Sub Lead

'വിദ്വേഷ പ്രയോഗത്തിന് സ്ഥാനമില്ല'; ബിജെപി ബന്ധത്തില്‍ വിശദീകരണവുമായി ഫേസ്ബുക്ക്

മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ ഉടമസ്ഥതയിലുള്ള ഫേസ്ബുക്ക് ഇന്ത്യയില്‍ ബിജെപി നേതാക്കളുടെ പ്രകോപനപരവും വിദ്വേഷം നിറഞ്ഞതുമായ പോസ്റ്റുകള്‍ നീക്കം ചെയ്യുന്നില്ലെന്ന് റിപ്പോര്‍ട്ട് ചെയ്തത് യുഎസ് മാധ്യമമായ വാള്‍സ്ട്രീറ്റ് ജേണല്‍ ആയിരുന്നു.

വിദ്വേഷ പ്രയോഗത്തിന് സ്ഥാനമില്ല;   ബിജെപി ബന്ധത്തില്‍ വിശദീകരണവുമായി ഫേസ്ബുക്ക്
X

ന്യൂഡല്‍ഹി: ബിജെപി-ഫേസ്ബുക്ക് ബന്ധത്തെ കുറിച്ച് റിപ്പോര്‍ട്ട് വന്ന സാഹചര്യത്തില്‍ ഔദ്യോഗിക വിശദീകരണവുമായി ഫേസ്ബുക്ക്. അധികാരത്തിലുള്ള ബിജെപി അംഗങ്ങളുടെ വിദ്വേഷവും പ്രകോപനപരവുമായ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യുന്നില്ലെന്ന വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് വിവാദമായ സാഹചര്യത്തിലാണ് ഫേസ്ബുക്ക് വിശദീകരണവുമായി രംഗത്തെത്തിയത്.

വിദ്വേഷ പോസ്റ്റുകള്‍ നീക്കം ചെയ്യുന്നത് സംബന്ധിച്ച ഫേസ്ബുക്കിന്റെ നയം വിശദീകരിക്കുന്ന ഒരു വിശദമായ പോസ്റ്റാണ് ഫേസ്ബുക്ക് ഇന്ത്യ വൈസ്പ്രസിഡന്റും മാനേജിങ് ഡയറക്ടറുമായ അജിത് മോഹന്‍ വിശദമാക്കിയത്. ശശി തരൂര്‍ അധ്യക്ഷനായ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് മുമ്പാകെ സെപ്തംബര്‍ രണ്ടിന് ഹാജരായി വിശദീകരണം നല്‍കാന്‍ നോട്ടീസ് നല്‍കിയ സാഹചര്യത്തില്‍ കൂടിയാണ് ഫേസ്ബുക്കിന്റെ വിശദീകരണം.

ആളുകള്‍ക്ക് സ്വതന്ത്രമായി അഭിപ്രായം പ്രകടിപ്പിക്കാന്‍ കഴിയുന്ന തുറന്നതും സുതാര്യവും പക്ഷപാതപരമല്ലാത്തതുമായ ഒരു പ്ലാറ്റ്‌ഫോമാണ് എല്ലായ്‌പ്പോഴും ഫേസ്ബുക്ക്. വിദ്വേഷ പോസ്റ്റുകളോടുള്ള ഞങ്ങളുടെ നയങ്ങള്‍ നടപ്പാക്കുന്നതിനെ കുറിച്ച് നിരവധി ചോദ്യങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്. ഞങ്ങളുടെ പ്ലാറ്റ്‌ഫോമില്‍ വിദേഷ പ്രയോഗത്തിന് സ്ഥാനമില്ല. ഉള്ളടക്കത്തെ സമീപിക്കുന്നതിന് ഞങ്ങള്‍ക്ക് നിഷ്പക്ഷ സമീപനമാണ്. പക്ഷപാതം ആരോപിക്കുന്നത് ഗൗരവമായി കാണുന്നു. വിദ്വേഷത്തെയും വര്‍ഗീയതയെയും ഞങ്ങള്‍ എതിര്‍ക്കുന്നു. ഞങ്ങളുടെ സാമൂഹിക ഉത്തരവാദിത്തം ശക്തമായി നിറവേറ്റുകയും ചെയ്യും. ആരുടെയെങ്കിലും പാര്‍ട്ടി, മതം, സംസ്‌കാരം, വിശ്വാസം എന്നിവ കണക്കിലെടുക്കാതെ ഞങ്ങള്‍ ആഗോളതലത്തില്‍ ഈ നയം നടപ്പാക്കുന്നു. അജിത് മോഹന്‍ ഔദ്യോഗിക പോസ്റ്റിലൂടെ നയം വ്യക്തമാക്കി.

ഞങ്ങളുടെ കമ്യൂണിറ്റി മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന എല്ലാ പോസ്റ്റുകളും ഞങ്ങള്‍ നീക്കം ചെയ്തു. പൊതുപ്രവര്‍ത്തകരുടെ അത്തരം ഉള്ളടക്കമുള്ള പോസ്റ്റുകള്‍ തുടര്‍ന്നും നീക്കം ചെയ്യും. അജിത് മോഹന്‍ വ്യക്തമാക്കി.

മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ ഉടമസ്ഥതയിലുള്ള ഫേസ്ബുക്ക് ഇന്ത്യയില്‍ ബിജെപി നേതാക്കളുടെ പ്രകോപനപരവും വിദ്വേഷം നിറഞ്ഞതുമായ പോസ്റ്റുകള്‍ നീക്കം ചെയ്യുന്നില്ലെന്ന് റിപ്പോര്‍ട്ട് ചെയ്തത് യുഎസ് മാധ്യമമായ വാള്‍സ്ട്രീറ്റ് ജേണല്‍ ആയിരുന്നു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഈ റിപ്പോര്‍ട്ട് ഉദ്ധരിച്ച് ഇന്ത്യയില്‍ ഫേസ്ബുക്കിനെ നിയന്ത്രിക്കുന്നത് ബിജെപിയാണെന്ന് ആരോപിച്ചു. പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷനായ ശശി തരൂര്‍ ഫേസ്ബുക്ക് മേധാവികളോട് സെപ്തരംബര്‍ 2ന് വിശദീകരണം നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തു.

Next Story

RELATED STORIES

Share it