Sub Lead

മോദിയേക്കാള്‍ സ്വീകാര്യത രാഹുലിനൊപ്പമുള്ള ചിത്രത്തിന്; 'രാജാവിന്റെ' സമ്മര്‍ദം മൂലം സച്ചിന്‍ പോസ്റ്റ് ഡിലീറ്റാക്കിയെന്ന് കോണ്‍ഗ്രസ്

മോദിയേക്കാള്‍ സ്വീകാര്യത രാഹുലിനൊപ്പമുള്ള ചിത്രത്തിന്; രാജാവിന്റെ സമ്മര്‍ദം മൂലം സച്ചിന്‍ പോസ്റ്റ് ഡിലീറ്റാക്കിയെന്ന് കോണ്‍ഗ്രസ്
X

തിരുവനന്തപുരം: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ രാഷ്ട്രീയ സമ്മര്‍ദത്തെ തുടര്‍ന്ന് രാഹുല്‍ ഗാന്ധിക്കൊപ്പമുള്ള ചിത്രം ഡിലീറ്റ് ചെയ്തെന്ന ആരോപണവുമായി കോണ്‍ഗ്രസ്. കേരളത്തിലെ കോണ്‍ഗ്രസ് ഘടകമാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. മകന്റെ വിവാഹവുമായി ബന്ധപ്പെട്ട് പ്രമുഖ ദേശീയ നേതാക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ സച്ചിന്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതില്‍ രാഹുല്‍ ഗാന്ധിക്കൊപ്പമുള്ള ചിത്രത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമുള്ള ചിത്രത്തേക്കാള്‍ ഇരട്ടി ലൈക്കുകളും കമന്റുകളും ലഭിച്ചിരുന്നു. ഇതിന് പിന്നാലെ സച്ചിന് മേല്‍ സമ്മര്‍ദമുണ്ടായെന്നും അദ്ദേഹം പോസ്റ്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു എന്നുമാണ് കോണ്‍ഗ്രസ് എക്സ് പേജിലൂടെ ആരോപിച്ചിരിക്കുന്നത്.

ഇക്കഴിഞ്ഞ ചൊവ്വാഴ്ച ടെണ്ടുല്‍ക്കര്‍ കുടുംബസമേതം ന്യൂഡല്‍ഹിയിലെത്തി പ്രമുഖ രാഷ്ട്രീയ നേതാക്കളെ മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കറിന്റെ വിവാഹത്തിന് ക്ഷണിച്ചിരുന്നു. ഇതിന്റെ ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചു. അന്നേ ദിവസം വൈകിട്ട് 7.13നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമുള്ള ചിത്രം സച്ചിന്‍ പങ്കുവെച്ചത്. പിന്നാലെ 8.18ന് കേന്ദ്ര അഭ്യന്തരമന്ത്രി അമിത് ഷായ്ക്കൊപ്പമുള്ള ചിത്രവും പങ്കുവെച്ചു. 8.48ന് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനുമൊപ്പമുള്ള ചിത്രമാണ് പങ്കുവെച്ചത്. ഇതിന് പിന്നാലെ 9.22നാണ് രാഹുല്‍ ഗാന്ധിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചത്. രാഹുല്‍ ഗാന്ധിക്കൊപ്പമുള്ള സച്ചിന്റെ ചിത്രത്തിന് അസാധാരണമായ സ്വീകരണമാണ് ലഭിച്ചതെന്ന് കോണ്‍ഗ്രസ് അവകാശപ്പെടുന്നു. രണ്ട് മണിക്കൂറിനുള്ളില്‍ 627k വ്യൂസാണ് ഈ പോസ്റ്റിന് ലഭിച്ചതെന്നും പറയുന്നുണ്ട്. എന്നാല്‍ ഈ കുതിച്ചുചാട്ടം 'രാജാവിന്' അത്ര രസിച്ചില്ലെന്നും കോണ്‍ഗ്രസ് പോസ്റ്റില്‍ പറഞ്ഞു.

ടെണ്ടുല്‍ക്കറിന് മേല്‍ സമ്മര്‍ദം ശക്തമായതിനെ തുടര്‍ന്ന് അദ്ദേഹം ഈ പോസ്റ്റ് നീക്കം ചെയ്‌തെന്നും കോണ്‍ഗ്രസ് ആരോപിച്ചു. യൂസര്‍മാര്‍ ആക്ടീവ് അല്ലാത്ത സമയം ഇത് റീപോസ്റ്റ് ചെയ്യാനാണ് അദ്ദേഹത്തോട് ആവശ്യപ്പെട്ടതെന്നും പോസ്റ്റില്‍ പറയുന്നു. ഭൂരിഭാഗം പേരും ഉറങ്ങുന്ന സമയം ഈ പോസ്റ്റിന് വലിയ ട്രാക്ഷന്‍ ലഭിക്കില്ലെന്ന് കരുതി 'രാജാവിന്റെ' ആളുകളുടെ നിര്‍ബന്ധം മൂലം ഇതേ പോസ്റ്റ് പിറ്റേദിവസം 12.19ന് അദ്ദേഹം റീപോസ്റ്റ് ചെയ്തുവെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി.

Next Story

RELATED STORIES

Share it