Sub Lead

സിലബസ് വിവാദത്തിൽ എസ്എഫ്ഐയിൽ അഭിപ്രായ ഭിന്നത; കേന്ദ്ര കമ്മിറ്റി അം​ഗത്തെ തള്ളി സംസ്ഥാന കമ്മിറ്റി

കണ്ണൂർ സർവകലാശാലയുടെ വിവാദമായ പിജി സിലബസ് പിൻവലിക്കണമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയും എംഎൽഎയുമായ സച്ചിൻ ദേവ് നിലപാട് എടുത്തപ്പോൾ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം നിധീഷ് നാരായണൻ അതിനെ തള്ളി രംഗത്തെത്തി.

സിലബസ് വിവാദത്തിൽ എസ്എഫ്ഐയിൽ അഭിപ്രായ ഭിന്നത; കേന്ദ്ര കമ്മിറ്റി അം​ഗത്തെ തള്ളി സംസ്ഥാന കമ്മിറ്റി
X

കണ്ണൂർ: വിവാദ സിലബസിനെ ചൊല്ലി എസ്എഫ്ഐയിലെ ഭിന്നത പരസ്യമായി. ആർഎസ്എസ് നേതാക്കളുടെ പുസ്തകങ്ങൾ പഠിപ്പിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി നിലപാട് എടുത്തപ്പോൾ അതിനെ തള്ളി സംഘടനയുടെ കേന്ദ്ര സെക്രട്ടേറിയറ്റംഗം തന്നെ രംഗത്ത് എത്തിയതോടെയാണ് വിഷയത്തിൽ സംഘടനയുടെ അകത്ത് ഭിന്നാഭിപ്രായമുണ്ടെന്ന കാര്യം പരസ്യമായത്.

കണ്ണൂർ സർവകലാശാലയുടെ വിവാദമായ പിജി സിലബസ് പിൻവലിക്കണമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയും എംഎൽഎയുമായ സച്ചിൻ ദേവ് നിലപാട് എടുത്തപ്പോൾ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം നിധീഷ് നാരായണൻ അതിനെ തള്ളി രംഗത്തെത്തി. ആർഎസ്എസ് നേതാക്കളുടെ പുസ്തകവും സർവകലാശാലകൾ പഠിപ്പിക്കണമെന്ന് നിധീഷ് നാരായണൻ പറഞ്ഞു. ഇക്കാര്യത്തിൽ യൂനിവേഴ്സിറ്റി യൂനിയൻ ചെയർമാൻ എം കെ ഹസ്സൻ്റേതാണ് ശരിയായ നിലപാടെന്നും നിധീഷ് വ്യക്തമാക്കി. യൂനിവേഴ്സിറ്റിയിൽ താലിബാനിസം പാടില്ലെന്നും നിധീഷ് നാരായണൻ തൻ്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

എന്നാൽ താൻ പറയുന്നതാണ് സംഘടനയുടെ ഔദ്യോഗിക നിലപാടെന്നും മാറ്റാരെങ്കിലും പറയുന്നതല്ല സംഘടനയുടെ നിലപാടെന്നും സച്ചിൻ ദേവ് വ്യക്തമാക്കി. ഇക്കാര്യത്തിൽ ഭിന്നാഭിപ്രായം പ്രകടിപ്പിച്ച യൂനിവേഴ്സിറ്റി യൂനിയൻ ചെയർമാൻ എം കെ ഹസ്സൻ്റെ പ്രതികരണം പരിശോധിക്കുമെന്നും സച്ചിൻ ദേവ് അറിയിച്ചു.

ഹിന്ദുത്വ വർഗ്ഗീയവാദത്തിന്റെ മുഖങ്ങളായ സവർക്കർ, ഗോൾവാക്കർ, ദീൻ ദയാൽ ഉപാധ്യായ, ബാൽരാജ് മധോക് ഉൾപ്പടെയുള്ളവരുടെ പുസ്തകങ്ങൾ സിലബസിൽ നിന്നും കണ്ണൂർ സർവകലാശാല പിൻവലിക്കണമെന്ന് എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. ഇന്ത്യൻ സ്വാതന്ത്ര സമരത്തെ ഒറ്റ് കൊടുത്ത് ബ്രിട്ടിഷ് സാമ്രാജ്യത്വത്തിന് മാപ്പപേക്ഷ എഴുതി നൽകിയ വി ഡി സവർക്കറുടെയും, ദീൻ ദയാൽ ഉപാധ്യായ, ബാൽരാജ് മധോക് ഉൾപ്പടെ ഉള്ളവരുടെ പുസ്തകങ്ങൾ സിലബസിൽ ഉൾപ്പെടുത്തിയ നടപടി അംഗീകരിക്കാനാവില്ലെന്നും പ്രസ്താവനയിൽ പറയുന്നു.

Next Story

RELATED STORIES

Share it