Sub Lead

തബ്‌രീസ് കൊല്ലപ്പെട്ടത് പോലിസ് കസ്റ്റഡിയില്‍; അഞ്ചുപേര്‍ അറസ്റ്റില്‍, രണ്ടു പോലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

മണിക്കൂറൂകളോളം മര്‍ദ്ദിച്ച് അബോധാവസ്ഥയിലായപ്പോഴാണ് പോലിസിന് കൈമാറിയത്. എന്നാല്‍, നാലു ദിവസം കസ്റ്റഡിയില്‍ വച്ചതിന് ശേഷമാണ് പോലിസ് തബ്‌രീസിനെ ആശുപത്രിയിലെത്തിച്ചത്. ശനിയാഴ്ച്ച ആശുപത്രിയില്‍ എത്തിയപ്പോഴേക്കും തബ്‌രീസ് മരിച്ചിരുന്നു

തബ്‌രീസ് കൊല്ലപ്പെട്ടത് പോലിസ് കസ്റ്റഡിയില്‍; അഞ്ചുപേര്‍ അറസ്റ്റില്‍, രണ്ടു പോലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍
X

റാഞ്ചി: ജാര്‍ഖണ്ഡില്‍ മോഷണക്കുറ്റമാരോപിച്ച് മര്‍ദ്ദിക്കപ്പെട്ട മുസ്‌ലിം യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം ശക്തമായതിന് പിന്നാലെ അഞ്ച് പേരെ അറസ്റ്റ് ചെയ്തു. കൃത്യവിലോപം കാട്ടിയ രണ്ട് പോലിസുകാരെ സസ്‌പെന്റ് ചെയ്തു. കേസില്‍ ഒരാള്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണ്.

ബൈക്ക് മോഷ്ടിച്ചുവെന്നാരോപിച്ചാണ് 24കാരനായ തബ്‌രീസ് അന്‍സാരിയെ ഒരു സംഘം വളഞ്ഞിട്ട് മര്‍ദ്ദിച്ചത്. ചൊവ്വാഴ്ച്ച ജംഷഡ്പൂരില്‍ നിന്ന് കാര്‍സോവയിലേക്കുള്ള വീട്ടിലേക്ക് രണ്ടു സുഹൃത്തുക്കളോടൊപ്പം മടങ്ങവേയാണ് ബൈക്ക് മോഷ്ടിച്ചുവെന്നാരോപിച്ച് ആക്രമണം നടന്നത്. തബ്‌രീസിന്റെ വീട്ടില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെയായിരുന്നു സംഭവവമെന്ന് ബന്ധുക്കള്‍ പറഞ്ഞു.

അക്രമികള്‍ തബ്‌രീസിനെ തൂണില്‍ കെട്ടിയിട്ട് മര്‍ദ്ദിക്കുന്നതിന്റെയും ജയ്ശ്രീറാമും ജയ് ഹനുമാനും വിളിപ്പിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. മണിക്കൂറൂകളോളം മര്‍ദ്ദിച്ച് അബോധാവസ്ഥയിലായപ്പോഴാണ് പോലിസിന് കൈമാറിയത്. എന്നാല്‍, നാലു ദിവസം കസ്റ്റഡിയില്‍ വച്ചതിന് ശേഷമാണ് പോലിസ് തബ്‌രീസിനെ ആശുപത്രിയിലെത്തിച്ചത്. ശനിയാഴ്ച്ച ആശുപത്രിയില്‍ എത്തിയപ്പോഴേക്കും തബ്‌രീസ് മരിച്ചിരുന്നു.

