Sub Lead

ഫസല്‍: റമദാനിലെ അവസാന നാളില്‍ രക്ത സാക്ഷിത്വത്തിലേക്ക് ചേക്കേറിയ ധീര യുവത്വം

2008 ഏപ്രില്‍ 5ന് സിബിഐ കേസ് ഏറ്റെടുത്തു. സിബിഐ അന്വേഷണത്തെ അന്നത്തെ അച്യുതാനന്ദന്‍ സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ ചോദ്യംചെയ്തു. എന്നാല്‍, സിബിഐ അന്വേഷണത്തെ സുപ്രിംകോടതി ശരിവച്ചു.

ഫസല്‍: റമദാനിലെ അവസാന നാളില്‍ രക്ത സാക്ഷിത്വത്തിലേക്ക് ചേക്കേറിയ ധീര യുവത്വം
X

പിസി അബ്ദുല്ല

കോഴിക്കോട്: മാര്‍ക്‌സിസ്റ്റ് രക്തദാഹികള്‍ക്ക് ചുടുരക്തമൂറ്റി നല്‍കി ധീര രക്തസാക്ഷിത്വത്തിലേക്കു മറഞ്ഞ ഫസലിന്റെ ജ്വലിക്കുന്ന സ്മരണകളില്‍ റമദാനിലെ ഒരു അവസാന ദിനം കൂടി. 2006 ഒക്‌ടോബര്‍ 22 ന് റമദാനിന്റെ അവസാന ദിനം പുലര്‍ച്ചെയാണ് തലശ്ശേരി ലിബര്‍ട്ടി റോഡില്‍ സിപിഎം കൊലയാളി സംഘം ഫസലിനെ നിഷ്ഠൂരമായി കൊലപ്പെടുത്തിയത്. രക്തസാക്ഷിത്വത്തിന്റെ വിശുദ്ധമായ എല്ലാ നിര്‍വചനങ്ങളും അന്വര്‍ഥമാക്കപ്പെട്ടതായിരുന്നു മുഹമ്മദ് ഫസലിന്റെ അന്ത്യം. റമദാനിലെ അവസാനത്തെ നോമ്പെടുത്ത് കുടുംബത്തോടൊപ്പം പെരുന്നാള്‍ ആഘോഷിക്കാനുള്ള ഒരുക്കങ്ങള്‍ക്കിടേയായിരുന്നു ഫസല്‍ സിപിഎമ്മിന്റെ കൊലക്കത്തിക്ക് ഇരയായത്.

'തേജസ്' ദിനപത്രത്തിന്റെ ഏജന്റായിരുന്ന ഫസല്‍ പുലര്‍ച്ചെ പത്രക്കെട്ടുകള്‍ ശേഖരിച്ച് വിതരണക്കാരെ ഏല്‍പ്പിക്കാന്‍ സൈക്കിളില്‍ വീട്ടില്‍ നിന്ന് ഇറങ്ങുന്നത് മനസിലാക്കിയ കൊലയാളി സംഘം ഇരുളിന്റെ മറവില്‍ കാത്തിരുന്നു. തലശ്ശേരി ലിബര്‍ട്ടി ക്വാര്‍ട്ടേഴ്‌സ് റോഡിലൂടെ ഫസല്‍ സൈക്കിളില്‍ നീങ്ങുമ്പോള്‍ സൈക്കിള്‍ തടഞ്ഞ കൊലയാളികള്‍ കഠാര കഴുത്തില്‍ കുത്തിയിറക്കി. മാര്‍ക്‌സിസ്റ്റ് കൊലയാളികള്‍

ചോര വാര്‍ന്നു കൊണ്ടിരുന്ന ഫസലിനെ റോഡിലെ വെളിച്ചമില്ലാത്ത ഭാഗത്തേക്കു വലിച്ചിഴച്ചു കൊണ്ടുപോയി കൊടുവാള്‍ കൊണ്ടു തുരു തുരാ വെട്ടിക്കൊല്ലുകയായിരുന്നു.

