Latest News

നടി ആക്രമിക്കപ്പെട്ട കേസ്(2017-2025)

നടി ആക്രമിക്കപ്പെട്ട കേസ്(2017-2025)
X

കൊച്ചി: 2017 ഫെബ്രുവരി 17ന് എറണാകുളത്തിനടുത്ത് സഞ്ചരിച്ചുകൊണ്ടിരുന്ന കാറില്‍ മലയാള സിനിമയിലെ നടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു. പ്രധാന പ്രതി പള്‍സര്‍ സുനി(സുനില്‍കുമാര്‍ എന്‍ എസ്) ഉള്‍പ്പെടെ ഏഴുപേര്‍ നേരിട്ട് പീഡനത്തില്‍ പങ്കാളികളായിരുന്നു. നടന്‍ ദിലീപ് എട്ടാം പ്രതിയായി പിന്നീട് ചേര്‍ക്കപ്പെട്ടു. നടിയുമായുള്ള വ്യക്തിവൈരാഗ്യം മൂലം ഗൂഢാലോചന നടത്തിയെന്നാണ് കുറ്റം.

കേസ് കേരള പോലിസിന്റെ ക്രൈംബ്രാഞ്ചാണ് അന്വേഷിച്ചത്. 261 സാക്ഷികള്‍, 142 തൊണ്ടിമുതലുകള്‍, നിരവധി ഹരജികള്‍, സുപ്രിംകോടതി ഇടപെടലുകള്‍ എന്നിവയുള്ള ഈ കേസ് കേരളത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ വിചാരണകളിലൊന്നാണ്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം വര്‍ഗീസാണ് പ്രഖ്യാപിച്ചത്.

വിശദമായ ടൈംലൈന്‍

2017 ഫെബ്രുവരി 17ന് നടിക്ക് നേരെയുള്ള ആക്രമണം

തൃശൂരില്‍ നിന്ന് എറണാകുളത്തേക്ക് പോകുന്ന വഴി കാര്‍ തടഞ്ഞ് നടിയെ തട്ടിക്കൊണ്ടുപോയി രണ്ടു മണിക്കൂറോളം പീഡിപ്പിച്ചു. ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി. അതേ ദിവസം തന്നെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

പള്‍സര്‍ സുനിയുടെ നേതൃത്വത്തില്‍ മണികണ്ഠന്‍, വി പി വിജീഷ്, വടിവാള്‍ സലീം, പ്രദീപ് എന്നിവരായിരുന്നു അങ്കമാലിയിലെ സ്വകാര്യ കണ്‍വെന്‍ഷന്‍ സെന്ററിനു സമീപം മാര്‍ട്ടിന്‍ ആന്റണിയുടെ സിഗ്‌നല്‍ കാത്തുനിന്നത്. ഒന്‍പതു മണിയോടെ നടി കടന്നുപോയെന്ന് സിഗ്‌നല്‍ ലഭിച്ചതോടെ പള്‍സര്‍ സുനിയും സംഘവും ടെമ്പോ ട്രാവലറില്‍ നടിയെ പിന്തുടര്‍ന്നു. അത്താണിക്കലിനു സമീപം ടെമ്പോ ട്രാവലര്‍ നടിയുടെ വാഹനവുമായി കൂട്ടിയിടിച്ചു. ക്ഷമ പറയാനിറങ്ങിയ മണിയോട് മാഡത്തോട് പറയാന്‍ മാര്‍ട്ടിന്‍ ആന്റണി പറഞ്ഞു. പൊടുന്നനെ നടിയിരുന്ന സീറ്റിലേക്ക് ചാടിക്കയറിയ വിജീഷ് മണികണ്ഠനോട് കയറാന്‍ പറഞ്ഞു. നടന്നത് എന്താണെന്ന് മനസ്സിലാകും മുന്‍പേ നടിയുമായി വാഹനം മുന്നോട്ടു കുതിച്ചു.

