Sub Lead

കെ വി തോമസിന്റെ തീരുമാനം സ്വാഗതാർഹം: എം വി ജയരാജൻ

സെമിനാറിൽ പങ്കെടുക്കുന്നതിന്റെ പേരിൽ പുറത്താക്കുമെന്ന് പറയുന്നത് ദൗർഭാഗ്യകരമാണെന്നും അത്രത്തോളം ഗതികെട്ട പാർട്ടിയായി കോൺഗ്രസ് മാറുകയാണെന്നും അദ്ദേഹം പറഞ്ഞു.

കെ വി തോമസിന്റെ തീരുമാനം സ്വാഗതാർഹം: എം വി ജയരാജൻ
X

കണ്ണൂർ: ഇരുപത്തിമൂന്നാമത് സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കാനുള്ള കെ വി തോമസിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. സെമിനാറിൽ പങ്കെടുക്കുന്നതിന്റെ പേരിൽ പുറത്താക്കുമെന്ന് പറയുന്നത് ദൗർഭാഗ്യകരമാണെന്നും അത്രത്തോളം ഗതികെട്ട പാർട്ടിയായി കോൺഗ്രസ് മാറുകയാണെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് നേതാവ് ആയതിനാലാണ് തോമസിനെയും തരൂരിനെയും ഒക്കെ പാർട്ടി കോൺഗ്രസിലെ സെമിനാറിലേക്ക് ക്ഷണിച്ചത്. അദ്ദേഹം ഒരിക്കലും വരില്ലെന്ന് പറഞ്ഞിട്ടില്ല. അതാണ് വരുമെന്ന് ആത്മവിശ്വസം പ്രകടിപ്പിച്ചതെന്നും ജയരാജൻ വ്യക്തമാക്കി.

ബിജെപി നയങ്ങള്‍ക്കെതിരായി സെമിനാര്‍ സംഘടിപ്പിക്കുമ്പോള്‍ അതില്‍ കോണ്‍ഗ്രസ് നേതാക്കളെ ക്ഷണിക്കുന്നതില്‍ എന്താണ് തെറ്റെന്നും ജയരാജന്‍ ചോദിച്ചു. കോണ്‍ഗ്രസിലെ പ്രമുഖനായ നേതാവിനെ പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തുന്നത് കോൺഗ്രസിന്റെ തിരുമണ്ടന്‍ തീരുമാനമാണെന്നും ജയരാജന്‍ പറഞ്ഞു.

അതേസമയം, കെ വി തോമസ് സെമിനാറിൽ പങ്കെടുത്താൽ നടപടിയ്ക്ക് ശുപാർശ ചെയ്യുമെന്നായിരുന്നു കെ സുധകാരന്റെ ആദ്യ പ്രതികരണം. അച്ചടക്കം എല്ലാവർക്കും ബാധകമാണെന്നും തോമസ് പോയാൽ അത് കോൺഗ്രസിന് നഷ്ടമാണെന്നും സുധാകരൻ പറഞ്ഞു.

അതിനിടെ, കെ.വി തോമസിനെതിരേ രൂക്ഷവിമർശനവുമായി രാജ് മോഹൻ ഉണ്ണിത്താൻ രംഗത്തെത്തി. കോൺഗ്രസിൽ നിന്ന് എല്ലാ പദവികളും ലഭിച്ച കെ.വി തോമസ് ഇപ്പോൾ ചെയ്യുന്നത് നന്ദികേടാണെന്ന് ഉണ്ണിത്താൻ പറഞ്ഞു. എന്താണ് അദ്ദേഹം ഇനി ആഗ്രഹിക്കുന്നതെന്നും കഴിഞ്ഞ കുറച്ചു കാലമായി കെ വി തോമസിന്റെ ശരീരം കോൺഗ്രസിലും മനസ് സിപിഎമ്മിലുമാണെന്ന് രാജ് മോഹൻ ഉണ്ണിത്താൻ പറഞ്ഞു.

ചെറിയാൻ ഫിലിപ്പും കെ വി തോമസിന്റെ തീരുമാനത്തെ വിമർശിച്ച് രംഗത്തെത്തി. തീരുമാനം രാഷ്ട്രീയ ആത്മഹത്യയാണെന്നും. അന്ത്യവിശ്രമത്തിന് തെമ്മാടിക്കുഴിയിൽ പോലും സ്ഥാനം ലഭിക്കില്ലെന്നും ചെറിയാൻ ഫിലിപ് ഫേസ്ബുക്കിൽ കുറിച്ചു.

Next Story

RELATED STORIES

Share it