Sub Lead

യുപിയില്‍ നമസ്‌കാരത്തിനിടെ പള്ളിക്ക് നേരെ ആക്രമണം; ഇമാമിന്റെ നില ഗുരുതരമായി തുടരുന്നു

ഇശാ നമസ്‌കാരം നിര്‍വഹിക്കുകയായിരുന്ന വിശ്വാസികള്‍ക്കു നേരെയാണ് ഒരു സംഘം മാരകായുധങ്ങളുമായി ആക്രമണം അഴിച്ചുവിട്ടത്.

യുപിയില്‍ നമസ്‌കാരത്തിനിടെ പള്ളിക്ക് നേരെ ആക്രമണം; ഇമാമിന്റെ നില ഗുരുതരമായി തുടരുന്നു
X

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്തിനു സമീപമുള്ള യുപിയിലെ ഗ്രേറ്റര്‍ നോയിഡയിലെ രാംപൂര്‍ മജ്‌റ ഗ്രാമത്തിലെ മസ്ജിദില്‍ അതിക്രമിച്ച് കയറി ഒരു സംഘം ആക്രമണം അഴിച്ചുവിട്ടതിനെതുടര്‍ന്ന് പരിക്കേറ്റ ഇമാമിന്റെ നില ഗുരുതരമായി തുടരുന്നു. നോയിഡയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലുള്ള പള്ളി ഇമാം നസീര്‍ മുഹമ്മദിനെ ഇന്നലെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി.

ഇശാ നമസ്‌കാരം നിര്‍വഹിക്കുകയായിരുന്ന വിശ്വാസികള്‍ക്കു നേരെയാണ് ഒരു സംഘം മാരകായുധങ്ങളുമായി ആക്രമണം അഴിച്ചുവിട്ടത്.

സംഭവത്തില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായി ദാന്‍കൗര്‍ പോലിസ് സ്‌റ്റേഷന്‍ സര്‍ക്കില്‍ ഓഫിസര്‍ ബ്രാജ് നന്ദന്‍ റായ് പറഞ്ഞു. എന്നാല്‍, അക്രമി സംഘത്തിലെ ഒരാളെ പോലും അറസ്റ്റ് ചെയ്യാന്‍ പോലിസ് തയ്യാറായിട്ടില്ല.സംശയത്തിന്റെ അടിസ്ഥാനത്തില്‍ പോലിസ് ഏതാനും പേരെ പിടികൂടി ചോദ്യം ചെയ്‌തെങ്കിലും കുറ്റക്കാരല്ലെന്ന് കണ്ട് വിട്ടയച്ചെന്നാണ് പോലിസ് ഭാഷ്യം.

'ഒരേ ഗ്രാമത്തിലെ ഇരു സമുദായങ്ങള്‍ തമ്മിലുള്ള വഴക്കായിരുന്നു ഇത്, ഒരു പഞ്ചായത്ത് (വില്ലേജ് സിറ്റിംഗ്) വിളിച്ചു ചേര്‍ത്ത് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നതായും' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ വെള്ളിയാഴ്ച ഇരു സമുദായത്തിലുമുള്ള ഒരു യുവതിയും യുവാവും തമ്മില്‍ വാക്കുതര്‍ക്കം നടന്നിരുന്നതായി സംഭവത്തില്‍ പരിക്കേറ്റവരില്‍ ഒരാളുടെ ബന്ധുവിനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപോര്‍ട്ട് ചെയ്തു. തുടര്‍ന്ന് യുവതി സംഭവം കുടുംബത്തെ അറിയിക്കുകയും അവര്‍ മുസ്‌ലിം മേഖലയിലെത്തി അവരെ ഒരു പാഠം പഠിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

തുടര്‍ന്ന് തിരിച്ചുപോയ സംഘം രാത്രിയോടെ സംഘടിച്ചെത്തുകയും പള്ളിയില്‍ അതിക്രമിച്ച് കയറി നമസ്‌ക്കരിക്കുകയായിരുന്ന വിശ്വാസികള്‍ക്കുനേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു. ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ പള്ളി ഇമാം നസീര്‍ മുഹമ്മദിനൊപ്പം മറ്റൊരാളേയും നോയിഡയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കൊവിഡ് 19 കേസുകളുടെ എണ്ണം കുറയാന്‍ തുടങ്ങിയതോടെ മുസ്‌ലിംകള്‍ക്കെതിരായ വിദ്വേഷ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതായി ഉത്തരേന്ത്യയിലെ ചില ഭാഗങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.

Next Story

RELATED STORIES

Share it