'നഷ്ടപ്പെട്ടുപോയ പ്രകാശത്തിന്റെ കൈത്തിരി തിരികെ കൊളുത്തുമ്പോള്‍ ജീവിതം നഷ്ടപ്പെടുന്നവന്‍ തന്നെയാണ് ഒന്നാമത്തെ രക്തസാക്ഷി' എന്നാണ് മഹദ്‌വചനം. സിപിഎം വിട്ട് ജീവിതവിശുദ്ധിയുടേയും സാമൂഹിക ബദലിന്റെയും പുതിയപാത സ്വീകരിച്ചതിന്റെ കുടിപ്പകയിലാണ് സിപിഎം നേതൃ തലത്തില്‍ ഫസല്‍ വധം ആസൂത്രണം ചെയ്യപ്പെട്ടത്.

അപരന്റെ ചുടുചോരയാല്‍ അടിത്തറ പാകി കെട്ടിപ്പടുത്ത പാര്‍ട്ടിയുടെ തട്ടകത്തില്‍ നിര്‍ഭയ നിലപാടു കൊണ്ട് ഫസല്‍ ശത്രുവാക്കപ്പെട്ടു.

മാര്‍ക്‌സിസ്റ്റ് ഭീഷണികളെ അവഗണിച്ചായിരുന്നു നന്മയുടെ പാതയിലുള്ള ഫസലിന്റെ പ്രയാണം. ഭീഷണികളെ ഭയപ്പെടുന്നതിനു പകരം രക്തസാക്ഷിത്വത്തിലേക്കുള്ള സാധ്യതകളായാണ് ഫസല്‍ സമീപിച്ചതെന്നത് ആ ജീവത്യാഗത്തെ കൂടുതല്‍ മഹത്വപ്പെടുത്തുന്നു.

സിപിഎം തലശ്ശേരി ഗോപല്‍ പേട്ട ബ്രാഞ്ച് അംഗവും പാര്‍ട്ടി നിയന്ത്രണത്തിലുള്ള അച്യുതന്‍ സ്മാരക വായനശാലയുടെ സെക്രട്ടറിയുമായിരുന്നു ഫസല്‍. പിന്നീട് എന്‍ഡിഎഫില്‍ ചേര്‍ന്നതിലുള്ള രാഷ്ട്രീയവിരോധമാണ് കൊലയ്ക്ക് കാരണമായത്. ഫസലിന്റെ ക്രൂരമായ കൊലപാതകം സിപിഎമ്മിന്റെ പാര്‍ട്ടി തീരുമാനപ്രകാരമാണെന്ന് മുഖ്യപ്രതി കൊടി സുനി പ്രത്യേക അന്വേഷണസംഘം നടത്തിയ ചോദ്യംചെയ്യലില്‍ മൊഴി നല്‍കിയിട്ടുണ്ട്. ഫസല്‍ വധം ആര്‍എസ്എസ്സിന്റെ തലയില്‍ ചാരി പ്രദേശത്ത് വര്‍ഗീയകലാപമുണ്ടാക്കാനായിരുന്നു തുടക്കത്തില്‍ സിപിഎം ശ്രമിച്ചത്. ഫസലിന്റെ വീട്ടിലെത്തിയ നാട്ടുകാരന്‍ കൂടിയായ അന്നത്തെ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ സംഭവത്തിനു പിന്നില്‍ ആര്‍എസ്എസ്സാണെന്നു പ്രഖ്യാപിക്കുകയും ചെയ്തു. സംഭവത്തെ കുറിച്ച് പ്രാഥമികാന്വേഷണം പോലും നടന്നിട്ടില്ലാത്ത ഘട്ടത്തിലായിരുന്നു കോടിയേരിയുടെ ആരോപണം.

