Sub Lead

തട്ടിക്കൊണ്ടുപോവല്‍; ഗുജറാത്തില്‍ രണ്ടുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞിന് മുഴുസമയ പോലിസ് സുരക്ഷ

തട്ടിക്കൊണ്ടുപോവല്‍; ഗുജറാത്തില്‍ രണ്ടുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞിന് മുഴുസമയ പോലിസ് സുരക്ഷ
X

ഗാന്ധിനഗര്‍: രണ്ടുതവണ തട്ടിക്കൊണ്ടുപോവലിന് ഇരയായ പിഞ്ചുകുഞ്ഞിന് മുഴുസമയവും പോലിസ് സുരക്ഷ ഏര്‍പ്പെടുത്താന്‍ നിര്‍ദേശം. ഗുജറാത്തിലെ ഗാന്ധിനഗര്‍ അഡലാജിലെ ചേരിയിലാണ് അത്യപൂര്‍വ സംഭവം. രണ്ടു മാസം പ്രായമുള്ള കുഞ്ഞിന് 24 മണിക്കൂറും പോലിസ് സുരക്ഷ ഏര്‍പ്പെടുത്താനാണ് നിര്‍ദേശം ലഭിച്ചിരിക്കുന്നത്. ഇതോടെ ഗുജറാത്തില്‍ 24 മണിക്കൂറും പോലിസ് സുരക്ഷ ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി ഈ കുഞ്ഞായിരിക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. പഴയ സാധനങ്ങള്‍ വിറ്റ് ജീവിക്കുന്ന ദമ്പതികളുടെ കുഞ്ഞിനെ രണ്ടു തവണ ചിലര്‍ തട്ടിക്കൊണ്ടുപോയിരുന്നു. കുഞ്ഞ് ജനിച്ച് രണ്ടാംദിവസമാണ് ഗാന്ധിനഗര്‍ സിവില്‍ ആശുപത്രിയില്‍നിന്ന് ആദ്യത്തെ തട്ടിക്കൊണ്ടുപോയത്.

ഇക്കഴിഞ്ഞ ഏപ്രിലിലാണ് സംഭവം. മെഹ്‌സാന ജില്ലയിലെ കാദി വില്ലേജിലെ മക്കളില്ലാത്ത ദമ്പതികളായ ജിഗ്‌നേഷ്, അഷ്മിത ഭാരതി എന്നിവര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയ കുഞ്ഞിനെ ഒരാഴ്ചയോളം നടത്തിയ അന്വേഷണത്തിലാണ് പോലിസ് മോചിപ്പിച്ചത്. രണ്ടുമാസം കഴിഞ്ഞ് ജൂണ്‍ അഞ്ചിന് വീണ്ടും കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത്. ഇത്തവണയും മക്കളില്ലാത്ത മറ്റൊരു മാതാപിതാക്കളായ ദിനേശ്-സുധ ദമ്പതിമാരാണ് ജൂണ്‍ അഞ്ചാം തീയതി കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി. മാതാവ് റോഡരികില്‍നിന്ന് പഴയ സാധനങ്ങള്‍ ശേഖരിക്കുന്നതിനിടെ സൈക്കിളില്‍ കിടത്തിയ കുഞ്ഞിനെ ഇരുവരും കടത്തിക്കൊണ്ടു പോവുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ നാലു ദിവസത്തിന് ശേഷമാണ് കുഞ്ഞിനെ കണ്ടെത്തിയത്.

ഇതോടെയാണ് രാപ്പകല്‍ ഭേദമന്യേ കുഞ്ഞിനു പോലിസ് സുരക്ഷ ഏര്‍പ്പെടുത്താനും പൂര്‍ണസമയവും നിരീക്ഷിക്കാനും തീരുമാനിച്ചത്. വീട്ടിലും മാതാപിതാക്കളുടെ ജോലിസ്ഥലങ്ങളിലും പോലിസ് നിരീക്ഷണം ഏര്‍പ്പെടുത്തും. ഇതിനു പുറമെ, കുടുംബത്തിന് സ്ഥിരം വാസസ്ഥലം ഒരുക്കാനും പോലിസിന് ലക്ഷ്യമിട്ടിട്ടുണ്ട്.

Next Story

RELATED STORIES

Share it