Sub Lead

ഗ്രാന്റ് കേരള ഷോപ്പിങ് ഫെസ്റ്റിവല്‍ നിര്‍ത്തലാക്കാന്‍ തീരുമാനം

വിനോദസഞ്ചാര മേഖലയ്ക്ക് പ്രയോജനം ചെയ്തില്ലെന്ന ടൂറിസം ഡയറക്ടറുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഗ്രാന്റ് കേരളാ ഷോപ്പിങ് ഫെസ്റ്റിവല്‍ നിര്‍ത്തലാക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചത്‌

ഗ്രാന്റ് കേരള ഷോപ്പിങ് ഫെസ്റ്റിവല്‍ നിര്‍ത്തലാക്കാന്‍ തീരുമാനം
X

തിരുവനന്തപുരം: വിനോദസഞ്ചാര മേഖലയ്ക്ക് പ്രയോജനം ചെയ്തില്ലെന്ന ടൂറിസം ഡയറക്ടറുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഗ്രാന്റ് കേരളാ ഷോപ്പിങ് ഫെസ്റ്റിവല്‍ നിര്‍ത്തലാക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. വിഭാവനം ചെയ്ത ലക്ഷ്യങ്ങള്‍ കൈവരിക്കാനാവാത്തതിനാലാണ് ഫെസ്റ്റിവല്‍ നിര്‍ത്തലാക്കുന്നത്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഗ്രാന്റ് കേരള ഷോപ്പിങ് ഫെസ്റ്റിവല്‍ എന്നു വിശേഷിപ്പിച്ച പദ്ധതിയാണിത്. 2007 ഡിസംബറിലാണ് ആദ്യ സീസണ്‍ തുടങ്ങിയത്. ടൂറിസം, വ്യാപര-വ്യവസായ മേഖലകളുടെ പുത്തനുണര്‍വ് പ്രതീക്ഷിച്ചാണ് വര്‍ഷത്തില്‍ ഫെസ്റ്റിവല്‍ നടത്തിയത്. ഷോപ്പിങ് ടൂറിസം എന്ന നിലയില്‍ അന്താരാഷ്ട്രതലത്തില്‍ തന്നെ ശ്രദ്ധനേടാമെന്നായിരുന്നു കണക്കുകൂട്ടല്‍.

ഇതിനുപുറമെ, അര്‍ബുദമില്ലാതിരുന്നിട്ടും സ്വകാര്യ ലാബിലെ തെറ്റായ പരിശോധനാ റിപോര്‍ട്ടിനെ തുടര്‍ന്ന് കോട്ടയം ഗവ. മെഡിക്കല്‍ കോളജില്‍ കീമോതെറാപ്പിക്ക് വിധേയയാവേണ്ടി വന്ന മാവേലിക്കര കടശ്ശനാട് സ്വദേശി രജനിക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് മൂന്നുലക്ഷം രൂപ അനുവദിക്കാനും യോഗം തീരുമാനിച്ചു. കീമോതെറാപ്പി കാരണമുണ്ടായ ചികില്‍സാ ചെലവും ശാരീരിക അവശതകളും മാനസികാഘാതവും പരിഗണിച്ചാണ് ധനസഹായം അനുവദിക്കുന്നത്.

സംസ്ഥാന വ്യവഹാര നയം നടപ്പാക്കുന്നതിന്റെ ഭാഗമായി തൃശൂര്‍, മലപ്പുറം, കണ്ണൂര്‍ ജില്ലാ കലക്ടറേറ്റുകളില്‍ ജില്ലാ ലോ ഓഫിസര്‍മാരെ നിയമിക്കാന്‍ ഡെപ്യൂട്ടി സെക്രട്ടറി റാങ്കില്‍ നിയമവകുപ്പിലെ അഡീഷന്‍ ടു കേഡറായി മൂന്നു തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു. ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിനു കീഴിലെ സംസ്ഥാന പബ്ലിക് ഹെല്‍ത്ത് ലാബിലും മറ്റു ലാബുകളിലുമായി 14 തസ്തികകള്‍ സൃഷ്ടിക്കും. ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് വകുപ്പില്‍ വനിതാക്ഷേമം മുന്‍നിര്‍ത്തി ഒരു ഫാക്ടറി ഇന്‍സ്‌പെക്ടര്‍(വനിത) തസ്തിക സൃഷ്ടിക്കും. മലബാര്‍ മേഖല സഹകരണ ക്ഷീരോല്‍പ്പാദക യൂനിയന് അനുവദിച്ച സ്റ്റാഫ് പാറ്റേണില്‍ ഒമ്പത് ബിഎംസി ടെക്‌നീഷ്യന്‍ തസ്തികകള്‍ റദ്ദാക്കി പകരം മൂന്നു വെറ്ററിനറി ഓഫിസര്‍ തസ്തികകള്‍ ഉള്‍പ്പെടുത്തും. ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിനു കീഴില്‍ തുടങ്ങാന്‍ തീരുമാനിച്ച ചാലക്കുടി റീജ്യനല്‍ സയന്‍സ് സെന്റര്‍ ആന്റ് പ്ലാനറ്റോറിയത്തിലേക്ക് ആറു തസ്തികകള്‍ സൃഷ്ടിക്കും. ഇതിന്റെ ചെലവ് സയന്‍സ് സെന്ററിന്റെ വരുമാനത്തില്‍ നിന്ന് കണ്ടെത്തണമെന്നാണ് വ്യവസ്ഥ.




Next Story

RELATED STORIES

Share it