Sub Lead

മുത്തലാഖ് നിയമത്തില്‍ സംസ്ഥാനത്തെ ആദ്യ കേസ്: നിയമത്തിന്റെ ദുരുപയോഗമെന്ന വാദം ശക്തം

മുക്കം കുമാരനല്ലൂര്‍ തടപ്പറപ്പ് സ്വദേശിനിയുടെ പരാതി പ്രകാരം മുക്കം സ്വദേശിയായ ഉസാമിനെയാണ് മുത്തലാഖ് നിയമത്തിനു കീഴില്‍ കഴിഞ്ഞ ദിവസം മുക്കം പോലിസ് അറസ്റ്റ് ചെയ്തത്

മുത്തലാഖ് നിയമത്തില്‍ സംസ്ഥാനത്തെ ആദ്യ കേസ്: നിയമത്തിന്റെ ദുരുപയോഗമെന്ന വാദം ശക്തം
X

കോഴിക്കോട്: മുത്തലാഖുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത ആദ്യ കേസ് മുത്തലാഖ് നിയമത്തിന്റെ ദുരുപയോഗമാണെന്ന വാദം ശക്തം. മുക്കം കുമാരനല്ലൂര്‍ തടപ്പറപ്പ് സ്വദേശിനിയുടെ പരാതി പ്രകാരം മുക്കം സ്വദേശിയായ ഉസാമിനെയാണ് മുത്തലാഖ് നിയമത്തിനു കീഴില്‍ കഴിഞ്ഞ ദിവസം മുക്കം പോലിസ് അറസ്റ്റ് ചെയ്തത്. കുടുംബ കോടതിയില്‍ കേസ് നേരത്തെ നിലവിലുണ്ടെന്ന് നിരീക്ഷിച്ച് യുവാവിന് കോടതി ജാമ്യം അനുവദിച്ചിരുന്നു.

ഉസാം നിരന്തരം ശാരീരിക പീഡനത്തിന് ഇരയാക്കുന്നുവെന്നും തന്റെ വീട്ടിലെത്തി മുത്തലാഖ് ചൊല്ലി വിവാഹ ബന്ധം വേര്‍പെടുത്തിയെന്നും കാണിച്ചാണ് യുവതി താമരശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് രണ്ടില്‍ അന്യായം ഫയല്‍ ചെയ്തത്. 2011 മെയ് 25ന് ഇസ്‌ലാമിക വിശ്വാസപ്രകാരം വിവാഹിതരായെന്നും ഭര്‍ത്താവില്‍നിന്നും നിരന്തര പീഡനം ഏല്‍ക്കേണ്ടി വന്നെന്നും പരാതിയില്‍ പറയുന്നു. പീഡനം അസഹ്യമായതോടെ താമരശ്ശേരി കോടതിയില്‍ ഗാര്‍ഹിക പീഡന നിയമപ്രകാരം അന്യായം ഫയല്‍ ചെയ്തിരുന്നു. ഇത് ഒത്തുതീര്‍പ്പാക്കി വിദേശത്തേക്ക് കൊണ്ടു പോയെങ്കിലും പീഡനം തുടര്‍ന്നതോടെ നാട്ടിലെത്തിച്ച് നല്‍കാമെന്ന ഉറപ്പില്‍ ഏതാനും പേപ്പറുകളില്‍ ഒപ്പിടീക്കുകയും രണ്ട് മാസങ്ങള്‍ക്ക് മുമ്പ് നാട്ടിലെത്തിക്കുകയും ചെയ്തു. തന്റെ തിരിച്ചറിയല്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള രേഖകള്‍ ആവശ്യപ്പെട്ടപ്പോള്‍ നല്‍കിയില്ലെന്നും മറ്റൊരു വിവാഹം കഴിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പിന്നീട് വിവാഹം കഴിച്ചതായി മനസ്സിലായെന്നും പരാതിയിലുണ്ട്. അന്യായം ഫയലില്‍ സ്വീകരിച്ച കോടതി കേസെടുക്കുകയും പ്രതിയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ വാറണ്ട് പുറപ്പെടുവിക്കുകയുമായിരുന്നു. തുടര്‍ന്നാണ് ഉസാം അറസ്റ്റിലായത്.

അതേസമയം, വേര്‍പിരിഞ്ഞ് മറ്റു ഇണകളെ കണ്ടെത്താമെന്ന പരസ്പര ധാരണ പ്രകാരം ഇരു വിഭാഗവും നേരത്തേ തന്നെ കോടതിയെ സമീപിച്ചിരുന്നു. അതിനിടെ, യുവാവ് മറ്റൊരു ഇണയെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചതോടെ മുത്തലാഖ് നടത്തിയെന്ന് ആരോപിച്ച് യുവതി കോടതിയെ സമീപിക്കുകയായിരുന്നുവെന്നാണ് ആരോപണം.ഒരു ത്വലാഖ് പോലും സംഭവിക്കാത്ത കേസില്‍ മുത്തലാഖിന്റെ യാതൊരു രേഖയുമില്ലാതെ കക്ഷിയുടെ വാക്കാലുള്ളമൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രം കോടതി ഭര്‍ത്താവിനെതിരേ കേസെടുക്കാന്‍ നിര്‍ദേശിക്കുകയും പോലിസ് യുവാവിനെ അറസ്റ്റു ചെയ്യുകയുമായിരുന്നുവെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. മുത്തലാഖ് ബില്‍ പാസ്സാക്കുന്നതിന് മുമ്പ് തന്നെ ഇത് ദുരുപയോഗം ചെയ്യപ്പെടുമെന്ന വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇത് സാധൂകരിക്കുന്നതാണ് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത ആദ്യ കേസ്.

വിരോധവും ശത്രുതയും തീര്‍ക്കാന്‍ ഒരുമ്പെട്ടിറങ്ങുന്നവര്‍ക്ക് ഈ നിയമത്തെ ആയുധമാക്കാം എന്നു മാത്രമല്ല നിരപരാധികളെ പോലും കുരുക്കില്‍പ്പെടുത്തുന്നതിന് ഇതിനെ ദുരുപയോഗപ്പെടുത്താം എന്നും തെളിയിക്കുന്നതാണ് ഈ നിയമമെന്ന് എസ്‌കെഎസ്എസ്്എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഫേസ് ബുക്ക് പോസ്റ്റില്‍ കുറ്റപ്പെടുത്തി. നിയമനിര്‍മാണമോ സുപ്രിം കോടതി ഇടപെടലോ ഇക്കാര്യത്തില്‍ ആവശ്യമാണെന്നും സ്ത്രീകളുടെ ഭാഗത്ത് നിന്ന് തന്നെ ഇതിനെതിരേ നീക്കങ്ങള്‍ നടക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it