Sub Lead

നിപ ഉറവിടം കണ്ടെത്താന്‍ ഊര്‍ജിതശ്രമം: വവ്വാലുകളുടെയും കാട്ടുപന്നികളുടെയും സ്രവ സാംപിള്‍ ശേഖരിക്കും

നിപ ഉറവിടം കണ്ടെത്താന്‍ ഊര്‍ജിതശ്രമം: വവ്വാലുകളുടെയും കാട്ടുപന്നികളുടെയും സ്രവ സാംപിള്‍ ശേഖരിക്കും
X

കോഴിക്കോട്: നിപ വൈറസിന്റെ ഉറവിടം കണ്ടെത്താന്‍ തീവ്രശ്രമങ്ങള്‍ക്ക് തുടക്കമിട്ട് ആരോഗ്യവകുപ്പും മൃഗസംരക്ഷണ വകുപ്പും. വവ്വാലുകളെ കണ്ടെത്തി സ്രവ സാംപിള്‍ ശേഖരിക്കാനായി മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ ചാത്തമംഗലം പാഴൂരിലെത്തി. സ്രവം സ്വീകരിച്ച് ഭോപാലിലെ ലാബിലയച്ച് പരിശോധിക്കാനാണ് തീരുമാനം. രണ്ടുമാസം മുമ്പ് ചത്ത ആടിന്റെ രക്തവും സ്രവവും ശേഖരിക്കാനും തീരുമാനിച്ചിട്ടുണ്ടെന്ന് മൃഗ സംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ കെ ബേബി പറഞ്ഞു. വവ്വാലുകളില്‍നിന്നും പന്നികളില്‍നിന്നുമാണ് നിപ വൈറസ് ബാധ പകരുന്നത് എന്നതിനാല്‍ രോഗം സ്ഥിരീകരിച്ച മേഖലയില്‍ കാട്ടുപന്നികളുടെ സാന്നിധ്യമുണ്ടോയെന്നും പരിശോധിക്കും.

മലയോര മേഖലയായതിനാല്‍ കാട്ടുപന്നികള്‍ വഴിയും നിപ വൈറസ് സാന്നിധ്യം മനുഷ്യരിലെത്താം. ഇതിനായി വനം വകുപ്പിന്റെ സഹായം തേടാനും തീരുമാനിച്ചിട്ടുണ്ട്. കുട്ടിയുടെ വീട്ടിലെ എല്ലാ മൃഗങ്ങളുടെയും സാംപിളുകള്‍ മൃഗസംരക്ഷണ വകുപ്പ് പരിശോധിക്കും. ഇതിന്റെ ഭാഗമായി ആടിന്റെ സ്രവം പരിശോധനയ്‌ക്കെടുത്തു. കുട്ടിക്ക് രോഗം ബാധിക്കുന്നതിന് മുമ്പ് ഇവിടെ നിന്നും ആടിന് ദഹനക്കേട് പോലുള്ള അസുഖം വന്നിരുന്നു. ഇതിനെ കുട്ടി പരിചരിച്ചിരുന്നു. ഇത് രോഗാവസ്ഥയ്ക്ക് കാരണമായോ എന്ന സംശയത്തെത്തുടര്‍ന്നാണ് ആടിന്റെ സ്രവം പരിശോധനയ്‌ക്കെടുത്തത്. അതേസമയം, നിപ ബാധിച്ചു മരിച്ച കുട്ടിക്ക് ആടില്‍നിന്നാണ് വൈറസ് ബാധയേറ്റതെന്ന സംശയം മൃഗസംരക്ഷണവകുപ്പ് തള്ളിയിട്ടുണ്ട്.

ആടുകള്‍ നിപ വാഹകരായ ജീവികളുടെ പട്ടികയിലില്ലെന്ന് സംസ്ഥാന മൃഗസംരക്ഷണവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ബേബി കുര്യാക്കോസ് വ്യക്തമാക്കുന്നുണ്ട്. മരിച്ച കുട്ടിയുടെ വീട്ടില്‍ ആടിനെ വളര്‍ത്തിയിരുന്നു. ഇതില്‍ ഒരാടിനു നേരത്തെ അസുഖമുണ്ടായിരുന്നതായും വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് ഇതുസംബന്ധിച്ച് വെറ്ററിനറി ഡോക്ടര്‍ അന്വേഷിക്കുകയും ചെയ്തിരുന്നു. ആടിനു വൈറസ് ബാധയേറ്റിട്ടില്ലെന്നും മറ്റു രോഗലക്ഷണങ്ങളൊന്നുമില്ലാത്തതിനാല്‍ ആടിനെ കേന്ദ്രീകരിച്ചുള്ള ഊഹാപോഹങ്ങള്‍ വേണ്ടെന്നും മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.

അതേസമയം, കുട്ടി റംബൂട്ടാന്‍ കഴിച്ചിരുന്നതായി പറയുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രദേശത്തെ വവ്വാലുകളുടെ സാംപിള്‍ മൃഗസംരക്ഷണ വകുപ്പ് ശേഖരിക്കുന്നത്. വവ്വാലുകളുടെ സാന്നിധ്യമുള്ള സ്ഥലത്ത് അവയെ പിടികൂടി പരിശോധിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഡോ. ബേബി കുര്യാക്കോസിന്റെ നേതൃത്വത്തിലുള്ള സംഘം കുട്ടിയുടെ വീട്ടിലെത്തി റംബൂട്ടാന്‍ മരത്തിന് സമീപത്തുള്ള വവ്വാലുകളുടെ കാഷ്ടം ശേഖരിക്കും. നിപ വൈറസ് സ്ഥിരീകരിച്ച എല്ലായിടത്തും അതിന്റെ ഉത്ഭവം കണ്ടെത്തിയിരുന്നു. വൈറസ് ബാധ ആദ്യം സ്ഥിരീകരിച്ച മലേസ്യ, ബംഗ്ലാദേശ് തുടങ്ങി സ്ഥലങ്ങളിലെല്ലാം പന്നികളില്‍നിന്നും വവ്വാലുകളില്‍നിന്നും മനുഷ്യരിലേക്കു പടര്‍ന്നുവെന്നാണ് കണ്ടെത്തിയത്. പശ്ചിമബംഗാളില്‍ റിപോര്‍ട്ട് ചെയ്ത നിപ്പാ വൈറസിന്റെ ഉറവിടവും കേരളത്തിലുണ്ടായ നിപ വൈറസിന്റെ ഉറവിടവുമാണ് ഇതുവരെയും കണ്ടെത്താന്‍ സാധിക്കാത്തത്.

Next Story

RELATED STORIES

Share it