Sub Lead

നേതൃത്വത്തെ ചോദ്യം ചെയ്യില്ല; സോണിയാ ഗാന്ധിയെ കണ്ട് ഗുലാം നബി ആസാദ്

നേതൃത്വത്തെ ചോദ്യം ചെയ്യില്ല; സോണിയാ ഗാന്ധിയെ കണ്ട് ഗുലാം നബി ആസാദ്
X

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ വിമതശബ്ദം ഉയര്‍ത്തിയ ജി 23 നേതാക്കളുടെ യോഗത്തിന് പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ് കൂടിക്കാഴ്ച നടത്തി. സോണിയയുടെ വസതിയായ 10 ജന്‍പഥിലായിരുന്നു ഒന്നരമണിക്കൂര്‍ കൂടിക്കാഴ്ച. 'തിരുത്തല്‍വാദി' സംഘത്തിലെ മറ്റ് നേതാക്കളുമായും സോണിയ ചര്‍ച്ച നടത്തിയേക്കുമെന്നാണ് വിവരം. നേരത്തെ ജി-23 നേതാക്കളിലൊരാളായ മുന്‍ ഹരിയാന മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഭൂപീന്ദര്‍ സിങ് ഹൂഡ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രവര്‍ത്തക സമിതിക്ക് ശേഷം രണ്ട് തവണ ചേര്‍ന്ന ഗ്രൂപ്പ് 23 യോഗത്തിന്റെ പൊതുവികാരം ഗുലാം നബി സോണിയയെ ധരിപ്പിച്ചു.

കൂട്ടായ ചര്‍ച്ചകളിലൂടേയും കൂടിയാലോചനയിലൂടെയും മാത്രമേ മുന്നോട്ടുപോകാനാവൂ. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി സഖ്യങ്ങള്‍ രൂപപ്പെടുത്തണം. സോണിയാ ഗാന്ധിയുടെ നേതൃത്വത്തെ ആരും ചോദ്യം ചെയ്യുന്നില്ലെന്നും സംഘടന തിരഞ്ഞെടുപ്പില്‍ വിശ്വാസമുണ്ടെന്നും കൂടിക്കാഴ്ചയ്ക്കുശേഷം ആസാദ് വ്യക്തമാക്കി. ലോക്‌സഭാ തിരഞ്ഞെടുപ്പിനായി സമാനമനസ്‌കരുമായി കൂട്ടായ്മ ഉണ്ടാക്കാന്‍ ചര്‍ച്ച ആരംഭിക്കുന്നതടക്കം കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനുള്ള കാര്യങ്ങള്‍ സോണിയാ ഗാന്ധിയുമായി ഗുലാം നബി ആസാദ് ചര്‍ച്ച ചെയ്തു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ സംഘടനാ സംവിധാനം ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും സോണിയാ ഗാന്ധിയുമായി വീണ്ടും കൂടിക്കാഴ്ച നടത്തുമെന്നും പാര്‍ട്ടി പരിഷ്‌കരിക്കണമെന്ന് വാദിക്കുന്ന ജി 23യില്‍പ്പെട്ട ആസാദ് പറഞ്ഞു.

തിരഞ്ഞെടുപ്പ് തോല്‍വിയും പാര്‍ട്ടിയുടെ ഭാവിയും ചര്‍ച്ച ചെയ്യാനായി കഴിഞ്ഞ ദിവസങ്ങളില്‍ ജി23 നേതാക്കളുടെ നേതൃത്വത്തില്‍ നിരവധി തവണയാണ് രഹസ്യയോഗം നടന്നത്. അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ദയനീയ പ്രകടനത്തിനു പിന്നാലെ പാര്‍ട്ടിയില്‍ അഴിച്ചുപണി ആവശ്യപ്പെട്ട് തിരുത്തല്‍വാദി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ഗാന്ധി കുടുംബമടക്കം നേതൃത്വത്തില്‍നിന്നു മാറിനില്‍ക്കണമെന്നും എങ്കിലെ പാര്‍ട്ടിക്ക് തിരിച്ചുവരവിന് സാധ്യതയുള്ളൂവെന്നുമാണ് ഇവരുടെ നിലപാട്.

