ്യാവകാശം സംരക്ഷിക്കപ്പെടുക, സംശയത്തിന്റെ ആനുകൂല്യം നല്‍കുക, സ്വാതന്ത്ര്യം സംരക്ഷിക്കുക എന്നതെല്ലാം നീതിന്യായ രംഗത്തെ ധാര്‍മ്മികതയായി പരിരക്ഷിക്കപ്പെടേണ്ടതുണ്ട്.വ്രതനിഷ്ഠയില്‍ വീഴ്ച സംഭവിച്ചവര്‍ സാധുക്കള്‍ക്ക് അന്നം കൊടുത്തും അടിമകളെ മോചിപ്പിച്ചും പ്രായശ്ചിത്തം ചെയ്യണമെന്ന് പഠിപ്പിച്ച ഇസ്ലാം, മനുഷ്യരുടെ വിമോചനമാണ് ദൈവ പ്രീതിക്ക് നിദാനമാക്കി നിശ്ചയിച്ചിട്ടുള്ളത്. ആകയാല്‍, മതപണ്ഡിതന്മാരും സമുദായ നേതൃത്വവും മതപണ്ഡിതനായ കരമന അഷ്‌റഫ് മൗലവി ഉള്‍പ്പെടെയുള്ള നിരപരാധികളുടെ ജയില്‍ മോചനത്തിനു വേണ്ടി ശബ്ദിക്കാന്‍ സന്നദ്ധമാകണമെന്നും അല്‍ഹാദി അസോസിയേഷന്‍ ആവശ്യപ്പെട്ടു.

കെ കെ സൈനുദ്ദീന്‍ ബാഖവിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഹാഫിസ് അഹമ്മദ് കബീര്‍ ബാഖവി മുഖ്യപ്രഭാഷണം നടത്തി. ആബിദ് മൗലവി അല്‍ഹാദി ഓച്ചിറ, പാനിപ്ര ഇബ്രാഹിം ബാഖവി, എസ് അര്‍ഷദ് അല്‍ ഖാസിമി, മാഹിന്‍ ഹസ്രത്ത്, ഫിറോസ്ഖാന്‍ ബാഖവി തുടങ്ങിയവര്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it