Big stories

ഗൂഗിളിലും കൂട്ടപ്പിരിച്ചുവിടല്‍; 10,000 ലധികം ജീവനക്കാര്‍ക്ക് ജോലി നഷ്ടമാവുമെന്ന് റിപോര്‍ട്ട്

ഗൂഗിളിലും കൂട്ടപ്പിരിച്ചുവിടല്‍; 10,000 ലധികം ജീവനക്കാര്‍ക്ക് ജോലി നഷ്ടമാവുമെന്ന് റിപോര്‍ട്ട്
X

ന്യൂയോര്‍ക്ക്: ടെക് ലോകത്തെ മുന്‍നിര കമ്പനികളായ ട്വിറ്റര്‍, മെറ്റ, ആമസോണ്‍ എന്നിവയ്ക്ക് പിന്നാലെ ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫബെറ്റും ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാനൊരുങ്ങുന്നതായി റിപോര്‍ട്ടുകള്‍. പതിനായിരത്തിലധികം ജീവനക്കാര്‍ക്ക് ജോലി നഷ്ടമാവുമെന്നാണ് വിവരം. ആഗോള സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ആറുശതമാനത്തോളം ജീവനക്കാര്‍ക്ക് പുറത്തേക്കുള്ള വഴിയൊരുക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു.

പെര്‍ഫോമന്‍സ് ഇംപ്രൂവ്‌മെന്റ് പ്ലാനിലൂടെ ജീവനക്കാരുടെ പ്രകടനം കമ്പനി വിലയിരുത്തും. ഇതുവഴി ജീവനക്കാരെ റാങ്ക് ചെയ്യും. മാത്രമല്ല, ഇതുവഴി ബോണസ്, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവ നല്‍കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാനും കമ്പനിക്ക് കഴിയും. 2023ന്റെ തുടക്കത്തോടെ ഏറ്റവും മോശമെന്ന് തോന്നുന്ന, ജോലിയില്‍ അലസത കാണിക്കുന്ന ജീവനക്കാരോട് രാജിവയ്ക്കാന്‍ കമ്പനി ആവശ്യപ്പെടും. ദയനീയ പ്രകടനം കാഴ്ചവയ്ക്കുന്ന കമ്പനിയിലെ ആറ് ശതമാനം അല്ലെങ്കില്‍ 10,000 ഓളം ജീവനക്കാരുടെ ലിസ്റ്റ് തയ്യാറാക്കാനാണ് മാനേജര്‍മാരോട് ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ നല്‍കിയ അറിയിപ്പില്‍ പെരുപ്പിച്ച സ്‌കോറുകള്‍ കുറയ്ക്കാന്‍ സൂപ്പര്‍വൈസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

നിലവില്‍ ജീവനക്കാരുടെ പിരിച്ചുവിടല്‍ സംബന്ധിച്ച് കമ്പനി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും മാസങ്ങള്‍ക്ക് മുമ്പ് സിഇഒ സുന്ദര്‍ പിച്ചെ വരാനിരിക്കുന്ന പിരിച്ചുവിടലുകളെക്കുറിച്ച് സൂചന നല്‍കിയിരുന്നു. പല ജീവനക്കാരും മികച്ച നിലയില്‍ ജോലിയെടുക്കുന്നില്ലെന്ന ആക്ഷേപം പിച്ചെ പ്രകടിപ്പിച്ചിരുന്നുവെന്നാണ് റിപോര്‍ട്ടുകള്‍ പുറത്തുവന്നത്.

ഹെഡ്ജ് ഫണ്ട് കോടീശ്വരനായ ക്രിസ്റ്റഫര്‍ ഹോണ്‍, കമ്പനിയിലെ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കാന്‍ ഉപദേശിച്ച് ഗൂഗിള്‍ മാതൃ കമ്പനിയായ ആല്‍ഫബെറ്റിന് കത്തെഴുതിയതായി റിപോര്‍ട്ട് പറയുന്നു. മറ്റ് ഡിജിറ്റല്‍ കമ്പനികളെ അപേക്ഷിച്ച് കമ്പനി തങ്ങളുടെ ജീവനക്കാര്‍ക്ക് അമിതമായ പ്രതിഫലം നല്‍കുന്നുണ്ടെന്ന് യുകെ നിക്ഷേപകന്‍ പറഞ്ഞതായി റിപോര്‍ട്ടുണ്ട്. ചരിത്രപരമായ നിയമന പാറ്റേണുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കമ്പനിയുടെ ഹെഡ്കൗണ്ട് 'അധികം' ആണെന്നും നിലവിലെ ബിസിനസ് സാഹചര്യം പാലിക്കുന്നില്ലെന്നും ഹോണ്‍ അവകാശപ്പെടുന്നു.

വളരെ കുറഞ്ഞ പ്രതിഫലം ലഭിക്കുന്ന പ്രൊഫഷനലുകളെ ഉപയോഗിച്ച് ഗൂഗിളിന് വേണ്ടത്ര ഭരണം നടത്താന്‍ കഴിയുമെന്നാണ് അദ്ദേഹം വാദിക്കുന്നത്. അമസോണ്‍, ട്വിറ്റര്‍, മെറ്റ എന്നിവര്‍ ആയിരക്കണക്കിന് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടിരുന്നു. 7,500 ജീവനക്കാരെ ഉടന്‍ പിരിച്ചുവിടുമെന്നാണ് ട്വിറ്റര്‍ മേധാവി ഇലോണ്‍ മസ്‌ക് അടുത്തിടെ പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസമാണ് മെറ്റ ഏകദേശം 11,000 ജീവനക്കാരെ പിരിച്ചുവിട്ടത്. കമ്പനിയിലെ 50 ശതമാനത്തോളം ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. ആമസോണ്‍ 10,000 ജീവനക്കാരെയും പിരിച്ചുവിടുമെന്ന് റിപോര്‍ട്ടുകളുണ്ടായിരുന്നു.

Next Story

RELATED STORIES

Share it