തിരഞ്ഞെടുപ്പ് പരാജയങ്ങളില്‍ ഗാന്ധി കുടുംബത്തില്‍ നിന്നുള്ള നേതാക്കളെ മാത്രം കുറ്റപ്പെടുത്താന്‍ കഴിയില്ലെന്നാണു മുതിര്‍ന്ന നേതാവ് പി ചിദംബരം പറഞ്ഞത്. ജി23 നേതാക്കള്‍ കോണ്‍ഗ്രസിനെ പിളര്‍ത്തരുതെന്നും ചിദംബരം അഭ്യര്‍ഥിച്ചു. ഉത്തരവാദിത്തത്തില്‍നിന്ന് ആര്‍ക്കും ഒളിച്ചോടാന്‍ കഴിയില്ല. നേതൃനിരയിലുള്ള എല്ലാവര്‍ക്കും ഉത്തരവാദിത്തമുണ്ട്. എന്നാല്‍, പരാജയത്തിന്റെ ഉത്തരവാദിത്തം എഐസിസി തലപ്പത്തുള്ളവര്‍ക്കു മാത്രമാണെന്നു പറയാനാവില്ലെന്നും ചിദംബരം വ്യക്തമാക്കി.

അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്ന് ജി 23 നേതാക്കള്‍ തുടര്‍ച്ചയായി യോഗം ചേര്‍ന്നുകൊണ്ടിരിക്കുകയും ഇടപെടലുകള്‍ നടത്തുകയുമാണ്. പാര്‍ട്ടി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നെഹ്‌റു കുടുംബവുമായി കൂടുതല്‍ ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് നേതാക്കള്‍ അറിയിച്ചിരുന്നു. കപില്‍ സിബല്‍ അടക്കമുള്ള തിരുത്തല്‍വാദി സംഘത്തിലുള്ളവര്‍ വീണ്ടും ഗുലാം നബി ആസാദിന്റെ വസതിയില്‍ യോഗം ചേര്‍ന്നിരുന്നു. ഭൂപീന്ദര്‍ ഹൂഡ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ ആയിരുന്നു യോഗം.

കൂടിക്കാഴ്ചയില്‍ തിരുത്തല്‍ വാദികളായ നേതാക്കളുടെ ആവശ്യങ്ങളോട് രാഹുല്‍ ഗാന്ധി സ്വീകരിച്ച നിലപാട് ഹൂഡ മറ്റ് നേതാക്കളെ അറിയിച്ചു. സംഘടനാ ജനറല്‍ സെക്രട്ടറിയായി ഉത്തരേന്ത്യന്‍ രാഷ്ട്രീയവും ഹിന്ദിയും അറിയാവുന്ന പരിചയ സമ്പത്തുള്ളയാളെ കൊണ്ടുവരണമെന്ന് ഭൂപീന്ദര്‍ ഹൂഡ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നേതൃമാറ്റം എന്ന ആവശ്യത്തില്‍ ഊന്നി ഹൈക്കമാന്‍ഡിനെ സമ്മര്‍ദ്ദത്തിലാക്കുകയാണ് ജി 23 നേതാക്കള്‍ ചെയ്യുന്നത്. കപില്‍ സിബല്‍ നെഹ്‌റു കുടുംബത്തെ പേരെടുത്ത് വിമര്‍ശിച്ചിരുന്നെങ്കിലും അങ്ങനെ ആക്ഷേപിക്കേണ്ടതില്ലെന്നാണ് ഇതര ജി 23 നേതാക്കളുടെ നിലപാട്.

Next Story

RELATED STORIES

Share it