Sub Lead

സംസ്ഥാനത്തെ ആദ്യ പഴ സംസ്‌കരണ കേന്ദ്രം ഫ്രീസറിലൊതുങ്ങുന്നു

സംസ്ഥാനത്തെ ആദ്യ പഴ സംസ്‌കരണ കേന്ദ്രം ഫ്രീസറിലൊതുങ്ങുന്നു
X

തൃശ്ശൂര്‍: സംസ്ഥാനത്ത് പൊതുമേഖലാ രംഗത്ത് ആദ്യമായി സ്ഥാപിച്ച പഴ സംസ്‌കരണ കേന്ദ്രം ഫ്രീസറിലൊതുങ്ങുന്നു. ചക്കയില്‍ നിന്നു ഉപോല്‍പ്പന്നങ്ങളുണ്ടാക്കി ആഭ്യന്തര-വിദേശ വിപണിയിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെ പൊയ്യ ഗ്രാമപ്പഞ്ചായത്തിലെ പൂപ്പത്തിയില്‍ സ്ഥാപിച്ച കേന്ദ്രമാണ് ഉപയോഗപ്രദമാവാതെ കിടക്കുന്നത്. ചക്ക ഹല്‍വ, ചക്ക ചമ്മന്തിപ്പൊടി, ചക്ക അച്ചപ്പം, ചക്ക പപ്പടം, ചക്ക കൊണ്ടാട്ടം, ചക്ക പായസം, ചക്ക മടല്‍ അച്ചാര്‍, സ്‌ക്വാഷ്, വിവിധതരം മിഠായികള്‍ എന്നിങ്ങനെ നിരവധി വിഭവങ്ങള്‍ ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഫാക്ടറി സ്ഥാപിച്ചതെങ്കിലും എങ്ങുമെത്തിയില്ല. ചക്കക്കുരു ഉല്‍പ്പന്നങ്ങളും ചക്കമടല്‍ ഉപയോഗിച്ചുള്ള കാലിത്തീറ്റയും വരെ പ്രഥമ ലക്ഷ്യത്തിലുണ്ടായിരുന്നു.

ഇതിനു ശേഷം പൈനാപ്പിള്‍, മാങ്ങ, കശുമാങ്ങ തുടങ്ങിയ ഫലങ്ങളില്‍ നിന്നുമുള്ള ഉപോല്‍പ്പന്നങ്ങളും ലക്ഷ്യമായിരുന്നു. ഫാക്ടറിയില്‍ ഇപ്പോള്‍ ചക്ക ഉണക്കല്‍ മാത്രമാണ് ചെയ്യുന്നത്. 25 കിലോ കൊള്ളുന്ന ഡ്രയര്‍ മാത്രമാണ് ഇവിടെയുള്ളത്. ഫ്രീസര്‍ കടയില്‍ ഉപയോഗിക്കുന്ന വിധത്തിലുള്ളതാണ്. വൈദ്യുതി നിലച്ചാല്‍ സൂക്ഷിച്ചുവച്ച ചക്ക കേടായിപ്പോവുന്ന അവസ്ഥയാണ്. വൈദ്യുതി ബായ്ക്കപ്പ് സംവിധാനമില്ല. വലിയ ഫ്രീസറൊരുക്കുമെന്ന വാഗ്ദാനവും പാലിക്കപ്പെട്ടിട്ടില്ല. ഇതിനു പുറമെയാണ് തൊഴിലാളികളോടുള്ള സമീപനം. ആര്‍ക്കും കരാര്‍ പോലും പുതുക്കി നല്‍കിയിട്ടില്ല. ഒരു കമ്പനിയില്‍ ലഭിക്കുന്ന ആനുകൂല്യങ്ങളോ, മിനിമം കൂലിയോ ലഭിക്കുന്നില്ല. യന്ത്രങ്ങള്‍ എല്ലാം പഴയതും കേടായതും ആണ്. കുടിവെള്ളം പുറത്ത് നിന്നു വാങ്ങുകയാണെന്ന് തൊഴിലാളികള്‍ ആരോപിച്ചു. ഫാക്ടറിയില്‍ ലഭിക്കുന്ന വെള്ളം ശുദ്ധീകരിക്കാനായി സംവിധാനമൊരുക്കിയിട്ടുണ്ടെങ്കിലും അതിലെ മോട്ടോര്‍ തകരാറിലായ ശേഷം പുറത്ത് നിന്നുമുള്ള വെള്ളമാണ് ആശ്രയിക്കുന്നത്. അതിനുതന്നെ നല്ലൊരു തുക ചെലവഴിക്കണം.