മുഖംമൂടി ധരിച്ചാണ് സുനി കാറില്‍ കയറിയതെങ്കിലും ഒരു മാസം മുന്‍പ് തന്റെ െ്രെഡവറായിരുന്നു സുനിയെ നടി തിരിച്ചറിഞ്ഞു. കൊട്ടേഷനാണെന്നും നടിയുടെ നഗ്‌നശരീരത്തോടൊപ്പം വിവാഹനിശ്ചയമോതിരം ചേര്‍ത്തുവച്ച പടമാണ് ക്വട്ടേഷന്‍ നല്‍കിയ ആള്‍ക്ക് ആവശ്യമെന്നും പള്‍സര്‍ സുനി തുറന്നു പറഞ്ഞു. വീട്ടില്‍ ചെന്നശേഷം ചിത്രം അയക്കാമെന്ന് നടി രക്ഷപ്പെടാനായി പറഞ്ഞു നോക്കിയെങ്കിലും നിങ്ങള്‍ അത്ര കഷ്ടപ്പെടേണ്ട എന്നായിരുന്നു സുനിയുടെ മറുപടി.

തിരക്കേറിയ കൊച്ചി നഗരത്തിലൂടെ രണ്ടു മണിക്കൂര്‍ നടിയുമായി വാഹനം മുന്നോട്ടുപോയി ഈ സമയം നടി ക്രൂരമായ ലൈംഗിക അതിക്രമത്തിന് ഇരയായി. ദൃശ്യങ്ങള്‍ എട്ടു ക്ലിപ്പുകളായി സുനി പകര്‍ത്തി. ആക്രമണത്തിനുശേഷം നടന്‍ ലാലിന്റെ വീട്ടിലേക്ക് മാര്‍ട്ടിന്‍ ആന്റണി നടിയുമായി പോയി, പ്രതികള്‍ ടെമ്പോ ട്രാവലറില്‍ രക്ഷപ്പെട്ടു. ലാല്‍ വിളിച്ച് പോലിസെത്തി നടിയുടെ പ്രാഥമിക മൊഴി ശേഖരിച്ച് കേസെടുത്തു. തന്നെ ഭീഷണിപ്പെടുത്തി ചെയ്യിച്ചതാണെന്നും തനിക്ക് ഇതിനെക്കുറിച്ച് അറിവില്ലായിരുന്നുവെന്നും മാര്‍ട്ടിന്‍ ലാലിനോടും പിന്നീടു വന്ന എംഎല്‍എ പി ടി തോമസിനോടും പോലിസിനോടും പറഞ്ഞു. മാര്‍ട്ടിന്‍ ആന്റണിയുടെ മൊഴികളിലെ പൊരുത്തക്കേടുകള്‍ കണ്ടെത്തിയ പോലിസ് വൈകാതെ തന്നെ മാര്‍ട്ടിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

2017 ഫെബ്രുവരി 19: എടവൂര്‍ ബിജു, കെ സി വിഷ്ണു, ശരത് ചന്ദ്രന്‍ എന്നീ മൂന്നു പ്രതികളെ അറസ്റ്റ് ചെയ്തു.

2017 ഫെബ്രുവരി 22: ദിലീപ് മുഖ്യമന്ത്രി പിണറായി വിജയന് കത്തയക്കുന്നു. താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും മാധ്യമ കോലാഹങ്ങള്‍ മാനസിക സമ്മര്‍ദ്ദമുണ്ടാക്കുന്നവെന്നും കത്തില്‍ ദിലീപ് ആരോപിച്ചു.

2017 ഫെബ്രുവരി 22: ആക്രമണ ദൃശ്യങ്ങള്‍ ഉള്‍പ്പെട്ട മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ഒരു അഭിഭാഷകന്‍ ഹാജരാക്കി.

2017 ഫെബ്രുവരി 23: പള്‍സര്‍ സുനിയും വിജീഷും കോടതിയില്‍ കീഴടങ്ങി അറസ്റ്റിലായി.

2017 ഏപ്രില്‍ 18: പള്‍സര്‍ സുനി ഉള്‍പ്പെടെ ഏഴു പേരുടെ ആദ്യ ചാര്‍ജ് ഷീറ്റ് സമര്‍പ്പിച്ചു.

