Sub Lead

പിതാവിന്റെ കൊലയാളികളുടെ ജാമ്യം റദ്ദാക്കാന്‍ ആവശ്യപ്പെട്ട ദലിത് യുവാവിനെ തല്ലിക്കൊന്നു

2018 മാര്‍ച്ച് എട്ടിനാണ് രാജേഷിന്റെ പിതാവ് ജ്ഞാന്‍ജി സൊന്തരവയെ ഒരുകൂട്ടം ക്ഷത്രിയ സമുദായാംഗങ്ങള്‍ കൊലപ്പെടുത്തിയത്. മനേക്‌വാദ വില്ലേജിലെ വികസന പ്രവൃത്തികളിലെ അഴിമതി വിവരാവകാശ നിയമപ്രകാരം പുറത്തുവിടുകയും കുറ്റവാളികളെ കുറിച്ച് പുറംലോകത്തെ അറിയിക്കുകയും ചെയ്തതിനാണു കൊലപാതകം നടത്തിയത്.

പിതാവിന്റെ കൊലയാളികളുടെ ജാമ്യം റദ്ദാക്കാന്‍ ആവശ്യപ്പെട്ട ദലിത് യുവാവിനെ തല്ലിക്കൊന്നു
X

അഹമ്മദാബാദ്: ഗുജറാത്തില്‍ പിതാവിന്റെ കൊലയാളികളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച ദലിത് യുവാവിനെ തല്ലിക്കൊന്നു. ഒരു വര്‍ഷം മുമ്പ് കൊല്ലപ്പെട്ട ദലിത് ആക്റ്റിവിസ്റ്റും വിവരാവകാശ പ്രവര്‍ത്തകന്‍ ജ്ഞാന്‍ജി സൊന്തരവയുടെ മകന്‍ രാജേഷ് സൊന്തരവ(19)നെയാണ് ഉന്നത ജാതിയില്‍പെട്ടവര്‍ കൊലപ്പെടുത്തിയത്. ഇക്കഴിഞ്ഞ മെയ് 22നാണു രാജ്‌കോട്ട് ജില്ലയിലെ സവര്‍ണ ജാതിയില്‍പെട്ട ക്ഷത്രിയ വിഭാഗക്കാരുടെ മര്‍ദ്ദനമേറ്റ് യുവാവ് മരിച്ചതെന്ന് അന്വേഷണ സംഘം വെളിപ്പെടുത്തി. രാജേഷിനെ കൊലപ്പെടുത്തിയ കേസില്‍ കുറ്റാരോപിതരായ എട്ടില്‍ നാലുപ്രതികളെ ഗോണ്ടാല്‍ കോടതി റിമാന്റ് ചെയ്തു. പിതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ ജാമ്യം ലഭിച്ച്, ഉപാധികള്‍ ലംഘിച്ച് ഗ്രാമത്തില്‍ വിലസിനടക്കുന്നതിനെതിരേ രാജേഷ് കോടതിയെ സമീപിക്കുകയായിരുന്നു. ജാമ്യവ്യവസ്ഥയില്‍ ജില്ലയില്‍ പ്രവേശിക്കുന്നതിനു വിലക്കേര്‍പ്പെടുത്തിയിരുന്നെങ്കിലും പ്രതികള്‍ ഇത് ലംഘിച്ചതോടെയാണ് രാജേഷ് ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതെന്നു പേര് വെളിപ്പെടുത്താത്ത അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപോര്‍ട്ട് ചെയ്തു. ഇക്കഴിഞ്ഞ മെയ് 22നു രാജ്‌കോട്ട് സിറ്റിയില്‍ നിന്നു കോട്ഡ സന്‍ഗാനി താലൂക്കിലെ മനേക്‌വാദയിലെ വീട്ടിലേക്കു പോവുന്നതിനിടെയാണ് ഒരുസംഘം രാജേഷിന്റെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയത്. യുവാവിന്റെ സുഹൃത്ത് മിലന്‍ പാര്‍മര്‍ ഉള്‍പ്പെടെയുള്ള പിതാവിന്റെ ഘാതകരടങ്ങുന്ന സംഘം രാജേഷിനെ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നു.

