Sub Lead

കള്ളനോട്ടുമായി മുന്‍ പഞ്ചായത്ത് പ്രസിഡന്റ് അടക്കം രണ്ടുപേര്‍ അറസ്റ്റില്‍

കള്ളനോട്ടുമായി മുന്‍ പഞ്ചായത്ത് പ്രസിഡന്റ് അടക്കം രണ്ടുപേര്‍ അറസ്റ്റില്‍
X

ആലപ്പുഴ: ചാരുംമൂട്ടില്‍ കള്ളനോട്ട് മാറാനെത്തിയ മുന്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റടക്കമുള്ള രണ്ടുപേര്‍ അറസ്റ്റിലായി. കൊല്ലം ഈസ്റ്റ് കല്ലട കൊടുവിള മുറിയില്‍ ക്ലീറ്റസ് (45), താമരക്കുളം പേരൂര്‍കാരാഴ്മ അക്ഷയ് നിവാസില്‍ ലേഖ (38) എന്നിവരെയാണ് നൂറനാട് സിഐ പി ശ്രീജിത്തിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ക്ലീറ്റസ് കൊല്ലം കിഴക്കേ കല്ലട പഞ്ചായത്തിന്റെ മുന്‍ പ്രസിഡന്റായിരുന്നു. സൂപ്പര്‍ മാര്‍ക്കറ്റില്‍ സാധനം വാങ്ങാനെത്തിയ സ്ത്രീ നല്‍കിയ 500 രൂപ നോട്ടില്‍ സംശയം തോന്നിയ ജീവനക്കാര്‍ നൂറനാട് പോലിസില്‍ വിവരം അറിയിക്കുകയാരുന്നു. ലേഖയാണ് കള്ളനോട്ടുമായി സാധനം വാങ്ങാനെത്തിയത്.

സംശയം തോന്നിയ ജീവനക്കാര്‍ വിവരം നൂറനാട് സ്‌റ്റേഷനില്‍ അറിയിച്ചതോടെ പോലിസെത്തി പരിശോധിച്ചപ്പോള്‍ പഴ്‌സില്‍നിന്ന് 500 രൂപയുടെ വേറെയും കള്ളനോട്ടുകള്‍ കണ്ടെത്തി. തുടര്‍ന്ന് ഇവരെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് ലേഖയുടെ വീട്ടില്‍ നടന്ന പരിശോധനയില്‍ 500 രൂപയുടെ കൂടുതല്‍ നോട്ടുകള്‍ കണ്ടെത്തി. അന്വേഷണത്തില്‍ ഇവര്‍ക്ക് കള്ളനോട്ട് നല്‍കിയത് കൊല്ലം ഈസ്റ്റ് കല്ലട കൊടുവിളമുറിയില്‍ 10ാം വാര്‍ഡില്‍ ക്ലീറ്റസാണെന്ന് മനസ്സിലാക്കി. ഇയാളെ വീടിനു സമീപത്തുനിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.

500ന്റെ ആറ് കള്ളനോട്ടും കണ്ടെടുത്തു. 10,000 രൂപയുടെ കള്ളനോട്ടുകളാണ് ക്ലീറ്റസ് ലേഖയ്ക്ക് നല്‍കിയതെന്ന് പോലിസ് പറഞ്ഞു. ഒരുമാസമായി ലേഖ ചാരുംമൂട്ടിലെ കടകളില്‍ 500 രൂപയുടെ നോട്ടുകള്‍ നല്‍കി ചെറിയ തുകയ്ക്കുള്ള സാധനങ്ങള്‍ വാങ്ങിയിരുന്നതായി കടയുടമകള്‍ പോലിസിനെ അറിയിച്ചിട്ടുണ്ട്. സൂക്ഷ്മപരിശോധനയില്‍ മാത്രമേ ഇവ കള്ളനോട്ടാണെന്നു മനസ്സിലാകൂ എന്നും പോലിസ് പറഞ്ഞു.

നോട്ടിന്റെ ഉറവിടത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുന്നുണ്ട്. മാവേലിക്കര ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി- രണ്ട് മുന്‍പാകെ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. ക്ലീറ്റസിനെതിരേ കിഴക്കേ കല്ലട പോലിസ് സ്‌റ്റേഷനില്‍ അടിപിടി, പോലിസിനെ ആക്രമിക്കല്‍, പട്ടികജാതി പീഡനം, വീടുകയറി അക്രമം തുടങ്ങി ഒട്ടേറെ കേസുകളുണ്ട്. 2019 ല്‍ ജലസേചന വകുപ്പ് എന്‍ജിനീയറെ ഭീഷണിപ്പെടുത്തിയതിനെത്തുടര്‍ന്നാണ് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നഷ്ടമായത്. സിപിഐക്കാരനായ ക്ലീറ്റസിനെ നേരത്തെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയിരുന്നതായി പോലിസ് പറഞ്ഞു.

Next Story

RELATED STORIES

Share it