Latest News

വിദേശ നിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ ഓഹരി വിപണിയില്‍; 11 ദിവസത്തില്‍ 21,920 കോടിയുടെ നിക്ഷേപം

വിദേശ നിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ ഓഹരി വിപണിയില്‍; 11 ദിവസത്തില്‍ 21,920 കോടിയുടെ നിക്ഷേപം
X

മുംബൈ: ഏകദേശം ഒരു വര്‍ഷത്തോളം നീണ്ട കൂട്ടവില്‍പ്പനയ്ക്ക് ശേഷം വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരി വിപണിയിലേക്ക് തിരിച്ചെത്തുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ബുധനാഴ്ച വരെയുള്ള 11 വ്യാപാര ദിവസങ്ങളില്‍ വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ 2.4 ബില്യണ്‍ യുഎസ് ഡോളര്‍ (ഏകദേശം 21,920 കോടി) ഓഹരി വിപണിയില്‍ നിക്ഷേപിച്ചതായി നാഷണല്‍ സെക്യൂരിറ്റീസ് ഡെപോസിറ്ററി ലിമിറ്റഡ് (എന്‍എസ്ഡിഎല്‍) പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

അമേരിക്കയെയും യൂറോപ്യന്‍ യൂണിയനെയും ഉള്‍പ്പെടെ 15 രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ വ്യാപാര കരാറുകളെച്ചൊല്ലിയുള്ള പ്രതീക്ഷകളും കമ്പനികളുടെ വരുമാനത്തില്‍ മെച്ചം പ്രതീക്ഷിക്കുന്നതുമാണ് വിദേശ നിക്ഷേപകരുടെ തിരിച്ചുവരവിന് പ്രചോദനമായതെന്നാണ് വിലയിരുത്തല്‍. എന്നാല്‍ വിപണിയില്‍ സമീപകാലത്ത് ഇടിവുണ്ടായിട്ടുണ്ടെങ്കിലും നിരവധി ഓഹരികളുടെ മൂല്യം വിദേശ നിക്ഷേപകരുടെ കാഴ്ചപ്പാടില്‍ ഇപ്പോഴും ഉയര്‍ന്ന നിലയിലാണ് തുടരുന്നതെന്ന് ഓള്‍ഡ് ബ്രിഡ്ജ് അസറ്റ് മാനേജ്‌മെന്റിന്റെ ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് ഓഫീസര്‍ കെന്നത്ത് ആന്‍ഡ്രഡെ അഭിപ്രായപ്പെട്ടു.

അതേസമയം, വിദേശ നിക്ഷേപകര്‍ അതിവേഗം വലിയ തോതില്‍ തിരിച്ചെത്തുമെന്ന പ്രതീക്ഷ യാഥാര്‍ഥ്യമല്ലെന്ന് ആശിക ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റീസ് സിഇഒ രാഹുല്‍ അറോ പറഞ്ഞു. കോര്‍പറേറ്റ് വരുമാനത്തില്‍ 18 മുതല്‍ 20 ശതമാനം വരെ വളര്‍ച്ച രേഖപ്പെടുത്തിയാല്‍ മാത്രമേ ശക്തമായ വിദേശ നിക്ഷേപ പ്രവാഹം പ്രതീക്ഷിക്കാനാകൂവെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനിടെ ആഭ്യന്തര നിക്ഷേപകരുടെ ശക്തമായ പങ്കാളിത്തം ഇന്ത്യന്‍ ഓഹരി വിപണിയെ സ്ഥിരതയോടെ മുന്നോട്ട് നയിക്കുന്നതായി വിലയിരുത്തപ്പെടുന്നു. വിദേശ നിക്ഷേപകര്‍ ഏറ്റവും കൂടുതല്‍ പിന്‍വാങ്ങിയ വര്‍ഷമായിരുന്നു 2025. ആ വര്‍ഷം 1.65 ലക്ഷം കോടി രൂപയുടെ ഓഹരികളാണ് അവര്‍ വിറ്റത്. എന്നാല്‍ അതേ കാലയളവില്‍ ആഭ്യന്തര നിക്ഷേപകര്‍ 7.88 ലക്ഷം കോടി രൂപയുടെ ഓഹരികള്‍ വാങ്ങിയത് വിപണിയെ വലിയ തകര്‍ച്ചയില്‍ നിന്ന് രക്ഷപ്പെടുത്തിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു.

Next Story

RELATED STORIES

Share it