2018 മാര്‍ച്ച് എട്ടിനാണ് രാജേഷിന്റെ പിതാവ് ജ്ഞാന്‍ജി സൊന്തരവയെ ഒരുകൂട്ടം ക്ഷത്രിയ സമുദായാംഗങ്ങള്‍ കൊലപ്പെടുത്തിയത്. മനേക്‌വാദ വില്ലേജിലെ വികസന പ്രവൃത്തികളിലെ അഴിമതി വിവരാവകാശ നിയമപ്രകാരം പുറത്തുവിടുകയും കുറ്റവാളികളെ കുറിച്ച് പുറംലോകത്തെ അറിയിക്കുകയും ചെയ്തതിനാണു കൊലപാതകം നടത്തിയത്. സംഭവത്തില്‍ മനേക്‌വാദ സ്വദേശികളായ മഹേന്ദ്രസിങ് ഭിഖുഭാ ജഡേജ, അജയ് സിങ്, ജിതേന്ദ്ര സിങ് ചന്ദുഭാ ജഡേജ, ജിതേന്ദ്ര സിങ് നിര്‍മല്‍ സിങ് ജഡേജ, നരേന്ദ്രസിങ് ജഡേജ, ജഗാഭായ് ഭര്‍വാദ് എന്നിവരെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ മഹേന്ദ്രസിങ് കോട്ഡ സന്‍ഗാനി താലൂക്ക് പഞ്ചായത്തിലെ വാര്‍ഡ് അംഗവും ഭിഖുഭാ ജഡേജ മനേക്‌വാദ വില്ലേജിലെ സര്‍പാഞ്ചുമാണ്. ഇവര്‍ക്ക് രാജ്‌കോട്ട് ജില്ലയില്‍ പ്രവേശിക്കരുതെന്ന വ്യവസ്ഥയോടെ ഗുജറാത്ത് ഹൈക്കോടതി ജാമ്യം നല്‍കി. എന്നാല്‍, ജിതേന്ദ്ര സിങ് ഗോണ്ടാല്‍ ടൗണില്‍ യാതൊരു നിയന്ത്രണവുമില്ലാതെ വിലസിനടക്കുന്നത് കണ്ട രാജേഷ് സൊന്തരവ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയായിരുന്നു. ഇതോടെ ദലിത് കുടുംബത്തോടുള്ള സവര്‍ണരുടെയും കുറ്റാരോപിതരുടെയും കുടുംബാംഗങ്ങളുടെ വൈരാഗ്യം വര്‍ധിച്ചതായി അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. പ്രതികളുടെ കുടുംബത്തില്‍ ഭൂരിപക്ഷം പേര്‍ക്കും ക്രിമിനല്‍ പശ്ചാത്തലമുണ്ട്. രാജേഷിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ സഹോദരന്‍ അജയിയുടെ പരാതിയില്‍ ഹര്‍ദീപ് സിങ് നരേന്ദ്രസിങ് ജഡേജ, മഹേന്ദ്രസിങ്, മകന്‍ ദിവ്യരാജ് സിങ് അലിയാസ് കുമാര്‍, യശ്പാല്‍ സിങ് അലിയാസ് അക്രുമ്പ അജിത് സിങ് ജഡേജ, സഹോദരന്‍ ദീപേന്ദ്രസിങ്, ധ്രുവ് രാജ് സിങ് അലിയാസ് ധാനൂബ അജയ്‌സിങ് ജഡേജ, അജയ് സിങ്, ഹര്‍ദീപ് സിങ് ബഹാദൂര്‍ സിങ് എന്നിവര്‍ക്കെതിരേയാണ് പോലിസ് കേസെടുത്തത്. ഇതില്‍ ഹര്‍ദീപ് സിങ്, ദിവ്യരാജ് സിങ്, യശ്പാല്‍സിങ്, ധ്രുവ് രാജ് സിങ് എന്നിവരെ മെയ് 27നും മഹേന്ദ്രസിങ്, അജയ് സിങ്, ദീപേന്ദ്രസിങ്, ഹര്‍ദിപ് സിങ് എന്നിവരെ 29നും അറസ്റ്റ് ചെയ്തു. ഇതില്‍ ദിവ്യരാജ് സിങിന്റെയും മഹേന്ദ്രസിങിന്റെയും അച്ഛന്‍മാര്‍ രാഹുലിന്റെ പിതാവിനെ കൊലപ്പെടുത്തിയ കേസിലും പ്രതിയാണെന്നു പോലിസ് പറഞ്ഞു.

അജയ് സിങിനെതിരേ സാമുഹിക വിരുദ്ധ പ്രവര്‍ത്തനം തടയല്‍ വിരുദ്ധ നിയമപ്രകാരം നടപടിയെടുത്തതായി പോലിസ് അറിയിച്ചു. ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടതോടെ ഹരജി പിന്‍വലിക്കാന്‍ രാജേഷിനു മേല്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നെങ്കിലും വിജയിച്ചിരുന്നില്ല. മാത്രമല്ല, ആറോളം പരാതികളും പ്രതികള്‍ക്കെതിരേ കുടുംബം നല്‍കിയിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സിഐഡി(ക്രൈം) വിഭാഗത്തിന്റെ നിഗമനം. അജയ് സിങ് പ്ലാസ്റ്റിക് ഫൈബര്‍ ഹാന്‍ഡില്‍ കൊണ്ടും മറ്റും ആക്രമിച്ചെന്നാണ് പോലിസ് കണ്ടെത്തല്‍. ഇത്തരത്തിലുള്ള അഞ്ചു പ്ലാസ്റ്റിക് ഫൈബര്‍ ഹാന്‍ഡില്‍ പ്രതികളില്‍ നിന്നു കണ്ടെടുത്തിട്ടുണ്ട്. എട്ടു മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു. പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട് പ്രകാരം, പ്രതികളെല്ലാം യുവാവിന്റെ കാലിനു താഴെയാണ് ആക്രമിച്ചത്. ഇത് മനപൂര്‍വമാണെന്നാണ് പോലിസ് കരുതുന്നത്. എന്നാല്‍ അന്തിമ റിപോര്‍ട്ട് ലഭിച്ച ശേഷമേ ആന്തരിക മുറിവുകള്‍ സംബന്ധിച്ച് വിശദവിവരം ലഭിക്കുകയുള്ളൂവെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു. പ്രതികളെ തിങ്കളാഴ്ച ഗോണ്ട-ഒന്ന് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.




Next Story

RELATED STORIES

Share it