World

ഇറാനിലെ സ്‌കൂളില്‍ ബോംബിട്ടത് അന്വേഷിക്കണം: ഐക്യരാഷ്ട്രസഭ

ഇറാനിലെ സ്‌കൂളില്‍ ബോംബിട്ടത് അന്വേഷിക്കണം: ഐക്യരാഷ്ട്രസഭ
X

തെഹ്‌റാന്‍: ഇറാനില്‍ പെണ്‍കുട്ടികളുടെ സ്‌കൂളില്‍ മിസൈലാക്രമണം നടത്തിയതിനെക്കുറിച്ച് അന്വേഷണം വേണമെന്ന് യുഎന്‍ മനുഷ്യാവകാശ സംഘടന. യുഎസ്-ഇസ്രായേല്‍ സേനകള്‍ നടത്തിയ ആക്രമണത്തില്‍ 150 കുഞ്ഞുങ്ങള്‍ മരിച്ചെന്ന് യുഎന്നിലെ ഇറാന്‍ അംബാസഡര്‍ അലി ബഹ്‌റെയ്‌നി അറിയിച്ചിരുന്നു. ആക്രമണത്തിന്റെ സാഹചര്യങ്ങളെക്കുറിച്ച് കൃത്യവും നിഷ്പക്ഷവുമായ അന്വേഷണം വേണമെന്നാണ് യുഎന്‍ ഹ്യൂമന്‍ റൈറ്റ്‌സ് ഓഫിസ് ഹൈക്കമ്മിഷണര്‍ വോള്‍വര്‍ തുര്‍ക്ക് നിര്‍ദേശിച്ചത്.

സ്‌കൂളിനുനേരെയുണ്ടായ ആക്രമണം അത്യന്തം ഭീകരമാണെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് ഓഫിസ് വക്താവ് രവീണ ഷംദാസാനി പറഞ്ഞു. എത്രമാത്രം മനുഷ്യത്വരഹിതവും ക്രൂരവും ഹീനവുമായ പ്രവര്‍ത്തിയാണ് ആക്രമണം നടത്തിയവര്‍ ചെയ്തതെന്ന് പിന്നീട് പുറത്തുവന്ന ചിത്രങ്ങളും ദൃശ്യങ്ങളും വിളിച്ചുപറയുന്നുണ്ട്.

ഇതിനെ യുദ്ധ കുറ്റകൃത്യമായി പ്രഖ്യാപിക്കാന്‍ ആവശ്യമായ തെളിവുകള്‍ ശേഖരിച്ചിട്ടില്ലാത്തതുകൊണ്ടാണ് അന്വേഷണം ആവശ്യപെട്ടത്. യുദ്ധത്തിലേര്‍പ്പെട്ടിരിക്കുന്ന എല്ലാവരും ആക്രമണങ്ങള്‍ അവസാനിപ്പിച്ച് ചര്‍ച്ചയുടെ പാതയില്‍ തിരിച്ചെത്തണമെന്നും വോള്‍വര്‍ തുര്‍ക്ക് അഭ്യര്‍ഥിച്ചതായി ഷംദാസാനി പറഞ്ഞു.

ശനിയാഴ്ചയാണ് ഇറാനിലെ മിനാബില്‍ പെണ്‍കുട്ടികളുടെ സ്‌കൂളില്‍ മിസൈല്‍ പതിച്ചത്. ഇറാനെതിരെ ഇസ്രയേല്‍അമേരിക്ക സഖ്യം ആക്രമണം തുടങ്ങിയ ആദ്യദിവസമായിരുന്നു ഇത്. നടപടി ഒരുകാരണവശാലും നീതികരിക്കാനാവാത്തതും ക്രിമിനല്‍ കുറ്റകൃത്യവുമാണെന്ന് യുഎന്നിലെ ഇറാന്‍ അംബാസഡര്‍ മനുഷ്യാവകാശ സംഘടനയുടെ മേധാവിക്കയച്ച പരാതിയില്‍ പറഞ്ഞിരുന്നു.




Next Story

RELATED STORIES

Share it