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വാങ്ങിയ യന്ത്രങ്ങളെല്ലാം ഉപയോഗശൂന്യമാണ്. ഏറ്റവും പഴയ ടെക്‌നോളജിയിലുള്ളതും കാലഹരണപ്പെട്ടതുമായ യന്ത്രങ്ങള്‍ വലിയ കമ്മീഷന്‍ തട്ടാനായാണ് വാങ്ങിയതെന്നും ആരോപണമുണ്ട്. സ്ഥാപിച്ചിരിക്കുന്ന യന്ത്രങ്ങളില്‍ പലതിലും വൈദ്യുതി കണക്ഷന്‍ കൊടുക്കുക പോലും ചെയ്തിട്ടില്ല. സ്ഥാപിച്ചിരിക്കുന്ന മെഷിനറികളില്‍ ഡ്രയറും പള്‍പ്പാക്കുന്നതും മാത്രമാണ് പ്രവര്‍ത്തിപ്പിക്കാനാവുന്നത്. ചക്ക പള്‍പ്പാക്കുന്ന മെഷീന്‍ വല്ലപ്പോഴുമാണ് പ്രവര്‍ത്തിപ്പിക്കുന്നത്. തീപ്പിടിത്തമുണ്ടായാലതിനെ പ്രതിരോധിക്കാനായി ഒരു ഫയര്‍ എക്സ്റ്റിങ്ര്‍ മാത്രമാണുള്ളത്. ഇത്തരം സ്ഥാപനങ്ങള്‍ക്കാവശ്യമായ സേഫ്റ്റി സംവിധാനങ്ങളിവിടെ ഒരുക്കിയിട്ടില്ല. ഭക്ഷ്യവസ്തുക്കള്‍ ഉണ്ടാക്കുന്ന ഇടങ്ങളിലുണ്ടാവേണ്ട സംവിധാനങ്ങളൊന്നും തന്നെയില്ല.

മേല്‍ക്കൂരയിലെ ഷീറ്റിനടിയില്‍ റൂഫ് വര്‍ക്ക് ചെയ്യണമെന്നത് പോലും ചെയ്തിട്ടില്ല. ഉദ്ഘാടന സമയത്ത് പൊയ്യ ഗ്രാമപഞ്ചായത്ത് ഭരിച്ചിരുന്നവരുടെയടക്കം ഒത്താശയോടെയാണ് ഫാക്ടറിക്ക് പ്രവര്‍ത്തനാനുമതി ലഭിച്ചതെന്നും ആരോപണമുണ്ട്. സ്‌റ്റോര്‍ റൂമില്ല. ആവശ്യമായ ഫ്രീസിങ് സംവിധാനമില്ലാത്തതിനാല്‍ എടുക്കുന്നതും ചുള പറിച്ചതും മറ്റുമായ ചക്ക ഇടക്കിടെ കേടാവുകയാണ്. പൊടിയാക്കിയത് പാക്ക് ചെയ്യാനായി ചില സമയങ്ങളില്‍ കവറോ സ്റ്റിക്കറോ ഉണ്ടാവാറില്ല. ഫാക്ടറി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കാണിക്കാനായും ജനരോഷം ഉയരാതിരിക്കാനും മാത്രമാണ് പണികള്‍ നടക്കുന്നത്. വി ആര്‍ സുനില്‍കുമാര്‍ എംഎല്‍എ ഇടയ്ക്കിടെ എത്തി നടത്തുന്ന യോഗത്തില്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ മിനുറ്റ്‌സില്‍ മാത്രമൊതുങ്ങുകയാണ്. കുറച്ച് നാള്‍ മുമ്പ് ഫാക്ടറിയിലെത്തിയ എംഎല്‍എ എംഡിയോടടക്കം രൂക്ഷമായി സംസാരിച്ചിട്ടും ഫലമുണ്ടായിട്ടില്ല. ഒടുവില്‍ ഫാക്ടറിയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ പറയുന്നിടത്ത് വരെ കാര്യങ്ങളെത്തിയിരിക്കുകയാണ്.

