Cricket

ആവേശം അല തല്ലും; ട്വന്റി-20 ലോകകപ്പിലെ ഇന്ത്യാ-പാക് പോരാട്ടം നാളെ കൊളംബോയില്‍

ആവേശം അല തല്ലും; ട്വന്റി-20 ലോകകപ്പിലെ ഇന്ത്യാ-പാക് പോരാട്ടം നാളെ കൊളംബോയില്‍
X

കൊളംബോ: ലോകക്രിക്കറ്റിലെ ആവേശ പോരാട്ടത്തിന്റെ കാത്തിരിപ്പ് നാളെ വരെ. ട്വന്റി-20 ലോകകപ്പിലെ നിര്‍ണ്ണായക പോരാട്ടമായ ഇന്ത്യാ-പാക് മല്‍സരം നാളെ കൊളംബോയില്‍ നടക്കും. ഏറെ വിവാദങ്ങള്‍ക്ക് ചൂടുപിടിച്ച മല്‍സരമാണ് നാളെ നടക്കുന്നത്. ലോകകപ്പില്‍ നിന്ന് പിന്‍മാറിയ ബംഗ്ലാദേശിന് പിന്തുണ നല്‍കി ഇന്ത്യക്കെതിരായ മല്‍സരത്തില്‍ നിന്നും പിന്‍മാറിയ പാകിസ്താന്‍ ഏറെ വിവാദങ്ങള്‍ക്ക് ശേഷം തീരുമാനം മാറ്റി പോരാടിനിറങ്ങുകയായിരുന്നു. രാത്രി ഏഴ് മണിക്ക് കൊളംബോയിലെ ആര്‍ പ്രേമദാസ സ്റ്റേഡിയത്തിലാണ് മല്‍സരം.

ഗ്രൂപ്പ് എയില്‍ നിലവില്‍ ഇന്ത്യയും പാകിസ്ഥാനും ഒന്നും രണ്ടും സ്ഥാനത്താണ്. യുഎസ്എ, നമീബിയ എന്നിവര്‍ക്കെതിരായ വിജയങ്ങളുമായി സൂര്യകുമാര്‍ യാദവിന്റെ കീഴിലുള്ള ടീം ഇന്ത്യ അപരാജിതരായി മുന്നേറുന്നു. മറുവശത്ത് നെതര്‍ലന്‍ഡ്‌സിനെയും യുഎസ്എയെയും തകര്‍ത്ത് പാകിസ്ഥാനും 4 പോയിന്റുമായി ഒപ്പത്തിനൊപ്പമുണ്ട്. നാളെ ജയിക്കുന്ന ടീമിന് സൂപ്പര്‍ 8 റൗണ്ട് ഏറെക്കുറെ ഉറപ്പിക്കാം.

കാലാവസ്ഥാ പ്രവചനമനുസരിച്ച് നാളെ പകല്‍ കൊളംബോയില്‍ മഴ സാധ്യതയുണ്ട്. എന്നാല്‍ മത്സരസമയത്ത് മഴ പെയ്യാനുള്ള സാധ്യത കുറവാണെന്നാണ് സൂചന. എങ്കിലും മഴ പെയ്താല്‍ മല്‍സരം വൈകാനുള്ള സാധ്യതയും മുന്നിലുണ്ട്. കൊളംബോ പ്രേമദാസ സ്റ്റേഡിയത്തിലെ പിച്ച് പരമ്പരാഗതമായി സ്പിന്നിനെ തുണക്കുന്നതാണ്. സിംബാബ്വെ കഴിഞ്ഞ ദിവംസം ഓസ്‌ട്രേലിയയെ അട്ടിമറിച്ചത് ഇതേവേദിയിലാണ്. ഇരു ടീമും സ്പിന്നര്‍മാര്‍ക്ക് പ്രാമുഖ്യം നല്‍കുന്ന ടീമിനെ ഗ്രൗണ്ടിലിറക്കാനാണ് സാധ്യത.

മലയാളി താരം സഞ്ജു സാംസണ്‍ നാളെ ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ കളിക്കാനുള്ള സാധ്യതകളുണ്ട്. അസുഖബാധിതനായ അഭിഷേക് ശര്‍മക്ക് കളിക്കാനായില്ലെങ്കില്‍ സഞ്ജു നാളെ ഓപ്പണറായി പ്ലേയിങ് ഇലവനിലെത്തും.ഇന്ത്യയില്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്വര്‍ക്ക് ചാനലുകളില്‍ ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടം തല്‍സമയം കാണാം. ജിയോ ഹോട്ട്സ്റ്റാര്‍ ആപ്പിലും വെബ്സൈറ്റിലും മല്‍സരം ലൈവ് ആയി കാണാവുന്നതാണ്. ജിയോ ഉപയോക്താക്കള്‍ക്ക് മല്‍സരം സൗജന്യമായി കാണാനാവും. മറ്റ് സര്‍വീസ് പ്രൊവൈഡര്‍മാരും ലോകകപ്പ് സൗജന്യമായി കാണാനുള്ള വിവിധ റീചാര്‍ജ് പാക്കേജുകള്‍ അവതരിപ്പിച്ചിട്ടുണ്ട്.





Next Story

RELATED STORIES

Share it