ഒമ്പതു വയസ്സുകാരിയെ പിതാവ് ബലാല്‍സംഗം ചെയ്ത് എലിവിഷം നല്‍കി കൊന്നു

പ്രതിയെ ശനിയാഴ്ച റോഥക് കോടതിയില്‍ ഹാജരാക്കുകയും റിമാന്റ് ചെയ്യുകയും രണ്ടു ദിവസം ചോദ്യംചെയ്യാനായി പോലിസ് കസ്റ്റഡിയില്‍ വിട്ടുകൊടുക്കുകയും ചെയ്തു

ഒമ്പതു വയസ്സുകാരിയെ പിതാവ് ബലാല്‍സംഗം ചെയ്ത് എലിവിഷം നല്‍കി കൊന്നു

ഛണ്ഡീഗഢ്: ഹരിയാനയില്‍ ഒമ്പതു വയസ്സുകാരിയെ പീഡിപ്പിച്ച പിതാവ് കുറ്റകൃത്യം മറച്ചുവയ്ക്കാന്‍ പെണ്‍കുട്ടിക്ക് എലിവിഷം നല്‍കി കൊലപ്പെടുത്തി. പ്രതിയെ വെള്ളിയാഴ്ച ഇന്‍ഡോറില്‍ നിന്ന് അറസ്റ്റ് ചെയ്തതായി റോഥകിലെ ഗോരക്പൂര്‍ ഡെപ്യൂട്ടി പോലിസ് സൂപ്രണ്ട്(ഹെഡ് ക്വാര്‍ട്ടേഴ്‌സ്) അറിയിച്ചു. ഫാക്ടറി തൊഴിലാളിയായ പ്രതി ഭാര്യയുമായുള്ള പ്രശ്‌നം കാരണം ആറുമാസമായി വെവ്വേറെയാണ് താമസിക്കുന്നത്. ഇരുവര്‍ക്കും ഒമ്പതു വയസ്സുള്ള മകള്‍ ഉള്‍പ്പെടെ നാലു മക്കളുണ്ട്. കുട്ടികള്‍ പിതാവിനൊപ്പമാണ് വീട്ടില്‍ ഉറങ്ങാറുണ്ടായിരുന്നത്. ഇക്കഴിഞ്ഞ നവംബര്‍ 27നും 28നും പ്രതി മകളെ പീഡിപ്പിക്കുകയും പുറത്തുപറഞ്ഞാല്‍ പ്രത്യാഘാതമുണ്ടാവുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നാണു പോലിസ് പറയുന്നത്. എന്നാല്‍ പെണ്‍കുട്ടി ഇതേക്കുറിച്ച് മാതാവിനോട് വെളിപ്പെടുത്തി.

വിവരമറിഞ്ഞ പ്രതി മാര്‍ക്കറ്റില്‍ നിന്ന് എലിവിഷം വാങ്ങി ഡിസംബര്‍ രണ്ടിനു വെള്ളത്തില്‍ കലക്കി കുടിക്കാന്‍ കൊടുത്തു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് പിറ്റേന്ന് ആശുപത്രിയില്‍ വച്ചാണ് കുട്ടി മരണപ്പെട്ടത്. ഇതേദിവസം തന്നെ പിതാവ് മുങ്ങി. തുടര്‍ന്നാണ് പെണ്‍കുട്ടിയുടെ മാതാവ് പോലിസില്‍ പരാതി നല്‍കിയത്. ബിഹാര്‍ സ്വദേശിയായ പിതാവ് പാനിപ്പത്തിലേക്കാണു മുങ്ങിയത്. അവിടുന്ന് ഡല്‍ഹിയിലേക്കു പോവുന്നതിനിടെ ഇന്‍ഡോറില്‍ നിന്നാണ് പിടികൂടിയത്. പ്രതിയെ ശനിയാഴ്ച റോഥക് കോടതിയില്‍ ഹാജരാക്കുകയും റിമാന്റ് ചെയ്യുകയും രണ്ടു ദിവസം ചോദ്യംചെയ്യാനായി പോലിസ് കസ്റ്റഡിയില്‍ വിട്ടുകൊടുക്കുകയും ചെയ്തു. പ്രതിക്കെതിരേ ഐപിസി 302(കൊലപാതകം), പോക്‌സോ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.
RELATED STORIES

Share it
Top