Sub Lead

അമേരിക്കന്‍ ഭീഷണി വിലപ്പോയില്ല; റഷ്യയുടെ എസ്-400 മിസൈല്‍ സംവിധാനം തുര്‍ക്കിയിലെത്തി

അമേരിക്കന്‍ ഭീഷണി വിലപ്പോയില്ല; റഷ്യയുടെ എസ്-400 മിസൈല്‍ സംവിധാനം തുര്‍ക്കിയിലെത്തി
X

ആങ്കറ: റഷ്യന്‍ എസ്-400 മിസൈല്‍ സംവിധാനത്തിന്റെ ഭാഗമായുള്ള ആദ്യ ഉപകരണങ്ങള്‍ തുര്‍ക്കിയിലെത്തി. നാറ്റോ അംഗമായ തുര്‍ക്കിയും അമേരിക്കയും തമ്മിലുള്ള തര്‍ക്കം ഇതോടെ രൂക്ഷമായേക്കും. അത്യാധുനിക വ്യോമ പ്രതിരോധ സംവിധാനത്തിന് വേണ്ടിയുള്ള ഉപകരണങ്ങള്‍ തലസ്ഥാനമായ ആങ്കറയ്ക്കു പുറത്തെ മുര്‍തദ് വ്യോമതാവളത്തിലാണ് എത്തിയതെന്ന് പ്രതിരോധമന്ത്രാലയം അറിയിച്ചു. ബാക്കി ഭാഗങ്ങള്‍ വരും ദിവസങ്ങളില്‍ എത്തുമെന്നും തുര്‍ക്കി പ്രതിരോധ വ്യവസായ ഡയറക്ടറേറ്റ് അറിയിച്ചു.

ഈ വര്‍ഷം ഒക്ടോബറോട് കൂടി വ്യോമ പ്രതിരോധ സംവിധാനം പ്രവര്‍ത്തന സജ്ജമാവുമെന്ന് അധികൃതരെ ഉദ്ധരിച്ച് അല്‍ജസീറ റിപോര്‍ട്ട് ചെയ്തു. അമേരിക്കയുടെ കടുത്ത എതിര്‍പ്പിനെ മറികടന്നാണ് തുര്‍ക്കി റഷ്യയില്‍ നിന്ന് എസ്-400 മിസൈല്‍ സംവിധാനം വാങ്ങിയിരിക്കുന്നത്. എസ്-400 തുര്‍ക്കിയില്‍ എത്തുന്നത് തന്നെ ഉപരോധത്തിന് കാരണമാവുമെന്ന് അമേരിക്ക ഭീഷണി മുഴക്കിയിരുന്നു.

ഒരു നാറ്റോ അംഗവും റഷ്യയും തമ്മില്‍ ആദ്യമായാണ് ഇങ്ങിനെയൊരു കരാര്‍. ഇതില്‍ നിന്ന് തുര്‍ക്കിയെ പിന്തിരിപ്പിക്കാന്‍ അമേരിക്ക കിണഞ്ഞ് പരിശ്രമിച്ചിരുന്നു. 200 കോടി ഡോളറിന്റെ കരാറുമായി മുന്നോട്ട് പോയാല്‍ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുമെന്നായിരുന്നു യുഎസ് മുന്നറിയിപ്പ്. എഫ്-35 യുദ്ധ വിമാനങ്ങള്‍ നിര്‍മിക്കാനുള്ള പദ്ധതിയില്‍ തുര്‍ക്കിയെ ഉള്‍പ്പെടുത്തില്ലെന്നും അമേരിക്ക അറിയിച്ചിരുന്നു.

റഷ്യന്‍ സംവിധാനം നാറ്റോ സംവിധാനവുമായി ചേര്‍ന്ന് പോവാത്തതാണെന്നും ഇത് എഫ്-35 വിമാനങ്ങള്‍ക്കു ഭീഷണിയാണെന്നുമാണ് അമേരിക്ക തുടര്‍ച്ചയായി പറഞ്ഞുകൊണ്ടിരിക്കുന്നത്.

സുപ്രധാനമായ ഒരു രാഷ്ട്രീയ നീക്കമാണ് തുര്‍ക്കിയുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നതെന്ന് നോട്ടിങ്ഹാം യൂനിവേഴ്‌സിറ്റിയിലെ സംഘര്‍ഷ സുരക്ഷാ വിഭാഗം പ്രൊഫസര്‍ അഫ്‌സല്‍ അഷ്‌റഫ് പറഞ്ഞു. ഇതാദ്യമായാണ് ഒരു പ്രമുഖ നാറ്റോ രാജ്യം റഷ്യയില്‍ നിന്ന് ആയുധങ്ങള്‍ വാങ്ങുന്നത്. നാറ്റോ അംഗങ്ങള്‍ക്ക് മേല്‍ അമേരിക്കയ്ക്ക് ആധിപത്യമില്ലെന്ന രാഷ്ട്രീയ പ്രസ്താവന കൂടിയാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തുര്‍ക്കിയും അമേരിക്കയും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാവാന്‍ ഈ വിഷയം കാരണമായേക്കും. അമേരിക്കന്‍ പാസ്റ്ററെ തടവിലാക്കിയതിന്റെ പേരില്‍ കഴിഞ്ഞ വര്‍ഷം അമേരിക്ക തുര്‍ക്കിക്കെതിരേ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. പിന്നീട് പാസ്റ്ററെ മോചിപ്പിച്ചതിനെ തുടര്‍ന്നാണ് ഉപരോധം പിന്‍വലിച്ചത്.

അതേ സമയം, ഏത് രാജ്യത്ത് നിന്ന് പ്രതിരോധ ഉപകരണങ്ങള്‍ വാങ്ങണമെന്നത് തങ്ങളുടെ രാജ്യത്തിന്റെ പരമാധികാരത്തില്‍പ്പെട്ടതാണെന്നാണ് തുര്‍ക്കിയുടെ നിലപാട്.

Next Story

RELATED STORIES

Share it