Sub Lead

ഉദ്ധവിന് തിരിച്ചടി; ശിവസേനയുടെ പേരും ചിഹ്‌നവും ഇനി ഷിന്‍ഡെയ്ക്ക്

ഉദ്ധവിന് തിരിച്ചടി; ശിവസേനയുടെ പേരും ചിഹ്‌നവും ഇനി ഷിന്‍ഡെയ്ക്ക്
X

മുംബൈ: ശിവസേന എന്ന പേരും 'അമ്പും വില്ലും' തിരഞ്ഞെടുപ്പ് ചിഹ്നവും മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ നയിക്കുന്ന വിഭാഗത്തിന് അനുവദിക്കാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവായി. പാര്‍ട്ടി സ്ഥാപകന്‍ ബാല്‍ താക്കറെയുടെ മകനും മുന്‍ മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ നയിക്കുന്ന ശിവസേന പക്ഷത്തിന് വന്‍ തിരിച്ചടി നല്‍കുന്ന തീരുമാനമാണിത്. പാര്‍ട്ടിയുടെ നിലവിലുള്ള ഭരണഘടന ജനാധിപത്യവിരുദ്ധമാണെന്നും ക്രമക്കേടുകള്‍ നടത്തി ഇതില്‍ ഭേദഗതി വരുത്തിയെന്നും കമ്മീഷന്‍ പറഞ്ഞു.

തിരഞ്ഞെടുപ്പ് നടത്താതെ ചിലരെ പാര്‍ട്ടിയുടെ ഉന്നതസ്ഥാനത്ത് പ്രതിഷ്ഠിക്കാനുള്ള നീക്കമാണ് നടന്നത്. ഭാരവാഹി തിരഞ്ഞെടുപ്പ് സുതാര്യമായ രീതിയില്‍ നടത്തണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. പാര്‍ട്ടിയുടെ ആകെയുള്ള 55 എംഎല്‍എമാരില്‍ 40 പേരും ഷിന്‍ഡെ പക്ഷത്തിനൊപ്പമാണെന്നും ഉദ്ധവ് പക്ഷത്തിന് 15 എംഎല്‍എമാരുടെ പിന്തുണ മാത്രമാണ് ഉള്ളതെന്നും കമ്മീഷന്‍ കണ്ടെത്തി. 2019ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ എംഎല്‍എമാര്‍ നേടിയ ആകെ വോട്ടുകളുടെ എണ്ണത്തില്‍ ഷിന്‍ഡെ പക്ഷത്തുള്ളവരുടെ വോട്ടുകള്‍ ഉദ്ധവ് വിഭാഗത്തേക്കാള്‍ 53 ശതമാനം കൂടുതലാണ്.

സമാനമായ രീതിയില്‍ പാര്‍ട്ടിയുടെ ആകെയുള്ള 18 എംപിമാരില്‍ 15 പേരുടെ പിന്തുണ ഷിന്‍ഡെയ്ക്ക് ആണെന്നും ഇവര്‍ 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നേടിയ വോട്ടുകള്‍ ഉദ്ധവ് വിഭാഗത്തിലെ അഞ്ച് എംപിമാര്‍ നേടിയ വോട്ടിനേക്കാള്‍ 37 ശതമാനം കൂടുതലാണെന്നും കണ്ടെത്തി. തര്‍ക്കത്തെത്തുടര്‍ന്ന് പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് ചിഹ്നം കമ്മീഷന്‍ മരവിപ്പിച്ചിരുന്നു. 'രണ്ട് വാളുകളും പരിചയും' ചിഹ്നം താല്‍ക്കാലികമായി ഉപയോഗിച്ചിരുന്ന ഷിന്‍ഡെ പക്ഷത്തിന് ഇനി പാര്‍ട്ടിയുടെ ഔദ്യോഗിക പേരും ചിഹ്‌നവും ഉപയോഗിക്കാം.

Next Story

RELATED STORIES

Share it