എന്നാല്‍, ഡിവൈഎസ്പി രാധാകൃഷ്ണന്‍ കേസ് ഏറ്റെടുത്തതോടെ ഫസലിനെ കൊലപ്പെടുത്തിയ കൊടി സുനിയടക്കമുള്ള സിപിഎം കൊലയാളി സംഘത്തെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ ലഭിച്ചു. അതോടെ രണ്ടാഴ്ചയ്ക്കിടയില്‍ രാധാകൃഷ്ണനെ അന്വേഷണച്ചുമതലയില്‍ നിന്നൊഴിവാക്കി. ഫസല്‍ വധക്കേസിലെ യഥാര്‍ഥ പ്രതികളെ കണ്ടെത്തിയതിന്റെ പക സിപിഎം ഡിവൈഎസ്പിയോട് തീര്‍ക്കുകയും ചെയ്തു. ഒരു ആരോപണത്തിന്റെ മറവില്‍ സിപിഎമ്മുകാര്‍ ഡിവൈഎസ്പി രാധാകൃഷ്ണനെ ഭീകരമായി മര്‍ദിച്ചു. പിന്നീടു കേസന്വേഷിച്ചത് കണ്ണൂര്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സാലിയാണ്. ഇദ്ദേഹത്തിന്റെ അന്വേഷണത്തില്‍ വിശ്വാസമില്ലെന്നു കാണിച്ച് ഫസലിന്റെ ഭാര്യ സി എച്ച് മറിയു സിബിഐ അന്വേഷണമാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു.

2008 ഏപ്രില്‍ 5ന് സിബിഐ കേസ് ഏറ്റെടുത്തു. സിബിഐ അന്വേഷണത്തെ അന്നത്തെ അച്യുതാനന്ദന്‍ സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ ചോദ്യംചെയ്തു. എന്നാല്‍, സിബിഐ അന്വേഷണത്തെ സുപ്രിംകോടതി ശരിവച്ചു.

കേസില്‍ 2012 ജൂണ്‍12 സിബിഐ എറണാകുളം ചീഫ് മജിസ്‌ടേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ചൊക്ലി മീത്തലച്ചാലില്‍ എം കെ സുനില്‍കുമാര്‍ എന്ന കൊടി സുനിയാണ് ഒന്നാം പ്രതി. ഇല്ലത്തുതാഴെ വയലാലം നെടിയകുനിയില്‍ ബിജു എന്ന പാച്ചൂട്ടി, കോടിയേരി മൂഴിക്കര മൊട്ടമ്മേല്‍ ജിതേഷ് എന്ന ജിത്തു, തലശ്ശേരി തിരുവങ്ങാട് നരിക്കോട് കുന്നുമ്മല്‍ വലിയപുരയില്‍ അരുണ്‍ദാസ് എന്ന ചെറിയ അരൂട്ടന്‍, തലശ്ശേരി ഉക്കണ്ടന്‍പീടിക മുണ്ടോത്തുംകണ്ടി എം കെ കലേഷ് എന്ന ബാബു, തിരുവങ്ങാട് കുട്ടിമാക്കൂല്‍ അരുണ്‍ നിവാസില്‍ അരുണ്‍കുമാര്‍ എന്ന അരൂട്ടന്‍ തുടങ്ങിയവരാണ് മറ്റു പ്രതികള്‍.

കേസില്‍ ഏഴും എട്ടും പ്രതികളായ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്ന കാരായി രാജന്‍, തിരുവങ്ങാട് ലോക്കല്‍ സെക്രട്ടറിയായിരുന്ന കാരായി ചന്ദ്രശേഖരന്‍ എന്നിവര്‍ക്കെതിരേ എറണാകുളം സിജെഎം കോടതി ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. ഇരുവരും അറസ്റ്റിലായി. കാരായിമാരെ കേസില്‍നിന്നു രക്ഷിക്കാന്‍ സിപിഎം ലക്ഷങ്ങളെറിഞ്ഞ് നിയമ പോരാട്ടം നടത്തിയെങ്കിലും വിജയിച്ചില്ല. പല ഗൂഢ നീക്കങ്ങളും ഫലിക്കാതെ വന്നപ്പോള്‍ കേസിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ഷാജി (കുട്ടപ്പന്‍)യെ സിപിഎം നേതൃത്വം സമീപിച്ചതായും സിബിഐ കുറ്റപത്രത്തില്‍ പറയുന്നു.

സിപിഎം പ്രവര്‍ത്തകനായിരിക്കെയുള്ള പരിചയവും ബന്ധവും മുതലെടുത്താണ് ഷാജിയെ പാര്‍ട്ടി നേതാക്കള്‍ സമീപിച്ചത്. പാര്‍ട്ടിയുടെ ആവശ്യം നിരസിച്ച ഷാജി പിന്നീട് ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ടു.

Next Story

RELATED STORIES

Share it