Sub Lead

രാഹുലിനെതിരായ ഇ ഡി നടപടി രാഷ്ട്രീയ പകപോക്കല്‍;ജനശ്രദ്ധ തിരിക്കാനുള്ള കേന്ദ്ര നീക്കത്തിന്റെ ഭഗമെന്നും സ്റ്റാലിന്‍

രാഷ്ട്രീയ എതിരാളികളെ നേരിടേണ്ടത് രാഷ്ട്രീയമായി തന്നെയാണെന്നും സ്റ്റാലിന്‍ പറഞ്ഞു

രാഹുലിനെതിരായ ഇ ഡി നടപടി രാഷ്ട്രീയ പകപോക്കല്‍;ജനശ്രദ്ധ തിരിക്കാനുള്ള കേന്ദ്ര നീക്കത്തിന്റെ ഭഗമെന്നും സ്റ്റാലിന്‍
X

ചെന്നൈ:രാഹുല്‍ ഗാന്ധിക്കും സോണിയാ ഗാന്ധിക്കുമെതിരായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടപടിയെ ശക്തമായി വിമര്‍ശിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ദേശീയ പാര്‍ട്ടിയായ കോണ്‍ഗ്രസിനെതിരെ രാഷ്ട്രീയ പകവീട്ടാന്‍ അന്വേഷണ ഏജന്‍സികളെ കേന്ദ്രസര്‍ക്കാര്‍ ആയുധമാക്കുകയാണെന്ന് സ്റ്റാലിന്‍ പറഞ്ഞു.ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സാധാരണക്കാരെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് മറുപടിയില്ലാത്തതിനാലാണ് കേന്ദ്രസര്‍ക്കാര്‍ ഈ വിധത്തില്‍ ജനശ്രദ്ധ തിരിക്കാന്‍ നോക്കുന്നതെന്നും സ്റ്റാലിന്‍ കുറ്റപ്പെടുത്തി. രാഷ്ട്രീയ എതിരാളികളെ നേരിടേണ്ടത് രാഷ്ട്രീയമായി തന്നെയാണെന്നും സ്റ്റാലിന്‍ പറഞ്ഞു.

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിയെ രണ്ടു ദിവസമായി ചോദ്യം ചെയ്ത് വരികയാണ്.ചോദ്യം ചെയ്യല്‍ ഇന്നും തുടരും.രാഹുലിന്റെ ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലുണ്ടായ സംഘര്‍ഷത്തില്‍ നിരവധി കോണ്‍ഗ്രസ് നേതാക്കളാണ് അറസ്റ്റിലായത്. എംപിമാരായ കൊടിക്കുന്നില്‍ സുരേഷ്, ജെബി മേത്തര്‍, എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, നേതാക്കളായ മാണിക്കം ടഗോര്‍, അധീര്‍ രഞ്ജന്‍ ചൗധരി, ഗൗരവ് ഗഗോയ്, ദീപേന്ദര്‍ സിങ് ഹൂഡ, രണ്‍ദീപ് സിങ് സുര്‍ജേവാല എന്നിവരെ ഡല്‍ഹി പോലിസ് കസ്റ്റഡിയിലെടുത്തിരുന്നു.

നിലവില്‍ കൊവിഡ് ബാധിതയായി ന്യൂഡല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ള കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി ജൂണ്‍ 23 ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഇ ഡി അറിയിച്ചിട്ടുണ്ട്.

നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ഉടമകളായ അസോസിയേറ്റഡ് ജേണല്‍സിനെ സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ചേര്‍ന്ന് രൂപീകരിച്ച യങ് ഇന്ത്യ കമ്പനി ഏറ്റെടുത്തതില്‍ അഴിമതി നടന്നിട്ടുണ്ടെന്നാണ് ആരോപണം.ഈ വിഷയത്തിലാണ് രാഹുലിനെ ഇ ഡി ചോദ്യംചെയ്യുന്നത്.

Next Story

RELATED STORIES

Share it