2017 ജൂണ്‍ 26: സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ദിലീപ് ആക്രമിക്കപ്പെട്ട നടിയെ കുറ്റപ്പെടുത്തി സംസാരിക്കുന്നു.

2017 ജൂലൈ 10: ദിലീപിനെ 13 മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷം എട്ടാം പ്രതിയായി അറസ്റ്റ് ചെയ്തു.

2017 ജൂലൈ 11: 85 ദിവസം ആലുവ സബ് ജയിലില്‍

2017 ഒക്ടോബര്‍ മൂന്ന്: ഹൈക്കോടതി ദിലീപിന് ജാമ്യം അനുവദിച്ചു.

2018 ജനുവരി: കേസ് എറണാകുളം സെഷന്‍സ് കോടതിയിലേക്കു മാറ്റി.

2018 ജനുവരി 20: നിരപരാധിത്വം തെളിയിക്കാന്‍ നടിയെ ആക്രമിക്കുന്നതിന്റെ വീഡിയോയുടെ കോപ്പി പരിശോധിക്കാന്‍ വേണമെന്ന് ദിലീപ് കോടതിയില്‍ അപേക്ഷ നല്‍കുന്നു(നിരസിക്കപ്പെടുന്നു).

2018 മാര്‍ച്ച് എട്ട്: ദിലീപ് ഉള്‍പ്പെടെ എല്ലാ പ്രതികള്‍ക്കുമെതിരേ കുറ്റം ചുമത്തി.

2019 നവംബര്‍: സര്‍ക്കാര്‍ ജസ്റ്റിസ് ഹേമ കമ്മിറ്റി രൂപീകരിച്ചു.

2020 ജനുവരി 30: വിചാരണ ആരംഭിച്ചു(ജഡ്ജി ഹണി എം വര്‍ഗീസ്).

കോവിഡ് മൂലം രണ്ടു വര്‍ഷത്തിലേറെ കേസ് നീണ്ടു.

2020 ഡിസംബര്‍ 15: സാക്ഷികളെ സ്വാധീനിച്ചെന്ന ആരോപണത്തില്‍ ജാമ്യം റദ്ദാക്കണമെന്ന സര്‍ക്കാര്‍ ഹരജി സുപ്രിംകോടതി തള്ളുന്നു.

2021 ഡിസംബര്‍ 25: ദിലീപ് ആക്രമണ ദൃശ്യങ്ങള്‍ കണ്ടുവെന്ന് പറയുന്ന ഓഡിയോ ക്ലിപ് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പുറത്തുവിട്ടു. അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്നും ആരോപണം. ദിലീപിനെതിരേ പുതിയ കേസ്.

2022 ജനുവരി ഒന്‍പത്: പുതിയ കേസില്‍ ദിലീപിന്റെ മൊബൈല്‍ ഫോണുകള്‍ പോലിസ് പിടിച്ചെടുക്കാന്‍ ശ്രമം; 33 മണിക്കൂറിലേറെ ചോദ്യം ചെയ്യല്‍. ദിലീപിനെതിരേ പുതിയ എഫ്‌ഐആര്‍(അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ കേസ്).

2022 ജനുവരി 10: നടി തന്റെ പേര് പരസ്യമാക്കി ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റിട്ടു. 200ലധികം സിനിമാപ്രവര്‍ത്തകര്‍ പിന്തുണച്ചു.

2022 ജൂണ്‍ 27: നടി ഫേസ്ബുക്കില്‍ വിശദമായി ആക്രമണവും ഭീഷണിയും വെളിപ്പെടുത്തി.

2023 ആഗസ്റ്റ് നാല്: സുപ്രിംകോടതി വിചാരണ പൂര്‍ത്തിയാക്കാന്‍ 2024 മാര്‍ച്ച് 31 വരെ സമയം നീട്ടിക്കൊടുത്തു.

2024 ആഗസ്റ്റ് 21: ഹേമ കമ്മിറ്റി റിപോര്‍ട്ട് പുറത്തുവന്നു.

2024 നവംബര്‍: പ്രധാന സാക്ഷി ബാലചന്ദ്രകുമാര്‍ അന്തരിച്ചു.