വി ആര്‍ സുനില്‍കുമാര്‍ എംഎല്‍എയുടെ പിതാവ് വി കെ രാജന്‍ കൃഷി മന്ത്രിയായിരിക്കെയാണ് ഇവിടെ പഴ സംസ്‌കരണ ഫാക്ടറിക്ക് ശിലയിട്ടത്. ഫാക്ടറിയിലെത്തുന്ന ചക്ക തൊഴിലാളികള്‍ പരമ്പരാഗതമായ രീതിയിലാണ് കൈകാര്യം ചെയ്യുന്നത്. ചക്ക പല രീതിയിലാക്കാനുള്ള യന്ത്രസംവിധാനങ്ങളുണ്ടെങ്കിലും ഇവിടെ അതൊന്നുമില്ല. ജോലിഭാരം കുറച്ച് കൂടുതല്‍ പ്രവര്‍ത്തനക്ഷമമാക്കുന്ന യന്ത്രസംവിധാനങ്ങള്‍ ഒരുക്കണമെന്ന തൊഴിലാളികളുടെ ആവശ്യം ആരുംതന്നെ നടപ്പാക്കിയിട്ടില്ല. ചക്ക പൊടിയാക്കി പുറത്ത് വില്‍പ്പന നടത്തുകയാണ്. തൊഴിലാളികളുടെ കൂലി, ഉദ്യോഗസ്ഥരുടെ ശമ്പളം, വൈദ്യുതി ചെലവ് തുടങ്ങിയവയിലേക്ക് ആവശ്യമായ വരുമാനമില്ല. രണ്ട് പുരുഷന്‍മാരും ആറ് സ്ത്രീകളുമാണ് തൊഴിലാളികളായുള്ളത്. 300 രൂപയാണ് ഇവരുടെ കൂലി. മാനേജര്‍ക്ക് 600 രൂപയും. ഒരു കിലോ ചക്ക ഏഴ് രൂപ പ്രകാരമാണെടുക്കുന്നത്. 150 കിലോ ചക്ക എടുത്താന്‍ 30-35 കിലോ പച്ച ചുളയാണുണ്ടാവുക. അത് ഉണക്കിയാല്‍ എട്ട് കിലോഗ്രാമോളമാണ് ഉണങ്ങിയത് കിട്ടുക. ഇത് പൊടിച്ച് 360 രൂപ പ്രകാരം വില്‍പ്പന നടത്തുമ്പോള്‍ 2880 രൂപയാണ് ലഭിക്കുക. ഇതില്‍ തൊഴിലാളികള്‍ക്ക് ശമ്പള ഇനത്തില്‍ 2400, കൂടാതെ മനേജര്‍ 600, സെക്യൂരിറ്റിക്ക് വേറെയും നല്‍കേണ്ടി വരും. കണക്ക് നോക്കുമ്പോള്‍ നഷ്ടക്കണക്കാണ്. ഇതൊന്നും കൂടാതെ 10 മണിക്കൂര്‍ ഡ്രൈയര്‍ പ്രവര്‍ത്തിപ്പിക്കാന്‍ വേണ്ടി വരുന്ന വൈദ്യുതി, ഗ്യാസ് തുടങ്ങിയ ചെലവുകള്‍ വേറെ. ചക്ക പുഴുങ്ങിയിട്ട് വേണം ഉണക്കാന്‍. അതിനായാണ് ഗ്യാസ്. ചെലവും വരുമാനവും തമ്മിലുള്ള അന്തരം നികത്താനായി തൃശ്ശൂര്‍ നിന്നും തിരുവനന്തപുരത്ത് നിന്നും ഫണ്ടെത്തുന്നുണ്ടെന്നാണ് സംസാരം. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അനുവദിക്കപ്പെട്ട 10 ലക്ഷം രൂപ എവിടെ പോയെന്ന് എംഡിക്ക് പോലുമറിയില്ല. കഴിഞ്ഞ ബജറ്റില്‍ അനുവദിക്കപ്പെട്ട മൂന്ന് കോടി രൂപയും ഇതേപോലെയാകുമോയെന്നാണ് ജനങ്ങള്‍ ചോദിക്കുന്നത്.

First fruit processing center in the state is freezed


Next Story

RELATED STORIES

Share it