Sub Lead

ഹരിദാസിനെ കൊലപ്പെടുത്തിയത് രണ്ടാം ശ്രമത്തില്‍; ഫെബ്രുവരി 14ന് ആദ്യ വധശ്രമം

ഹരിദാസിനെ വധിക്കാന്‍ ഒരാഴ്ച മുമ്പ് ശ്രമിച്ചെന്ന് അറസ്റ്റിലുള്ള രണ്ടാംപ്രതി പുന്നോലിലെ കെ വി വിമിന്‍ മൊഴി നല്‍കിയിരുന്നു.

ഹരിദാസിനെ കൊലപ്പെടുത്തിയത് രണ്ടാം ശ്രമത്തില്‍; ഫെബ്രുവരി 14ന് ആദ്യ വധശ്രമം
X
തലശ്ശേരി: സിപിഎം പ്രവര്‍ത്തകന്‍ കോടിയേരി പുന്നോല്‍ താഴെ വയലില്‍ ഹരിദാസിനെ കൊലപ്പെടുത്തിയത് രണ്ടാമത്തെ ശ്രമത്തിലെന്ന് റിമാന്‍ഡ് റിപോര്‍ട്ട്. ഹരിദാസിനെ വധിക്കാന്‍ ഒരാഴ്ച മുമ്പ് ശ്രമിച്ചെന്ന് അറസ്റ്റിലുള്ള രണ്ടാംപ്രതി പുന്നോലിലെ കെ വി വിമിന്‍ മൊഴി നല്‍കിയിരുന്നു.

രണ്ടാംപ്രതി ഉള്‍പ്പെടെ രാത്രി 10.30ന് അന്വേഷിച്ച് ചെല്ലുകയും കൊല നടത്തുന്നതിനുള്ള സംഘത്തെ തയ്യാറാക്കിനിര്‍ത്തുകയും ചെയ്തു. ഇതിനായി നിജിന്‍ദാസിനെയും ആത്മജനെയും സമീപിച്ചതായും കുറ്റസമ്മതമൊഴിയിലുണ്ട്. നിജിന്‍ദാസ് ഇപ്പോള്‍ പോലിസ് കസ്റ്റഡിയിലാണുള്ളത്.

ആത്മജന് അയച്ച വാട്‌സാപ്പ് സന്ദേശം വിമിന്‍ പോലിസിന് കാണിച്ചുകൊടുത്തു. 14ന് രാത്രി ആത്മജനുമായി സംസാരിച്ചതിന്റെ ശബ്ദസന്ദേശം കണ്ടെത്തി. 14ന് ഹരിദാസന്‍ വീട്ടിലേക്ക് മടങ്ങുമ്പോള്‍ പതിയിരുന്ന് ആക്രമിക്കാനായിരുന്നു പദ്ധതി. എന്നാല്‍ അന്ന് ശ്രമം വിജയിച്ചില്ല. ഹരിദാസന്റെ രാത്രികാലസഞ്ചാരം മനസ്സിലാക്കാന്‍ ബിജെപി ബൂത്ത് പ്രസിഡന്റായ മൂന്നാംപ്രതി സുനേഷിനെയാണ് ഏല്‍പ്പിച്ചതെന്ന് കേസില്‍ ഒന്നാംപ്രതിയായ ബിജെപി മണ്ഡലം പ്രസിഡന്റ് കെ ലിജേഷിന്റെ കുറ്റസമ്മതമൊഴിയിലുണ്ട്. സംഭവദിവസം വൈകീട്ട് ലിജേഷ് വാട്‌സാപ്പ് കോള്‍വഴി സുനേഷിനെ ബന്ധപ്പെട്ടാണ് ഹരിദാസ് മീന്‍പിടിക്കാന്‍ പോയതായി അറിഞ്ഞത്.

