Sub Lead

മതവിദ്വേഷ പരാമര്‍ശം: പി സി ജോര്‍ജ്ജിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി

ഹൈക്കോടതി സിംഗിള്‍ ബെഞ്ചാണ് പി സി ജോര്‍ജ്ജിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. അന്വേഷണവുമായി സഹകരിക്കണം,കുറ്റം ആവര്‍ത്തിക്കരുത് എന്നതുള്‍പ്പെടെ കര്‍ശന ഉപാധികളോടെയാണ് കോടതി പി സി ജോര്‍ജ്ജിന് ജാമ്യം അനുവദിച്ചിരിക്കുന്നത്

മതവിദ്വേഷ പരാമര്‍ശം: പി സി ജോര്‍ജ്ജിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി
X

കൊച്ചി: തിരുവനന്തപുരത്ത് നടത്തിയ പ്രസംഗത്തില്‍ മതവിദ്വേഷ പരാമര്‍ശം നടത്തിയതിന് ഫോര്‍ട്ട് പോലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അറസ്റ്റിലായി റിമാന്റിലായിരുന്ന പി സി ജോര്‍ജ്ജിന് ജാമ്യം.ഹൈക്കോടതി സിംഗിള്‍ ബെഞ്ചാണ് പി സി ജോര്‍ജ്ജിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. അന്വേഷണവുമായി സഹകരിക്കണം,കുറ്റം ആവര്‍ത്തിക്കരുത് എന്നതുള്‍പ്പെടെ കര്‍ശന ഉപാധികളോടെയാണ് കോടതി പി സി ജോര്‍ജ്ജിന് ജാമ്യം അനുവദിച്ചിരിക്കുന്നത്.വ്യവസ്ഥ ലംഘിച്ചാല്‍ പ്രോസിക്യൂഷന് കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.

വെണ്ണലയിലെ പ്രസംഗത്തില്‍ നടത്തിയ മതവിദ്വേഷ പരാമര്‍ശത്തിന്റെ പേരില്‍ പാലാരിവട്ടം പോലിസ് രജിസ്റ്റര്‍ ചെയ്ത കേസിലും പി സി ജോര്‍ജ്ജിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്.ഫോര്‍ട്ട് പോലിസിന്റെ കേസില്‍ പി സി ജോര്‍ജ്ജിന് തിരുവനന്തപുരം കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നെങ്കിലും ജാമ്യ വ്യവസ്ഥ ലംഘിച്ചതിനെ തുടര്‍ന്ന് കോടതി ജോര്‍ജ്ജിന്റെ ജാമ്യം റദ്ദാക്കിയിരുന്നു.പാലാരിവട്ടം പോലിസ് രജിസ്റ്റര്‍ ചെയ്ത കേസിലും കോടതി നേരത്തെ പി സി ജോര്‍ജ്ജിന് ഇടക്കാല മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു.ഇതേ തുടര്‍ന്ന് പി സി ജോര്‍ജ്ജ് പാലാരിവട്ടം പോലിസ് മുമ്പാകെ ഹാജരാകുന്നതിനായി എത്തുമ്പോഴാണ് ഫോര്‍ട്ട് പോലിസിന്റെ കേസില്‍ കോടതി ജാമ്യം റദ്ദാക്കിയത്.

ഇത് തുടര്‍ന്ന് പി സി ജോര്‍ജ്ജിനെ പാലാരിവട്ടം പോലിസിന്റെ കേസില്‍ ചോദ്യം ചെയ്ത ശേഷം ഫോര്‍ട്ട് പോലിസിന് കൈമാറുകയായിരുന്നു. തുടര്‍ന്ന് അറസ്റ്റു ചെയ്ത പി സി ജോര്‍ജ്ജിനെ തിരുവനന്തപുരത്തേയ്ക്ക് കൊണ്ടുപോകുകയും കോടതിയില്‍ ഹാജരാക്കി റിമാന്റു ചെയ്യുകയുമായിരുന്നു.തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലിലാണ് പി സി ജോര്‍ജ്ജ് റിമാന്‍ഡില്‍ കഴിയുന്നത്. ജോര്‍ജ്ജിന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവിന്റെ പകര്‍പ്പ് ഇന്ന് തന്നെ തിരുവനന്തപുരത്ത് എത്തിച്ച് തുടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചാല്‍ ജോര്‍ജ്ജിന് ഇന്ന് തന്നെ പുറത്തിറങ്ങാന്‍ കഴിഞ്ഞേക്കുമെന്നാണ് സൂചന.

Next Story

RELATED STORIES

Share it