2024 നവംബര്‍: പള്‍സര്‍ സുനിക്ക് സുപ്രിംകോടതി ജാമ്യം അനുവദിച്ചു.

2025 നവംബര്‍ 25: സാക്ഷികളെ വിസ്തരിച്ച് വിചാരണ പൂര്‍ത്തിയായി. വിധി ഡിസംബര്‍ എട്ടിലേക്കു മാറ്റി.

2025 ഡിസംബര്‍ ആറ്: താന്‍ ഇരയാണെന്ന് പ്രചരിപ്പിക്കാന്‍ ദിലീപ് വാട്ട്‌സാപ് ഗ്രൂപ്പ് ഉണ്ടാക്കിയെന്ന് പ്രോസിക്യൂഷന്‍ ആരോപിക്കുന്നു.

2025 ഡിസംബര്‍ എട്ട്: എല്ലാ പ്രതികളും ഹാജരാകണം. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പറയുന്നു.

ഒന്നു മുതല്‍ ആറു വരേയുള്ള പ്രതികള്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി

ഒന്നാം പ്രതി പള്‍സര്‍ സുനി, രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി, മൂന്നാം പ്രതി മണികണ്ഠന്‍ ബി, നാലാം പ്രതി വിജീഷ് വി പി, അഞ്ചാം പ്രതി വടിവാള്‍ സലീം, ആറാം പ്രതി പ്രദീപ്.

ഏഴാം പ്രതി ചാര്‍ലി തോമസ്, എട്ടാം പ്രതി ദിലീപ്, ഒന്‍പതാം പ്രതി സനില്‍ കുമാര്‍, ശരത് എന്നിവരെ കോടതി വെറുതെ വിട്ടു.

നടിയെ ആക്രമിച്ച കേസും ദിലീപിനെതിരെ പോലിസ് കൊണ്ടുവന്ന ആരോപണങ്ങളും

നടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലെ മുഖ്യസൂത്രധാരനായിരുന്നു ദിലീപെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. നടിയെ അവരുടെ കാറില്‍ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കാനും വീഡിയോ പകര്‍ത്താനും പള്‍സര്‍ സുനി അടക്കമുള്ളവരെ ഒരു കോടി രൂപയ്ക്ക് 'ക്വോട്ടേഷന്‍' നല്‍കി ഏല്‍പ്പിച്ചുവെന്നായിരുന്നു ആരോപണം. ദിലീപിന് നടി കാവ്യ മാധവനുമായി അവിഹിത ബന്ധമുണ്ടെന്ന് യുവനടി ദിലീപിന്റെ ഭാര്യയായിരുന്ന മഞ്ചു വാര്യരോട് പറഞ്ഞു എന്നതായിരുന്നുവത്രെ പകയ്ക്ക് കാരണം. 2016ല്‍ ഇതേ കാര്യത്തില്‍ ദിലീപും മഞ്ചുവും തമ്മില്‍ വഴക്കുണ്ടായിരുന്നു. പള്‍സര്‍ സുനിയും സംഘവും പകര്‍ത്തിയ വീഡിയോ ദൃശ്യങ്ങള്‍ ദിലീപ് കണ്ടെന്നും മറ്റു ചിലരെ കാണിച്ചെന്നും ആരോപണം ഉയര്‍ന്നു. പിന്നീട് പള്‍സര്‍ സുനി ജയിലില്‍ നിന്ന് ദിലീപിന് അയച്ച കത്ത് കണ്ടെത്തിയെന്നും പോലിസ് അവകാശപ്പെട്ടു. ജോലി കഴിഞ്ഞെന്നും പണം തരണമെന്നും ഈ കത്തില്‍ പറയുന്നുണ്ടത്രെ. എന്നാല്‍, ദിലീപ് ഇവയെല്ലാം നിഷേധിച്ചു. 'പോലിസും ഒരു വിഭാഗം മാധ്യമങ്ങളും ചേര്‍ന്ന് എന്നെ കുടുക്കി' എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.

Next Story

RELATED STORIES

Share it