Sub Lead

ഇടതുപക്ഷവും മറന്ന് ഗോവിന്ദ് പന്‍സാരെ രക്തസാക്ഷിത്വ ദിനം

രക്തസാക്ഷിത്വ ദിനാചരണമോ പ്രത്യേക ചടങ്ങുകളോ ഇല്ലാതേയാണ് ഫാഷിസ്റ്റുകള്‍ക്കെതിരേ പോരാടിയതിന്റെ പേരില്‍ കൊല്ലപ്പെട്ട പന്‍സാരെയുടെ ഓര്‍മ്മ ദിനം കടന്നു പോയത്.

ഇടതുപക്ഷവും മറന്ന് ഗോവിന്ദ് പന്‍സാരെ രക്തസാക്ഷിത്വ ദിനം
X

കോഴിക്കോട്: മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും പ്രഗല്ഭ എഴുത്തുകാരനുമായിരുന്ന ഗോവിന്ദ് പന്‍സാരെ ഹിന്ദുത്വരുടെ വെടിയേറ്റ് കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് നാല് വര്‍ഷം. രക്തസാക്ഷിത്വ ദിനാചരണമോ പ്രത്യേക ചടങ്ങുകളോ ഇല്ലാതേയാണ് ഫാഷിസ്റ്റുകള്‍ക്കെതിരേ പോരാടിയതിന്റെ പേരില്‍ കൊല്ലപ്പെട്ട പന്‍സാരെയുടെ ഓര്‍മ്മ ദിനം കടന്നു പോയത്. സിപിഐ ഉള്‍പ്പടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും പൊതുസമൂഹവും ശ്രദ്ധേയമായ യാതൊരു ചടങ്ങുകളും സംഘടിപ്പിച്ചില്ല. കഴിഞ്ഞ വര്‍ഷം സിപിഐ സംസ്ഥാന കമ്മിറ്റി അദ്ദേഹത്തിന്റെ രക്തസാക്ഷിത്വ ദിനം പതാക ദിനമായി ആചരിച്ചിരുന്നു. സിപിഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായാണ് ഗോവിന്ദ് പന്‍സാരെ രക്തസാക്ഷിത്വ ദിനം പതാക ദിനമായി ആചരിച്ചത്. സിപിഐ ദേശീയ കണ്‍ട്രോള്‍ കമ്മീഷന്‍ സെക്രട്ടറി, മഹാരാഷ്ട്രാ സംസ്ഥാന സെക്രട്ടറി എന്നീ ചുമതലകളില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുള്ള ഗോവിന്ദ് പന്‍സാരെ അദ്ദേഹത്തിന്റെ ആറ് ദശാബ്ദക്കാലം നീണ്ട പൊതുപ്രവര്‍ത്തനം ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടങ്ങളില്‍ സജീവമായി.

മഹാരാഷ്ട്രയിലെപുരോഗമന പ്രസ്ഥാനങ്ങളുടെ ഏറ്റവും ശക്തനായ നേതാവായിരുന്ന പന്‍സാരെ സാധാരണക്കാരന്റെയും തൊഴിലാളികളുടെയും ശബ്ദമായിരുന്നു. കോല്‍ഹാപ്പൂരിലെ കോള്‍ വിരുദ്ധ സമരത്തിന് നേതത്വം നല്‍കിയ അദ്ദേഹത്തെ കോര്‍പ്പറേറ്റുകളും തങ്ങളുടെ ശക്തനായ ശത്രുവായി കണ്ടു.

മതാന്ധതയ്ക്കും, ജാതീയ വേര്‍തിരിവുകള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കുമെതിരേ ശക്തമായി പ്രതികരിച്ചിരുന്ന ഗോവിന്ദ് പന്‍സാരെയെ ഹിന്ദുത്വ ഫാഷിസ്റ്റ് ശക്തികള്‍ നോട്ടപ്പുള്ളിയായി പ്രഖ്യാപിച്ചു. സംഘ്പരിവാര്‍ നിരവധി തവണ അദ്ദേഹത്തിനെതിരേ വധഭീഷണി മുഴക്കിയിരുന്നു.

മഹാരാഷ്ട്രാ തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെ തലവനായിരുന്ന ഹേമന്ത് കര്‍ക്കരെ മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടതിന്റെ അണിയറ രഹസ്യങ്ങള്‍ വിശദീകരിക്കുന്ന 'ഹൂ കില്‍ഡ് കര്‍ക്കരെ?' എന്ന പുസ്തകത്തിന് അദ്ദേഹം നല്‍കിയ പിന്തുണയും, ശിവജിയെ കടുത്ത മുസ്‌ലിം വിരോധിയായി ചിത്രീകരിക്കുന്നതിനെതിരേ, ചരിത്രത്തെ അപഗ്രഥിച്ച് അദ്ദേഹം രചിച്ച 'ആരായിരുന്നു ശിവജി?' എന്ന പുസ്തകവും സംഘ്പരിവാറിനെ പ്രകോപിപ്പിച്ചു.

2015 ഫെബ്രുവരി 16 ന് രാവിലെ പ്രഭാതസവാരിക്കിടയിലാണ് ഗോവിന്ദ് പന്‍സാരക്കും അദ്ദേഹത്തിന്റെ ഭാര്യ ഉമക്കും വെടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ പന്‍സാരെ ഫെബ്രുവരി 20ന് അന്തരിച്ചു. മനുഷ്യ സ്‌നേഹികളായ ബുദ്ധിജീവികളെയും എഴുത്തുകാരെയും നിശബ്ദരാക്കുന്ന ഫാഷിസ്റ്റുകളുടെ ഇരയായി മാറിയ പന്‍സാരെ, ഇന്ത്യയിലെ പൊരുതുന്ന വര്‍ഗ്ഗത്തിനും മതേതര പുരോഗമന ചിന്താഗതിക്കാര്‍ക്കും വലിയ പ്രചോദനമാണ് നല്‍കുന്നത്. നരേന്ദ്ര ധാബോല്‍ക്കര്‍, എം.എം. കല്‍ബുര്‍ഗി, ഗൗരിലങ്കേഷ് ഉള്‍പ്പെടെയുള്ളവരെ ദേശദ്രോഹികള്‍ എന്ന് മുദ്രകുത്തിയാണ് സംഘപരിവാര്‍ വേട്ടയാടിയത്. ഹിന്ദുത്വര്‍ക്കെതിരേ ശബ്ദിക്കുന്ന നാവുകള്‍ അരിഞ്ഞെടുക്കുന്ന ഫാഷിസ്റ്റ് കാലത്ത് ഗോവിന്ദ് പന്‍സാരെയുടെ ഓര്‍മ്മകള്‍ക്ക് ഏറെ പ്രസക്തിയേറുകയാണ്.




Next Story

RELATED STORIES

Share it