Sub Lead

വിവിപാറ്റിനെക്കുറിച്ചുള്ള ചോദ്യത്തിന് ഉരുണ്ടു കളിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണിയതിന്റെ വിവരങ്ങല്‍ തേടിയാണ് ദ്വി ക്വിന്റ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. എന്നാല്‍, വിവിപാറ്റ് വിവരങ്ങള്‍ തങ്ങളുടെ കൈയിലില്ലെന്ന മറുപടിയാണ് കമ്മീഷന്‍ നല്‍കിയത്.

വിവിപാറ്റിനെക്കുറിച്ചുള്ള ചോദ്യത്തിന് ഉരുണ്ടു കളിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍
X

ന്യൂഡല്‍ഹി: വിവിപാറ്റിനെക്കുറിച്ച് വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യങ്ങള്‍ക്ക് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള മറുപടി നല്‍കി വിവരാവകാശ കമ്മീഷന്‍. നീതിപൂര്‍വവും സ്വതന്ത്രവുമായി തിരഞ്ഞെടുപ്പ് നടത്തുന്നതിന് രൂപീകരിക്കപ്പെട്ടിട്ടുള്ള കമ്മീഷന്റെ സുതാര്യതയില്‍ സംശയം ജനിപ്പിക്കുന്നതാണ് ഇതെന്ന് ദി ക്വിന്റ് റിപോര്‍ട്ട് ചെയ്തു.

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണിയതിന്റെ വിവരങ്ങല്‍ തേടിയാണ് ദ്വി ക്വിന്റ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. എന്നാല്‍, വിവിപാറ്റ് വിവരങ്ങള്‍ തങ്ങളുടെ കൈയിലില്ലെന്ന മറുപടിയാണ് കമ്മീഷന്‍ നല്‍കിയത്.

2019 ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പോളിങ് സ്‌റ്റേഷന്‍ അടിസ്ഥാനത്തിലുള്ള വിവരങ്ങള്‍ ഞങ്ങളുടെ കൈവശമില്ല. സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍മാരുടെ കൈയില്‍ ഈ വിവരങ്ങള്‍ ഉണ്ടാവും. സംസ്ഥാന സിഇഒമാര്‍ക്ക് പ്രത്യേകം അപേക്ഷ നല്‍കി നിങ്ങള്‍ക്ക് വിവരം ശേഖരിക്കാവുന്നതാണ്. ഒന്നിലധികം പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍മാരില്‍(പിഐഒ) നിന്ന് വിവരങ്ങള്‍ ലഭ്യമാക്കേണ്ടതിനാല്‍ നിങ്ങളുടെ അപേക്ഷ അവര്‍ക്ക് നേരിട്ട് കൈമാറാന്‍ സാധിക്കില്ല- ഈ മറുപടിയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ക്വിന്റിന്റെ അപേക്ഷയ്ക്ക് നല്‍കിയത്.

എന്നാല്‍, രണ്ട് കാരണങ്ങളാല്‍ ഈ മറുപടി തികച്ചും തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ക്വിന്റ് ചൂണ്ടിക്കാട്ടുന്നു.

വോട്ടെണ്ണല്‍ കഴിഞ്ഞ് ഏഴ് ദിവസത്തിനകം എല്ലാ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍മാരും(സിഇഒ) വിവിപാറ്റ് വിവരങ്ങള്‍ കമ്മീഷന് കൈമാറാണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തേ സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. ഈ സാഹചര്യത്തില്‍ എന്തുകൊണ്ടാണ് ആവശ്യപ്പെട്ട വിവരം തിരഞ്ഞെടുപ്പ് കമ്മീഷന്റെ കൈയില്‍ ഇല്ലാത്തത് എന്ന ചോദ്യമാണ് ഉയരുന്നത്. ഒന്നിലധികം പിഐഒമാരില്‍ നിന്ന് വിവരം തേടേണ്ടതുണ്ടെങ്കിലും ആര്‍ടിഐ അപേക്ഷ ലഭിച്ച പിഐഒ അത് അവര്‍ക്ക് കൈമാറണമെന്ന് മുഖ്യ വിവരാവകാശ കമ്മീഷറുടെ ഉത്തരവുണ്ട്. എന്നിട്ടും എന്ത് കൊണ്ടാണ് അപേക്ഷ ഒന്നിലധികം പിഐഒമാര്‍ക്ക് കൈമാറാനാവില്ലെന്ന മറുപടി നല്‍കിയത്?

വോട്ടിങ് യന്ത്രത്തിലെ വോട്ടുകളുടെ എണ്ണം പൊതുജനങ്ങള്‍ക്ക് ലഭ്യമാണ്. വോട്ടിങ് യന്ത്രത്തിലെയും വിവിപാറ്റിലെയും എണ്ണങ്ങള്‍ തമ്മിലുള്ള പൊരുത്തക്കേട് മറച്ചുവയ്ക്കാനാണോ വിവിപാറ്റിലെ വിവരങ്ങള്‍ കൈമാറാത്തതെന്ന സംശയമാണ് ഉയരുന്നത്.

ഓരോ അംസബ്ലി മണ്ഡലത്തിലെയും അഞ്ച് ബൂത്തുകളിലെ വിവിപാറ്റുകള്‍ വീതം എണ്ണണമെന്ന് 2019 ഏപ്രില്‍ 8ന് സുപ്രിം കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഏപ്രില്‍ 15നും മെയ് 21നും ആയി രണ്ട് സര്‍ക്കുലറുകളാണ് ഇസി പുറപ്പെടുവിച്ചത്. അസംബ്ലി മണ്ഡലത്തിന്റെ പേര്, സ്ഥാനാര്‍ഥികളുടെ പേര്, ഇവിഎം വോട്ടുകള്‍, വിവിപാറ്റുകളുടെ എണ്ണം തുടങ്ങിയ വിവരങ്ങള്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ ഇസിക്ക് കൈമാറണമെന്ന് വ്യക്തമായി ഈ സര്‍ക്കുലറുകളില്‍ പറയുന്നുണ്ട്. ഈ വിവരങ്ങളാണ് തങ്ങളുടെ കൈയിലില്ലെന്ന് പറഞ്ഞ് ഇപ്പോള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കൈകഴുകുന്നത്.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ മറുപടിക്കെതിരേ ക്വിന്റ് അപ്പീല്‍ നല്‍കിയിട്ടുണ്ട്. കൃത്യമായ മറുപടി നല്‍കാതിരിക്കുകയോ തെറ്റിദ്ധരിപ്പിക്കുന്ന മറുപടി നല്‍കുകയോ ചെയ്താല്‍ പിഐഒക്കെതിരേ പിഴ ചുമത്താന്‍ നിയമത്തില്‍ വകുപ്പുണ്ട്.

Next Story

RELATED STORIES

Share it