Big stories

നാലാംഘട്ട വോട്ടെടുപ്പ്: 71 മണ്ഡലങ്ങള്‍ നാളെ പോളിങ് ബൂത്തിലേക്ക്

ഒമ്പത് സംസ്ഥാനങ്ങളിലെ 71 മണ്ഡലങ്ങളാണ് നാളെ ജനവിധി തേടുന്നത്. വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ ഇന്ന് നിശബ്ദപ്രചാരണമാണ്. മഹാരാഷ്ട്ര (17), ഉത്തര്‍പ്രദേശ് (13), രാജസ്ഥാന്‍ (13), ബംഗാള്‍ (8), മധ്യപ്രദേശ് (6), ഒഡീഷ (6), ബിഹാര്‍ (5), ജാര്‍ഖണ്ഡ് (3) എന്നീ സംസ്ഥാനങ്ങളിലാണ് ഈ മണ്ഡലങ്ങള്‍.

നാലാംഘട്ട വോട്ടെടുപ്പ്: 71 മണ്ഡലങ്ങള്‍ നാളെ പോളിങ് ബൂത്തിലേക്ക്
X

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള നാലാംഘട്ട വോട്ടെടുപ്പ് നാളെ നടക്കും. ഒമ്പത് സംസ്ഥാനങ്ങളിലെ 71 മണ്ഡലങ്ങളാണ് നാളെ ജനവിധി തേടുന്നത്. വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ ഇന്ന് നിശബ്ദപ്രചാരണമാണ്. മഹാരാഷ്ട്ര (17), ഉത്തര്‍പ്രദേശ് (13), രാജസ്ഥാന്‍ (13), ബംഗാള്‍ (8), മധ്യപ്രദേശ് (6), ഒഡീഷ (6), ബിഹാര്‍ (5), ജാര്‍ഖണ്ഡ് (3) എന്നീ സംസ്ഥാനങ്ങളിലാണ് ഈ മണ്ഡലങ്ങള്‍. ജമ്മു കശ്മീരിലെ അനന്തനാഗ് മണ്ഡലത്തില്‍ കുല്‍ഗാം ജില്ലയിലെ ഏതാനും ബൂത്തുകളിലും നാളെ വോട്ടെടുപ്പ് നടക്കും. മഹാരാഷ്ട്രയിലും ഒഡീഷയിലും ഈ ഘട്ടത്തോടെ പോളിങ് പൂര്‍ത്തിയാവും. 71 ലോക്‌സഭാ മണ്ഡലങ്ങളില്‍ കഴിഞ്ഞ തവണ കിട്ടിയ 45 സീറ്റ് നിലനിര്‍ത്താന്‍ കഴിയുമോയെന്ന ആശങ്കയിലാണ് ബിജെപി.

സമാജ്‌വാദി പാര്‍ട്ടി, ശിവസേന, തൃണമൂല്‍ കോണ്‍ഗ്രസ്, ബിജു ജനതാദള്‍ തുടങ്ങിയ പാര്‍ട്ടികള്‍ക്കും നാലാംഘട്ടം നിര്‍ണായകമാണ്. യുപിയില്‍ വോട്ടെടുപ്പ് നടക്കുന്ന 13 ല്‍ 12 സീറ്റും രാജസ്ഥാനിലെ 13 ല്‍ 13ഉം 2014 ല്‍ ബിജെപിയാണ് നേടിയത്. എസ്പിക്ക് ആകെ കിട്ടിയത് യുപിയിലെ കനൗജ് മാത്രം. എന്നാല്‍, ഇത്തവണ ഇവിടങ്ങളില്‍ ബിജെപിക്ക് കനത്ത തിരിച്ചടിയുണ്ടാവുമെന്നാണ് കണക്കുകൂട്ടല്‍. എസ്പി- ബിഎസ്പി മഹാഹസഖ്യം പല മണ്ഡലങ്ങളിലും കടുത്ത മല്‍സരമാണ് കാഴ്ചവയ്ക്കുന്നത്. രാജസ്ഥാനില്‍ കഴിഞ്ഞ തവണ ആകെയുള്ള 25 സീറ്റും ബിജെപി നേടിയെങ്കിലും ഇത്തവണ കാര്യങ്ങള്‍ അവര്‍ക്ക് അനുകൂലമല്ല. മറ്റ് മണ്ഡലങ്ങളിലെയും സ്ഥിതി വ്യത്യസ്തമല്ല. 961 സ്ഥാനാര്‍ഥികളാണ് നാലാംഘട്ടത്തില്‍ ജനവിധി തേടുന്നത്. ആകെ 12.79 കോടി വോട്ടര്‍മാര്‍ പോളിങ് ബൂത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കേന്ദ്രമന്ത്രിമാരായ ഗിരിരാജ് സിങ്, സുഭാഷ് ഭാംരെ, എസ് എസ് അലുവാലിയ, ബാബുല്‍ സുപ്രിയോ, കോണ്‍ഗ്രസില്‍നിന്നുള്ള മുന്‍ കേന്ദ്രമന്ത്രിമാരായ സല്‍മാന്‍ ഖുര്‍ഷിദ്, അധിര്‍ രഞ്ജന്‍ ചൗധുരി എന്നിവരാണ് നാലാംഘട്ടത്തില്‍ ജനവിധി തേടുന്ന പ്രമുഖര്‍. സിപിഐയുടെ വിദ്യാര്‍ഥി നേതാവായ കനയ്യകുമാറാണ് ബെഗുസരായിയില്‍ കേന്ദ്രമന്ത്രി ഗിരിരാജ് സിങ്ങിനെ നേരിടുന്നത്. മുംബൈ നോര്‍ത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ചലച്ചിത്രതാരം ഊര്‍മിളാ മതോന്ദ്കര്‍, എസ്പിയുടെ ഡിംപിള്‍ യാദവ്, തൃണമൂലിന്റെ ശതാബ്ദി റോയ്, കോണ്‍ഗ്രസ് മഹാരാഷ്ട്ര പിസിസി അധ്യക്ഷന്‍ മിലിന്ദ് ദേവ്‌റ എന്നിവരും ജനവിധി തേടുന്നുണ്ട്.

Next Story

RELATED STORIES

Share it