Sub Lead

ഡല്‍ഹിയിലെ മുസ്‌ലിംകള്‍ക്കെതിരായ അതിക്രമം: ആറു തവണ ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കിയിട്ടും പോലിസ് നടപടി സ്വീകരിച്ചില്ല

ഞായറാഴ്ചയാണ് പോലിസിന് മുന്നറിയിപ്പുകള്‍ ലഭിച്ചത്. എന്നാല്‍, ആവശ്യമായ മുന്‍കരുതല്‍ എടുക്കാതെ പോലിസ് കയ്യും കെട്ടി നോക്കിനില്‍ക്കുകയായിരുന്നുവെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഡല്‍ഹിയിലെ മുസ്‌ലിംകള്‍ക്കെതിരായ അതിക്രമം: ആറു തവണ ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കിയിട്ടും പോലിസ് നടപടി സ്വീകരിച്ചില്ല
X

ന്യൂഡല്‍ഹി: സമരക്കാരെ അടിച്ചൊതുക്കാന്‍ വടക്ക്കിഴക്കന്‍ ഡല്‍ഹിയില്‍ ഞായറാഴ്ച ഒത്തുകൂടാന്‍ ആഹ്വാനം ചെയ്തുള്ള ബിജെപി നേതാവ് കപില്‍ മിശ്രയുടെ പ്രസ്താവനക്ക് പിന്നാലെ ഇന്റലിജന്‍സ് വിഭാഗം ഡല്‍ഹി പോലിസിന് ആറ് തവണ മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നതായി റിപോര്‍ട്ട്. ഞായറാഴ്ചയാണ് പോലിസിന് മുന്നറിയിപ്പുകള്‍ ലഭിച്ചത്. എന്നാല്‍, ആവശ്യമായ മുന്‍കരുതല്‍ എടുക്കാതെ പോലിസ് കയ്യും കെട്ടി നോക്കിനില്‍ക്കുകയായിരുന്നുവെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഞായറാഴ്ച ഉച്ചയോടെ ആരംഭിച്ച സംഘര്‍ഷം പിന്നീട് വംശഹത്യാ സ്വഭാവമുള്ള വന്‍ അക്രമത്തിലേക്ക് വഴിമാറുകയായിരുന്നു. സ്‌പെഷ്യല്‍ ബ്രാഞ്ചും രഹസ്യാന്വേഷണ വിഭാഗവും വയര്‍ലെസ് സന്ദേശങ്ങളിലൂടെ നിരവധി മുന്നറിയിപ്പുകളാണ് വടക്ക് കിഴക്കന്‍ ജില്ലയിലെ പോലിസ് വൃത്തങ്ങള്‍ക്ക് കൈമാറിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.പൗരത്വ നിയമ ഭേദഗതിയെ പിന്തുണക്കുന്നതിന് വേണ്ടി മജ്പുര്‍ ചൗകില്‍ മൂന്ന് മണിക്ക് ആളുകളോട് ഒത്തുചേരാന്‍ ആഹ്വാനം ചെയ്തുകൊണ്ട് കപില്‍ മിശ്ര ട്വീറ്റ് ചെയ്ത ഉടനെയാണ് ആദ്യ മുന്നറിയിപ്പ് കൈമാറിയത്.

പൗരത്വ നിയമത്തെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും ഏറ്റുമുട്ടലിന് സാധ്യതയുണ്ടെന്നും ജാഗ്രത പുലര്‍ത്തണമെന്നും പോലിസ് സ്‌റ്റേഷനുകളിലേക്ക് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കുകയുണ്ടായി. ഇതിന് ശേഷം കല്ലേറുണ്ടാകുകയും പിന്നീട് തുടര്‍ച്ചയായി പോലിസിന് മുന്നറിയിപ്പ് ലഭിച്ചിരിന്നുവെന്നുമാണ് റിപ്പോര്‍ട്ട്.

അതേ സമയം ഈ മുന്നറിയിപ്പുകള്‍ അവഗണിച്ചെന്ന റിപ്പോര്‍ട്ടുകള്‍ ഡല്‍ഹി പോലിസ് തള്ളി. മുന്നറിയിപ്പുകള്‍ ലഭിച്ച ശേഷം സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചിരുന്നുവെന്നാണ് പോലിസ് വൃത്തങ്ങള്‍ അവകാശപ്പെടുന്നത്. പോലിസ് പലയിടങ്ങളിലും അക്രമികള്‍ക്ക് സഹായം ചെയ്യുന്നതും ഒരു വിഭാഗത്തെ തിരഞ്ഞുപിടിച്ച് അക്രമിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്ന നിരവധി വീഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും പുറത്തുവന്നിരുന്നു.

Next Story

RELATED STORIES

Share it