ജോലിക്ക് വന്നിട്ടുണ്ടെന്നും തിരിച്ചുവരുന്ന സമയം അറിയിക്കാമെന്നും ഗോപാലപ്പേട്ടയിലെ മീന്‍പിടിത്ത തൊഴിലാളിയായ സുനേഷ് പറഞ്ഞു. ലിജേഷിന്റെ മൊബൈല്‍ഫോണില്‍ ഹോംപേജില്‍ വാട്‌സാപ്പ് ഐക്കണില്‍ കോള്‍ ഹിസ്റ്ററി പരിശോധിച്ചതില്‍ പേജ് മായിച്ചതായി കണ്ടെത്തി. ഇയാള്‍ ഡിജിറ്റല്‍ തെളിവുകള്‍ നശിപ്പിച്ചതായും അന്വേഷണസംഘം പറയുന്നു.

ഫെബ്രുവരി എട്ടിന് മൂത്തകോലോത്ത് ക്ഷേത്രത്തിനടുത്തുവെച്ച് ഹരിദാസനും അനുജന്‍ സുരേന്ദ്രനും അഖിലേഷ്, പ്രസൂണ്‍ എന്നിവരും ചേര്‍ന്ന് ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരായ വിമിന്‍, അമല്‍, ദീപക്, പദ്‌മേഷ് എന്നിവരെ അടിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. അതിന്റെ വിരോധംകാരണം അവരും മറ്റ് ബിജെപി പ്രവര്‍ത്തകരും ചേര്‍ന്ന് ഹരിദാസിനെ വെട്ടിക്കൊലപ്പെടുത്തിയതായാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്. കഴിഞ്ഞദിവസം അറസ്റ്റിലായ നാലു പ്രതികള്‍ ബിജെപി പ്രവര്‍ത്തകരായ മറ്റൊരു സംഘത്തെ കൊണ്ടുവന്ന് മാരകായുധങ്ങളുമായി ഹരിദാസന്റെ ഇടതുകാല്‍ വെട്ടിമാറ്റി കൊലപ്പെടുത്തുകയായിരുന്നു. മുറിവില്‍നിന്ന് രക്തംവാര്‍ന്ന് മരണം സംഭവിച്ചതായാണ് പോസ്റ്റ്‌മോര്‍ട്ടം പരിശോധന നടത്തിയ പോലിസ് സര്‍ജന്‍ സുജിത്ത് ശ്രീനിവാസന്റെ അഭിപ്രായം.

ഹരിദാസന്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് സിപിഎം പ്രവര്‍ത്തകരുടെ ആക്രമണത്തിനിരയാകാന്‍ സാധ്യതയുള്ളതിനാലാണ് ബിജെപി മണ്ഡലം പ്രസിഡന്റ് കെ ലിജേഷിനെ പോലിസ് കസ്റ്റഡിയിലെടുത്തത്. തിങ്കളാഴ്ച എസ്‌ഐ സ്‌റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നു. ചോദ്യംചെയ്തപ്പോഴാണ് കൊലയ്ക്കുപിന്നിലുള്ള ഗൂഢാലോചനയിലും തയ്യാറെടുപ്പിലും പങ്കാളിയാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.

അതേസമയം, ഹരിദാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലിസുകാരനെ ചോദ്യം ചെയ്തു. കണ്ണവം സ്‌റ്റേഷനിലെ സിവില്‍ പോലിസ് ഓഫീസര്‍ സുരേഷിനെയാണ് ചോദ്യം ചെയ്യുന്നത്.

കൊലപാതക ദിവസം ഒന്നാം പ്രതി ലിജേഷുമായി ബന്ധപ്പെട്ടതായി കണ്ടെത്തിയതിനെതുടര്‍ന്നാണ് ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലില്‍നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായാണ് സൂചന.

ഇയാള്‍ നേരത്തേയും ബിജെപി നേതൃത്വത്തിന് നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന സൂചനയും പുറത്തുവന്നിട്ടുണ്ട്.

Next Story

RELATED STORIES

Share it