Big stories

കാവിവല്‍ക്കരണത്തിനു ഫണ്ട് തിരിമറി; ഭോപാല്‍ സര്‍വകലാശാല മുന്‍ വിസിക്കെതിരേ കേസ്

ആര്‍എസ്എസിന്റെ പോഷക സംഘടനകളായ അഖില ഭാരതീയ വിദ്യാര്‍ഥി പരിഷത്തി(എബിവിപി)ക്ക് 8 ലക്ഷവും രാഷ്ട്രീയ ഗ്യാന്‍ സമാഗമത്തിന് 9.50 ലക്ഷവും ഗ്രാന്റായി നല്‍കിയെന്നാണു കണ്ടെത്തല്‍

കാവിവല്‍ക്കരണത്തിനു ഫണ്ട് തിരിമറി; ഭോപാല്‍ സര്‍വകലാശാല മുന്‍ വിസിക്കെതിരേ കേസ്
X

ഭോപാല്‍: കാവിവല്‍ക്കരണത്തിനു വേണ്ടി സര്‍വകലാശാല ഫണ്ട് ആര്‍എസ്എസിന്റെ പോഷകസംഘടനകള്‍ക്കു അനധികൃതമായി നല്‍കിയെന്ന സംഭവത്തില്‍ ഭോപാല്‍ സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ക്കെതിരേ കേസ്. രാജ്യത്തെ പ്രഥമ ജേണലിസം സര്‍വകലാശാലയായ ഭോപാലിലെ മഖന്‍ലാല്‍ ചതുര്‍വേദി നാഷനല്‍ യൂനിവേഴ്‌സിറ്റി ഓഫ് ജേണലിസം മുന്‍ വിസി ബി കെ കുത്യാലയ്‌ക്കെതിരേയാണ് മധ്യപ്രദേശ് പോലിസിന്റെ സാമ്പത്തികക്രമക്കേട് സംബന്ധിച്ച് അന്വേഷിക്കുന്ന വിഭാഗം(ഇഒഡബ്ല്യു) എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. പ്രാഥമികാന്വേഷണത്തിനു ശേഷമാണ് കുത്യാലയ്‌ക്കെതിരേ കേസെടുത്തതെന്ന് ഇഒഡബ്ല്യു എസ്പി അരുണ്‍മിശ്ര പറഞ്ഞു. സംഭവത്തില്‍ ഇദ്ദേഹത്തെ കൂടാതെ മറ്റു 19 പേര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്.

യോഗ്യതയില്ലാത്ത അധ്യാപകരെ നിയമിച്ചു, യോഗ്യതയില്ലാത്ത സംഘടനകള്‍ക്ക് അനധികൃതമായി ഫണ്ട് നല്‍കാന്‍ ഗൂഢാലോചന നടത്തി, സര്‍വകലാശാല ഫണ്ട് വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തപ്പെട്ടിട്ടുള്ളത്. ആര്‍എസ്എസിന്റെ പോഷക സംഘടനകളായ അഖില ഭാരതീയ വിദ്യാര്‍ഥി പരിഷത്തി(എബിവിപി)ക്ക് 8 ലക്ഷവും രാഷ്ട്രീയ ഗ്യാന്‍ സമാഗമത്തിന് 9.50 ലക്ഷവും ഗ്രാന്റായി നല്‍കിയെന്നാണു കണ്ടെത്തല്‍. കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം മൂന്നംഗ സമിതിയെ അന്വേഷണത്തിനു നിയോഗിച്ചിരുന്നു. ഇവരുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സംഘപരിവാര ആശയക്കാരനെ 10 ലക്ഷത്തോളം രൂപ നല്‍കി ഗസ്റ്റ് ലക്ചററായി നിയമിച്ചെന്നും മദ്യകമ്പനി ഉണ്ടാക്കിയെന്നും ചട്ടംലംഘിച്ച് ഭാര്യയ്ക്കു വിദേശയാത്ര നല്‍കാന്‍ പണം തിരിമറി നടത്തിയെന്നും സംഘം കണ്ടെത്തിയിരുന്നു. 2010 മുതല്‍ 2018 വരെയാണ് ഇദ്ദേഹം വിസിയായി സേവനമനുഷ്ഠിച്ചിരുന്നത്.

ഇക്കാലയളവില്‍ സര്‍വകലാശാലയില്‍ കാവിവല്‍ക്കരണം നടപ്പാക്കാനുള്ള നീക്കങ്ങള്‍ക്കെതിരേ ശക്തമായ വിദ്യാര്‍ഥി പ്രതിഷേധം ഉയര്‍ന്നിരുന്നു. സംഘപരിവാരവുമായി അടുത്ത ബന്ധമുള്ള കുത്യാലയെ ശിവരാജ് സിങ് ചൗഹാന്റെ ഭരണകാലത്താണ് വൈസ് ചാന്‍സലറായി നിയോഗിച്ചത്. ഇദ്ദേഹത്തിന്റെ കാലത്ത് സര്‍വകലാശാല കാംപസ് വലതുപക്ഷ രാഷ്ട്രീയത്തിന്റെ വിളനിലമായിരുന്നുവെന്ന് അന്നത്തെ വിദ്യാര്‍ഥികള്‍ ആരോപിച്ചിരുന്നു. പശു ഷെഡ് നിര്‍മാണം, അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിനു വേണ്ടിയുള്ള സന്ന്യാസി സമാഗനില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെട്ടുള്ള പോസ്റ്ററുകളിലും ഇക്കാലത്ത് കാംപസിലുണ്ടായിരുന്നു. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ഇതിനെതിരേ ശക്തമായ നടപടിയെടുക്കുമെന്ന് തിരഞ്ഞെടുപ്പ് റാലിയില്‍ വാഗ്ദാനം ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മൂന്നംഗ അന്വേഷണ സമിതി രൂപീകരിച്ചു റിപോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടത്. അന്വേഷണം തുടരുകയാണെന്നും തെളിവുകള്‍ ശേഖരിച്ച ശേഷം അറസ്റ്റ് നടപടികളിലേക്ക് നീങ്ങുമെന്നും അന്വേഷണസംഘത്തിന്റെ ഡയറക്ടര്‍ ജനറല്‍ കെ എന്‍ തിവാരി പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തെ കുറിച്ച് കുത്യാരയുടെ പ്രതികരണം ലഭ്യമായിട്ടില്ല. എന്നാല്‍ ആര്‍എസ്എസ് മേഖലാ പ്രചാരണ വിഭാഗത്തിന്റെ ചുമതലയുള്ള നരേന്ദ്രമെയിന്‍ ആരോപണങ്ങള്‍ നിഷേധിച്ചു.



Next Story

RELATED STORIES

Share it