Sub Lead

ബ്രിട്ടീഷ് പൗരന് കോവിഡ് സ്ഥിരീകരിച്ചു; സംഭവിച്ചത് ഗുരുതര വീഴ്ച

ബ്രിട്ടീഷ് പൗരന് കോവിഡ് സ്ഥിരീകരിച്ചു; സംഭവിച്ചത് ഗുരുതര വീഴ്ച
X

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സുരക്ഷാപരിശോധന മറികടന്ന് ദുബയ് വിമാനത്തില്‍ കയറിയ ബ്രിട്ടീഷ് വിനോദസഞ്ചാരിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇന്നലെ വൈകീട്ടാണ് ഇദ്ദേഹത്തിനു കൊവിഡ് സ്ഥിരീകരിച്ചതെന്നും തുടര്‍ന്ന് മൂന്നാറിലെ റിസോര്‍ട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് അവിടെനിന്നു കടന്നുകളഞ്ഞതായി മനസ്സിലായതെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. എല്ലാ റിസോര്‍ട്ട് ഉടമകളും ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കണം. ഞങ്ങളാരും പറയാതെ ഒരാളെയും റിസോര്‍ട്ടില്‍ നിന്ന് പുറത്തുവിടരുത്. ആരും ഭയപ്പെടേണ്ടതില്ല. പരിശോധനാഫലം വരുന്നതിനു തൊട്ടുമുമ്പാണ് ഇയാള്‍ സ്ഥലംവിട്ടത്. ഫലം വരുന്ന സമയത്തെ കുറിച്ച് അറിയാമായിരുന്നുവെന്നാണ് മനസ്സിലാവുന്നതെന്നും മന്ത്രി പറഞ്ഞു. സംഭവത്തില്‍ ഗുരുതര വിഴ്ചയാണു സംഭവിച്ചതെന്നാണ് വിലയിരുത്തല്‍. ഇക്കാര്യത്തില്‍ വീഴ്ച സംഭവിച്ചതായി മന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു. ഗുരുതര വീഴ്ചയുണ്ടായെന്നതിന്റെ അടിസ്ഥാനത്തില്‍ നടപടിക്കു സാധ്യതയുണ്ട്. മൂന്നാറില്‍നിന്ന് ഇദ്ദേഹം കൊച്ചിയിലെത്തിയത് അനുമതിയില്ലാതെയാണെന്നും വ്യക്തമായിട്ടുണ്ട്.

അതിനിടെ, ബ്രിട്ടീഷ് പൗരന്‍ താമസിച്ച മൂന്നാറിലെ കെടിഡിസിയുടെ ഉടമസ്ഥതയിലുള്ള ടീ കൗണ്ടി റിസോര്‍ട്ട് അടച്ചു. ഇടുക്കിയില്‍ സ്ഥിതി ഗുരുതരമാണെന്ന് മൂന്നാറില്‍ മന്ത്രി എംഎം മണിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. പ്രതിരോധ ഭാഗമായി സാമൂഹിക-രാഷ്ട്രീയ-ഉദ്യോഗസ്ഥരുടെ സ്‌ക്വാഡുകള്‍ രൂപീകരിക്കും. ജീപ്പ് സവാരികള്‍ ഒഴിവാക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ കേരളത്തിലുള്ള എല്ലാ വിനോദ സഞ്ചാരികള്‍ക്കും സംരക്ഷണം നല്‍കും. ഹോം സ്‌റ്റേകളിലും റിസോര്‍ട്ടുകളിലും നിരീക്ഷണത്തില്‍ കഴിയുന്ന വിദേശികള്‍ പുറത്തിറങ്ങരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

നേരത്തേ, ബ്രിട്ടീഷ് പൗരന്‍ കയറിയ ദുബയ് എമിറേറ്റ്‌സ് വിമാനത്തിലെ 270 പേരെയും പുറത്തിറക്കിയിരുന്നു. എല്ലാവരെയും ആശുപത്രിയിലെത്തിച്ച് പരിശോധിക്കാനും വിമാനത്താവളം താല്‍ക്കാലികമായി അടച്ചിട്ട് അണുവിമുക്തമാക്കാനും തീരുമാനമുണ്ട്. മൂന്നാറിലെ കെടിഡിസിയുടെ ഹോട്ടലില്‍ കഴിഞ്ഞിരുന്ന ബ്രിട്ടീഷ് പൗരന്‍ നിരീക്ഷണത്തിലായിരിക്കെയാണ് അധികൃതരുടെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടത്. മൂന്നാറില്‍ അവധി ആഘോഷത്തിനെത്തിയ 19 അംഗ സംഘത്തിലുള്‍പ്പെട്ട ഇദ്ദേഹത്തെ രോഗലക്ഷണങ്ങളെ തുടര്‍ന്നാണ് നിരീക്ഷണം ഏര്‍പ്പെടുത്തിയത്. ഇന്ന് രാവിലെ കൊച്ചിയില്‍നിന്നു ദുബയിലേക്കുള്ള വിമാനം കയറാനായി ഇയാള്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയപ്പോഴാണ് കണ്ടെത്തിയത്.


Next Story

RELATED STORIES

Share it