തബ്‌രീസിനെ ആശുപത്രിയിലെത്തിക്കുന്നതിന് വളരെ മുമ്പ് തന്നെ മരിച്ചിരുന്നതായി ബന്ധുക്കളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപോര്‍ട്ട് ചെയ്തു. പല തവണ ആവശ്യപ്പെട്ടിട്ടും പോലിസ് അദ്ദേഹത്തിന് ചികില്‍സ നല്‍കാന്‍ കൂട്ടാക്കിയില്ല. തബ്‌രീസിനെ കാണണമെന്ന ബന്ധുക്കളുടെ ആവശ്യം അംഗീകരിക്കാനും പോലിസ് തയ്യാറായില്ല. സംഭവത്തില്‍ വീഴ്ച്ച വരുത്തിയ പോലിസ്, ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കുമെതിരേ നടപടി സ്വീകരിക്കണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു.



മുസ്‌ലിമായതിന്റെ പേരിലാണ് അദ്ദേഹത്തെ മര്‍ദ്ദിച്ചു കൊന്നത്. എനിക്കാരുമില്ല. ഭര്‍ത്താവ് മാത്രമായിരുന്നു എനിക്ക് ആകെയുള്ള തുണ. എനിക്ക് നീതി കിട്ടണം-തബ്‌രീസിന്റെ ഭാര്യ ഷാഹിസ്ത പര്‍വീണ്‍ പറഞ്ഞു.

സംഭവത്തെ ജമ്മുകശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി ശക്തമായി അപലപിച്ചു. ബിജെപി ഭരിക്കുന്ന ജാര്‍ഖണ്ഡില്‍ തബ്‌രീസ് അന്‍സാരിയെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊലപ്പെടുത്തിയിരിക്കുന്നു. ജയ്ശ്രീറാം വിളിക്കാന്‍ വിസമ്മതിച്ചതിന്റെ പേരിലാണ് ഹിന്ദുക്കള്‍ അദ്ദേഹത്തെ ക്രൂരമായി കൊലപ്പെടുത്തിയത്. രണ്ടാം എന്‍ഡിഎ സര്‍ക്കാരിന്റെ പുതിയ ഇന്ത്യ ഇതാണോ? എല്ലാവരുടെയും വിശ്വാസം ആര്‍ജിക്കുന്നത് ഇങ്ങിനെയാണോ?- മെഹ്ബൂബ മുഫ്തി ട്വിറ്ററില്‍ ചോദിച്ചു.

എല്ലാ ആള്‍ക്കൂട്ടക്കൊലയുടെയും രീതി ഇതു തന്നെയാണെന്ന് ഹൈദരാബാദ് എംപി അസദുദ്ദീന്‍ ഉവൈസി പ്രതികരിച്ചു. ആദ്യം പശുസ്‌നേഹികള്‍ ഒരു മുസ്‌ലിമിനെ കൊല്ലും. തുടര്‍ന്ന് പശുവിറച്ചി കൈവശം വച്ചുവെന്ന സംശയം, മോഷണം, കള്ളക്കടത്ത്, ലൗ ജിഹാദ് തുടങ്ങിയ പരിഹാസ്യമായ ന്യായങ്ങളുണ്ടാക്കും. വെറും സംശയത്തിന്റെ പേരില്‍ കൊല്ലപ്പെടുന്നത് എല്ലാവരുടെയും വിശ്വാസം ആര്‍ജിക്കാന്‍ ധാരാളമാണെന്ന് ഉവൈസി പരിഹസിച്ചു.

ഈവര്‍ഷം നടക്കുന്ന ഇത്തരത്തിലുള്ള 11ാമത്തെ സംഭവമാണ് തബ്‌രീസിന്റേതെന്ന് വസ്തുതാ പരിശോധനാ വെബ്‌സൈറ്റായ ഫാക്ട്‌ചെക്കര്‍ വ്യക്തമാക്കുന്നു. 59 ശതമാനം കേസുകളിലും മുസ്‌ലിംകളാണ് ഇരകള്‍. 28 ശതമാനം സംഭവങ്ങള്‍ പശുവുമായി ബന്ധപ്പെട്ടതായിരുന്നു.

Next Story

RELATED STORIES

Share it