Sub Lead

ഡല്‍ഹി കലാപം: പരീക്ഷയെഴുതാന്‍ ജാമിഅ വിദ്യാര്‍ഥിയെ ജയിലില്‍ നിന്ന് ഗസ്റ്റ് ഹൗസിലേക്ക് മാറ്റണമെന്ന് ഹൈക്കോടതി

ഡല്‍ഹി കലാപം: പരീക്ഷയെഴുതാന്‍ ജാമിഅ വിദ്യാര്‍ഥിയെ ജയിലില്‍ നിന്ന് ഗസ്റ്റ് ഹൗസിലേക്ക് മാറ്റണമെന്ന് ഹൈക്കോടതി
X

ന്യൂഡല്‍ഹി: വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന മുസ് ലിം വിരുദ്ധ കലാപക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് ജയിലില്‍ കഴിയുന്ന വിദ്യാര്‍ഥിയെ പരീക്ഷയെഴുതാനായി ജയിലില്‍ നിന്നു ഗസ്റ്റ് ഹൗസിലേക്കു മാറ്റാന്‍ ഹൈക്കോടതി ഉത്തരവ്. ജാമിഅ മില്ലിയ്യ ഇസ് ലാമിയ്യ സര്‍വകലാശാല വിദ്യാര്‍ഥി ആസിഫ് ഇക്ബാല്‍ തന്‍ഹയെയാണ് ഗസ്റ്റ് ഹൗസിലേക്ക് മാറ്റാന്‍ ഡല്‍ഹി ഹൈക്കോടതി ജയില്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയത്. പരീക്ഷകള്‍ വെള്ളിയാഴ്ച മുതല്‍ തുടങ്ങും. പരീക്ഷയ്ക്കും പഠനത്തിനും ആവശ്യമായ സൗകര്യങ്ങള്‍ ചെയ്തുകൊടുക്കണമെന്നും ജസ്റ്റിസ് മനോജ് കുമാര്‍ ഒഹ്രി ജയില്‍ സൂപ്രണ്ടിനോട് നിര്‍ദേശിച്ചു. ലജ്പത് നഗറിലെ ഒരു ഗസ്റ്റ് ഹൗസിലേക്ക് തന്‍ഹയെ കൊണ്ടുപോകാന്‍ പോലിസ് നിര്‍ദേശിച്ചതനുസരിച്ച് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ സമ്മതിച്ചു.

ഗസ്റ്റ്ഹൗസില്‍ നിന്ന് പ്രതികളെ ഡിസംബര്‍ 4, 5, 7 തിയ്യതികളില്‍ രാവിലെ 8:30ന് ജെഎംഐ സര്‍വകലാശാലയിലെ പരീക്ഷാകേന്ദ്രത്തിലേക്ക് കൊണ്ടുപോയി തിരിച്ചു കൊണ്ടുവരേണ്ടത് ജയില്‍ സൂപ്രണ്ടിന്റെ ഉത്തരവാദിത്തമാണെന്നും കോടതി ചൂണ്ടിക്കാട്ടി. മൂന്ന് പരീക്ഷകള്‍ കഴിഞ്ഞ ശേഷം അദ്ദേഹത്തെ വീണ്ടും ജയിലിലേക്ക് കൊണ്ടുവരും. ഗസ്റ്റ് ഹൗസില്‍ താമസിക്കുന്ന സമയത്ത് ദിവസം 10 മിനിറ്റ് അഭിഭാഷകനെ ഫോണ്‍ വിളിക്കാനും കോടതി തന്‍ഹയെ അനുവദിച്ചു. ബിഎ പേര്‍ഷ്യന്‍ (ഹോണ്‍സ്) ന്റെ കമ്പാര്‍ട്ട്‌മെന്റ്/സപ്ലിമെന്ററി പരീക്ഷകളില്‍ ഹാജരാകാന്‍ വിചാരണ കോടതി ഡിസംബര്‍ 4, 5, 7 തിയ്യതികളില്‍ മൂന്ന് ദിവസത്തെ കസ്റ്റഡി പരോള്‍ അനുവദിച്ചിരുന്നു.

എന്നാല്‍ തന്റെ ദിവസം മുഴുവന്‍ പാഴാകുമെന്നും അദ്ദേഹത്തിന് പഠിക്കാന്‍ കഴിയില്ലെന്നും ചൂണ്ടിക്കാട്ടി ഇടക്കാല ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജു ആസിഫ് ഇഖിബാല്‍ തന്‍ഹയ്ക്ക് ജാമ്യം നല്‍കരുതെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ കാവല്‍ നില്‍ക്കുന്ന നാല് സ്ഥലങ്ങള്‍ നിര്‍ദേശിക്കുകയുമായിരുന്നു. തുടര്‍ന്നാണ് ലജ്പത് നഗറിലെ ഗസ്റ്റ് ഹൗസ് സ്വീകരിച്ചത്.

പരീക്ഷ കഴിഞ്ഞയുടനെ കീഴടങ്ങാന്‍ പ്രതികള്‍ തയ്യാറാണെന്ന് തന്‍ഹയെ പ്രതിനിധീകരിച്ച് അഭിഭാഷകന്‍ സൗജന്യ ശങ്കരന്‍ പറഞ്ഞിരുന്നു. കലാപത്തിനു വേണ്ടി ഗൂഢാലോചനയുടെ ഭാഗമായെന്ന് ആരോപിച്ചാണ് ഇക്കഴിഞ്ഞ മെയ് 19ന് ആസിഫ് ഇക്ബാല്‍ തന്‍ഹയെ അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 24 ന് വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ പൗരത്വ (ഭേദഗതി) നിയമത്തിനെതിരേ സമാധനപരമായി പ്രതിഷേധിച്ചവര്‍ക്കു നേരെ ഹിന്ദുത്വര്‍ നടത്തിയ ആക്രമണമാണ് കലാപത്തിനു വഴിവച്ചത്.

Delhi Riots: High Court Asks Jail Officials To Shift Jamia Student To Guest House For Exams

Next Story

RELATED STORIES

Share it